കേരളകൗമുദി റിപ്പോർട്ടിൽ കൃഷിമന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: വയനാടിന്റെ പൈതൃക ജൈവ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമനെ കേരള കാർഷിക സർവകലാശാലയുടെ ഓണററി പ്രൊഫസറായി നിയമിച്ചു. പ്രൊഫസർ ഒഫ് പ്രാക്ടീസ് പദവിയിൽ ഒരു വർഷത്തേക്കാണ് നിയമനം. കാർഷിക സർവകലാശാല പ്രോ ചാൻസലർ കൂടിയായ കൃഷിമന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം വൈസ് ചാൻസലർ ഡോ. ബി.അശോക് ഇതുസംബന്ധിച്ച ഉത്തരവിറക്കി.
പ്രതിമാസം നൽകുന്ന ഓണറേറിയം സംബന്ധിച്ച് ചട്ടങ്ങൾക്ക് അനുസൃതമായി വൈസ് ചാൻസലർ തീരുമാനിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കർഷകനെ ഓണററി പ്രൊഫസർ ആയി നിയമിക്കുന്നത്. പദ്മശ്രീ ലഭിച്ച ചെറുവയൽ രാമന്റെ ജീവിത ദുരിതം വിശദമാക്കി കേരളകൗമുദി പ്രസിദ്ധീകരിച്ച 'പദ്മശ്രീ വയറു നിറയ്ക്കില്ല ' എന്ന റിപ്പോർട്ടിനെയും 'ചെറുവയൽ രാമനെ സർക്കാർ സംരക്ഷിക്കണം' എന്ന എഡിറ്റോറിയലിനെയും തുടർന്നാണ് നടപടി.
അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം, കാർഷിക സർവകലാശാലയുടെ മറ്റു കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാകും രാമന്റെ അദ്ധ്യാപന ജോലി. രാമന്റെ കൃഷിയിടം സന്ദർശിക്കുന്ന ഗവേഷകർക്കടക്കം രാമൻ തന്റെ അനുഭവജ്ഞാനം പങ്കുവയ്ക്കും.
'അതിയായ സന്തോഷം, കർഷകർക്ക് പ്രചോദനം"
പ്രദീപ് മാനന്തവാടി
കൽപ്പറ്റ: സർക്കാരിന്റെ പ്രത്യേകിച്ച് കൃഷിമന്ത്രി പി.പ്രസാദിന്റെ തീരുമാനത്തിൽ അതിയായ സന്തോഷമുണ്ടെന്ന് ചെറുവയൽ രാമൻ. എന്നെപ്പോലെയുള്ള കർഷകർക്ക് ഇത്തരം അംഗീകാരങ്ങൾ ഒരു പ്രചാേദനമാണ്. ഇതുപോലെ ഓരോ അംഗീകാരങ്ങൾ വരുമ്പോഴാണ് കൃഷികൊണ്ട് കാര്യമുണ്ടെന്ന തോന്നൽ ഉണ്ടാകുന്നത്. കൃഷിയാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന തിരിച്ചറിവ് കൈമോശം വരാൻ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളകൗമുദി വാർത്തയെ തുടർന്ന് അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം ഡീനും അസോസിയേറ്റ് ഡയറക്ടറുമായ ഡോ.യാമിനി വർമ്മയാണ് കാർഷിക സർവകലാശാലയുടെ ഓണററി പ്രൊഫസറായി നിയമിക്കാനുള്ള ശുപാർശ നൽകിയത്.
രാമന് എന്തൊക്കെ സഹായങ്ങൾ നൽകാനാകും എന്നതിനെക്കുറിച്ച് ട്രൈബൽ വകുപ്പും രണ്ടു ദിവസത്തിനകം പ്രൊപ്പോസൽ നൽകും. മന്ത്രി ഒ.ആർ.കേളു ഇതുസംബന്ധിച്ച് ശുപാർശ നൽകാൻ വകുപ്പിനോട് നിർദ്ദേശിച്ചിരുന്നു.
ചെറുവയൽ രാമന്റെ അനുഭവജ്ഞാനം കർഷകർക്കും വിദ്യാർത്ഥികൾക്കും ഗവേഷകർക്കും പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പദവി നൽകുന്നത്
-പി.പ്രസാദ്, കൃഷിമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |