ഇസ്ലമാബാദ്: കാശ്മീർ വിഷയത്തിൽ പാകിസ്ഥാന്റെ നിലപാട് കടുപ്പിച്ച് ഇമ്രാൻ ഖാൻ. യുദ്ധത്തിലേക്ക് നീങ്ങിയാൽ ഇന്ത്യയെപ്പോലെ പാകിസ്ഥാനും ആണവായുധങ്ങൾ ഉണ്ടെന്ന കാര്യം മറക്കരുതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. കാശ്മീർ വിഷയം അടുത്തമാസം ചേരുന്ന യു.എൻ പൊതുസഭയിൽ ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി വ്യക്തമാക്കി. കശ്മീർ വിഷയത്തിൽ പാകിസ്ഥാനിലെ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമേരിക്കയുടെ പിന്തുണയുണ്ടെങ്കിലും ഇല്ലെങ്കിലും കശ്മീർ വിഷയത്തിൽ പാകിസ്ഥാൻ ഏതറ്റംവരെയും പോകും. കശ്മീർ വിഷയത്തിൽ ഇന്ത്യയുമായി സംസാരിക്കാൻ താന്‍ അധികാരമേറ്റെടുത്തതിനു ശേഷം നടത്തിയ ശ്രമങ്ങളെ എണ്ണിപ്പറഞ്ഞു കൊണ്ടാണ് പാക് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. എന്നാൽ പാകിസ്ഥാനെ കരിതേച്ചു കാണിക്കാന്‍ മാത്രമാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. 370ാം വകുപ്പ് റദ്ദാക്കിയതോടെ നരേന്ദ്രമോദി ചരിത്രപരമായ മണ്ടത്തരമാണ് കാണിച്ചതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.
കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിലൂടെ ഇന്ത്യ ഹിന്ദുക്കൾക്ക് മാത്രമുള്ളതാണെന്ന സന്ദേശമാണ് മോദി സർക്കാർ നൽകുന്നത്. ഗാന്ധിയുടെയും നെഹ്റുവിന്റെയും നിലപാടുകൾക്ക് ഇത് വിരുദ്ധമാണെന്നും ഇമ്രാൻ ഖാൻ കൂട്ടിച്ചേർത്തു. എന്നാൽ സ്വന്തം സാമ്പത്തിക താൽപര്യങ്ങൾ മുൻ നിർത്തി മുസ്ലിം രാജ്യങ്ങളിൽ പലതും ഈ വിഷയത്തിൽ പാകിസ്ഥാനെ പിന്തുണക്കുന്നില്ല.അന്താരാഷ്ട്ര സമൂഹം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടുന്നില്ലെങ്കിൽ മേഖലയിലാകെ വിനാശമുണ്ടാകുന്ന ആണവയുദ്ധത്തിലേക്കാണ് എത്തുകയെന്നും ഇമ്രാൻ ഖാൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |