കൊച്ചി: ഈഴവ സമുദായാംഗമായ കെ.എസ്. അനുരാഗിനെ ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ കഴകം തസ്തികയിൽ നിയമിച്ച് ഉത്തരവിറങ്ങി. കൂടൽമാണിക്യം ദേവസ്വത്തിന്റെ തീരുമാനം. അനുരാഗിന്റെ നിയമനം ചോദ്യംചെയ്ത് തന്ത്രിമാരും പാരമ്പര്യ കഴകക്കാരനായ തെക്കേവാര്യത്ത് ഹരികൃഷ്ണനും കുടുംബാംഗങ്ങളും സമർപ്പിച്ച ഹർജി വെള്ളിയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു.
അതേസമയം, യോഗത്തിൽ തന്ത്രി പ്രതിനിധി നെടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് പങ്കെടുത്തില്ല.
ഇന്നലെ രാവിലെ ചേർന്ന ഭരണസമിതി യോഗം ഐകകണ്ഠ്യേനയാണ് നിയമന ഉത്തരവിറക്കാൻ തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്റർ ജി.എസ്. രാധേഷ് ഒപ്പിട്ട ഉത്തരവ് ഇന്നലെത്തന്നെ തപാലിൽ അയച്ചു. യോഗത്തിൽ ദേവസ്വം ചെയർമാൻ അഡ്വ.സി.കെ. ഗോപി അദ്ധ്യക്ഷനായി. നിയമനം തടസപ്പെടുത്താൻ ഉയർത്തിയ വാദങ്ങൾ തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ലെന്നും ഹർജി തള്ളിയ സാഹചര്യത്തിൽ നിയമനത്തിന് തീരുമാനിക്കുകയായിരുന്നെന്നും ദേവസ്വം ചെയർമാൻ പറഞ്ഞു. ദേവസ്വം അംഗങ്ങളായ ഡോ. മുരളി ഹരിതം, രാഘവൻ മുളങ്ങാടൻ, അഡ്വ കെ.ജി. അജയകുമാർ, വി.സി. പ്രഭാകരൻ, കെ. ബിന്ദു എന്നിവരും പങ്കെടുത്തു.
ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഏപ്രിൽ 8ന് അനുരാഗിന് അഡ്വൈസ് മെമ്മോ അയച്ചെങ്കിലും തീർപ്പാകുംവരെ തത്‌സ്ഥിതി തുടരാൻ ഹൈക്കോടതി നിർദ്ദേശിച്ചതിനാലാണ് നിയമനം തടസപ്പെട്ടത്. ഈ തസ്തികയിൽ ആദ്യം നിയമിതനായ നെടുമങ്ങാട് സ്വദേശി ബി.എ. ബാലു ജാതിവിവേചനങ്ങളെ തുടർന്ന് രാജിവച്ചപ്പോഴാണ് അനുരാഗിന് നിയമനശുപാർശ നൽകിയത്.
അജൻഡ രേഖപ്പെടുത്താത്ത നോട്ടീസ് ലഭിച്ചത് വെള്ളിയാഴ്ച രാത്രിയാണ്. മറ്റ് തിരക്കുള്ളതിനാലാണ് പങ്കെടുക്കാതിരുന്നത്. തന്ത്രിമാർ കൂടിയാലോചിച്ച് നിലപാടെടുക്കും
- ഗോവിന്ദൻ നമ്പൂതിരിപ്പാട്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |