SignIn
Kerala Kaumudi Online
Tuesday, 11 February 2025 12.06 AM IST

മാനവികതയുടെ മഹനീയദൗത്യം

Increase Font Size Decrease Font Size Print Page
ravi-pillaa

കേരളത്തിന്റെ മാനവിക മുഖമാണ് പദ്മശ്രീ ഡോ. ബി. രവിപിള്ള. കഠിനാദ്ധ്വാനത്തിന്റെയും ദീർഘവീക്ഷണത്തിന്റെയും അചഞ്ചലമായ സാമൂഹ്യ പ്രതിബദ്ധതയുടെയും സമാനതകളില്ലാത്ത നേർരൂപം. ഗൾഫ് രാജ്യങ്ങളിൽ ഡോ. ബി. രവിപിള്ള സുതാര്യവും സത്യസന്ധവുമായി ബിസിനസ് സാമ്രാജ്യം പടുത്തുയർത്തുമ്പോൾ അവിടങ്ങളിലെല്ലാം കേരളത്തിന്റെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. ബഹ്റൈന്റെ വികസനത്തിനും പുരോഗതിക്കും നിർണായക സംഭാവനകൾ നൽകിയ ആർ.പി ഗ്രൂപ്പ് ഉടമ ഡോ. ബി. രവിപിള്ളയ്ക്ക് അടുത്തിടെ നടന്ന ബഹ്റൈൻ ദേശീയദിനാഘോഷ ചടങ്ങിൽ ബഹ്റൈൻ സർക്കാരിന്റെ പരമോന്നത ബഹുമതിയായ ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സമ്മാനിച്ചിരുന്നു.

കഴിഞ്ഞ അഞ്ചര പതിറ്റാണ്ടിനിടയിൽ നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം, ഇന്ധന സംസ്കരണം, അടക്കമുള്ള ഒൻപത് വ്യവസായ മേഖലകളിലായി വമ്പൻ ബിസിനസ് സാമ്രാജ്യമാണ് ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി ഡോ. ബി. രവിപിള്ള പടുത്തുയർത്തിയത്. നിർമ്മിച്ച ആകാശത്തോളം ഉയരമുള്ള കെട്ടിടങ്ങൾക്കുമപ്പുറം സാമൂഹ്യ പ്രതിബദ്ധതയും നിസ്വരോട് പുലർത്തിയ അനുകമ്പയുമാണ് അദ്ദേഹത്തെ ലോകത്തിന്റെ ശ്രദ്ധയിലേക്കുയർത്തിയത്. തിളക്കമുള്ള ഓഫീസ് മുറികളിലായിരുന്നില്ല രവിപിള്ളയുടെ പ്രവാസ ജീവിതാരംഭം. ഗൾഫിലെ വരണ്ട പ്രദേശങ്ങളിലെ എണ്ണ സമൃദ്ധി സൃഷ്ടിച്ച വ്യവസായ സാദ്ധ്യതകൾ അതിസമർത്ഥമായി രവി പിള്ള പ്രയോജനപ്പെടുത്തുകയായിരുന്നു.

കൊല്ലം ചവറയിലെ കർഷക കുടുംബത്തിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. കുട്ടിക്കാലത്ത് പാടത്തേക്കിറങ്ങിയ അദ്ദേഹം തന്റെ ആയുധം കലപ്പയല്ലെന്നും വഴി കൃഷിയല്ലെന്നും തിരിച്ചറിഞ്ഞു. പതിനാലാം വയസിൽ അദ്ദേഹം ബിസിസിലേക്കു കടന്നു. ഏറെ വൈകാതെ നിർമ്മാണ രംഗത്തേക്കു തിരിഞ്ഞു. കടുത്ത മത്സരവും പണിമുടക്കുകളും അദ്ദേഹത്തെ വൻ പ്രതിസന്ധിയിലാക്കിയെങ്കിലും തളർന്നില്ല. പ്രതിസന്ധികൾ മുന്നേറ്റത്തിനുള്ള പാഠങ്ങളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. തുടർച്ചയായ തിരിച്ചടികൾ കഠിനമായി അദ്ധ്വാനിക്കാനുള്ള കരുത്തു നൽകി. വിജയം ഭാഗ്യത്തിന്റെ സൃഷ്ടിയല്ലെന്നും പരിശ്രമത്തിന്റേതാണെന്നും അദ്ദേഹം ഉറപ്പിച്ചു. ചെറുപ്രായത്തിൽ ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ച അദ്ദേഹം പഠനം ഉപേക്ഷിച്ചില്ല. ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന്റെ അക്കാഡമിക് മികവ് യു.എസിലെ എക്സിൽസിയർ സർവകലാശാലയിൽ നിന്നുള്ള ഡോക്ടറേറ്റിൽ എത്തിനിൽക്കുകയാണ്.

തളരാത്ത

പോരാളി

1978-ൽ വിധിയുടെ കാറ്റ് രവിപിള്ളയെ കേരളത്തിലെ നാട്ടിൻപുറത്തു നിന്ന് സൗദിയിലെ മരുഭൂമിയിലെത്തിച്ചു. സൗദി അതിവേഗം മാറിക്കൊണ്ടിരിക്കുന്ന കാലം. എണ്ണ സമ്പത്തിന്റെ സമർത്ഥമായ വിനിയോഗം അവിടുത്തെ വ്യവസായ മേഖലയിൽ സൃഷ്ടിച്ച വളർച്ച അവസരങ്ങളുടെ ആകാശവാതിൽ തുറന്നിട്ടിരിക്കുന്ന കാലമായിരുന്നു അത്. അദ്ധ്വാനിക്കാനുള്ള മനസും ഒരുപിടി നല്ല ആശയങ്ങളും മാത്രം കൈമുതലായുള്ള രവി പിള്ളയുടെ പാതകൾ അവിടെ തുടങ്ങുകയായിരുന്നു.

സൗദിയിലെ അൽ ഖോബാറിൽ 150 തൊഴിലാളികളുമായി ഒരു കൺസ്ട്രക്ഷൻ കമ്പനി ആരംഭിച്ചു. ഇതിനിടയിൽ റിയാദ് എയർപോർട്ടിലെ റോയൽ എയർ ടെർമിനലിന്റെ നിർമ്മാണ കരാർ അദ്ദേഹത്തിനു ലഭിച്ചു. ഈ പ്രോജക്ട് അതിവേഗം ആകർഷകമായി പൂർത്തീകരിച്ചതോടെ രവിപിള്ളയുടെ കൺസ്ട്രക്ഷൻ കമ്പനി ഗൾഫ് നാടുകളിൽ ശ്രദ്ധിക്കപ്പെട്ടു. പുതിയ നിർമ്മാണ കരാറുകളിൽ ലഭിച്ച ലാഭത്തിൽ നിന്ന് അദ്ദേഹം ഇന്ധന, വാതക ഖനനം, പെട്രോകെമിക്കൽ, സ്റ്റീൽ, പവർ പ്ലാന്റ് തുടങ്ങിയ രംഗങ്ങളിലെ കരാറുകൾ ഏറ്റെടുത്തു.

അഞ്ചു വർഷത്തിനുള്ളിൽ രവിപിള്ളയുടെ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 5000 ആയി ഉയർന്നു. ഇതിനിടയിൽ ഗൾഫ് നാടുകളിലെ ഒട്ടുമിക്ക വമ്പൻ വ്യവസായ പ്രോജ്ടുകളിലെയും സുപ്രധാന കണ്ണിയായി രവിപിള്ളയുടെ ആർ.പി ഗ്രൂപ്പ് മാറി. സൗദി അരാംകോ, ബാപ്കോ, ഖത്തർ എനർജി, സൗദി അറേബ്യൻ മൈനിംഗ് കമ്പനി, ഖത്തർ ഗ്യാസ്, ഖത്തർ പെട്രോളിയം തുടങ്ങിയവയുടെ പ്രോജക്ടുകൾ ഏറ്റെടുത്ത് പൂർത്തീകരിച്ച് നൽകിയതോടെ ആർ.പി ഗ്രൂപ്പ് ഗൾഫിലെ വ്യവസായ വിപ്ലവത്തിന്റെ ഭാഗമായി മാറി. സുരക്ഷയിലും ഗുണനിലാവാരത്തിലും യാതൊരു വിട്ടുവീഴ്ചയമുില്ലാതെ പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള കഴിവ് അദ്ദേഹത്തിന്റെ സ്ഥാപനത്തെ മികവിന്റെ പര്യായമാക്കി മാറ്റി.

കേരളത്തിന്റെ

നട്ടെല്ല്

തന്റെ ബിസിനസ് സാമ്രാജ്യത്തിന്റെയും ആസ്തികളുടെയും പണത്തിലുള്ള കണക്കെടുപ്പിൽ അദ്ദേഹം വിശ്വസിക്കുന്നില്ല. തന്റെ സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും സംതൃപ്തിയാണ് അദ്ദേഹം ഏറ്റവും വലിയ മൂലധനമായി കാണുന്നത്. സന്തോഷവാനായ തൊഴിലാളി ഉല്പാദനക്ഷമതയുള്ള തൊഴിലാളിയായിരിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിശ്വാസം. ഈ വിശ്വാസം സൃഷ്ടിക്കുന്ന മികച്ച തൊഴിൽ അന്തരീക്ഷമാണ് രവിപിള്ളയുടെ സ്ഥാപനങ്ങളുടെ മറ്റൊരു സവിശേഷത.

ദശാബ്ദങ്ങളായി അദ്ദേഹത്തിന്റെ കമ്പനിയിൽ തുടരുന്ന ഏറെ ജീവനക്കാരുണ്ട്. അവരോടെല്ലാം സ്നേഹത്തോടെ പെരുമാറാനും അവർക്ക് മികച്ച ജീവിതം ഉറപ്പാക്കാനും അദ്ദേഹം എപ്പോഴും ശ്രദ്ധിക്കുന്നു. അദ്ദേഹത്തിന്റെ വിവിധ സ്ഥാപനങ്ങളിലായി നിലവിൽ 1.20 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. അതിൽ ബഹുഭൂരിപക്ഷവും ഇന്ത്യക്കാരും മലയാളികളുമാണ്. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലാണ് പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണം. ഇങ്ങനെ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്ക് പണം അയയ്ക്കുന്നവരിൽ പതിനായിരങ്ങൾ രവിപിള്ളയുട സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും തൊഴിലാളികളുമാണ്.


രവിപിള്ള

ഫൗണ്ടേഷൻ

തനിക്കൊപ്പം മറ്റുള്ളവരെയും ഉയർത്തണമെന്ന ഡോ. ബി. രവി പിള്ളയുടെ കാഴ്ചപ്പാടിന്റെ സൃഷ്ടിയാണ് 2007-ൽ രൂപീകരിക്കപ്പെട്ട രവിപിള്ള ഫൗണ്ടേഷൻ. ദരിദ്രരെ സേവിക്കുന്നത് ദൈവത്തെ സേവിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതിനായി അദ്ദേഹം വരുമാനത്തിന്റെ വലിയൊരു ഭാഗം മാറ്റിവയ്ക്കുന്നു. ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികളുടെ വിവാഹം നടത്തുന്നു. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പും രോഗങ്ങളാൽ വലയുന്നവർക്ക് വൈദ്യസഹായവും നൽകുന്നു, കിടപ്പാടമില്ലാത്ത അനേകമാളുകൾക്ക് വീട് നിർമ്മിച്ച് നൽകി. സമ്പത്ത് കൂടെ കൊണ്ടുപോകാൻ കഴിയില്ല, പക്ഷേ അതുപയോഗിച്ച് ദയയുടെയും കരുണയുടെയും ഒരു പൈതൃകം സൃഷ്ടിക്കാമെന്നും അദ്ദേഹം പറയുന്നു.

കേരളത്തെ ഇളക്കിമറിച്ച സുനാമി, മഹാപ്രളയങ്ങൾ, കൊവിഡ് മഹാമാരി, ഗുജറാത്ത് ഭൂകമ്പം, ഏറ്റവും ഒടുവിൽ വയനാട്ടിലെ ഉരുൾപൊട്ടൽ അടക്കമുള്ള ദുരന്തമുഖങ്ങളിലെല്ലാം രവിപിള്ള ഫൗണ്ടേഷൻ കാരുണ്യത്തിന്റെ കുളിർകാറ്റായി മാറിയിട്ടുണ്ട്. തന്റെ ജീവിതത്തിലെ നേട്ടങ്ങൾ കൊണ്ടല്ല, മറ്റുള്ളവരുടെ ജീവിതത്തിൽ മാറ്റം സൃഷ്ടിക്കുമ്പോഴാണ് ഒരാൾ വിജയിക്കുന്നതെന്ന കാഴ്ചപ്പാടാണ് രവിപിള്ള ഫൗണ്ടേഷന്റെ അടിസ്ഥാനം. ആർ.പി ഗ്രൂപ്പ് കാലങ്ങളായി കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അത് കൂടുതൽ വ്യാപിപ്പിക്കാനും ഏറ്റവും അർഹരിലേക്ക് എത്തിക്കാനുമാണ് രവിപിള്ള ഫൗണ്ടേഷൻ ആരംഭിച്ചത്. താൽക്കാലിക ആശ്വാസത്തിനും സഹായങ്ങൾക്കും അപ്പുറം ഓരോ വ്യക്തിയുടെയും ജീവിതത്തിൽ സുസ്ഥിരവും സമൂലവുമായ മാറ്റങ്ങൾ സൃഷ്ടിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഡോ. ബി. രവിപിള്ള കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.

2010ലാണ് രാജ്യം ഡോ. ബി. രവിപിള്ളയ്ക്ക് പത്മശ്രീ സമ്മാനിച്ചത്. 2008ൽ ഭാരത സർക്കാർ പ്രവാസ ഭാരതീയ സമ്മാൻ അദ്ദേഹത്തിന് നൽകിയിരുന്നു. ഐ.കെ. ഗുജ്റാൾ പ്രധാനമന്ത്രിയായിരുന്ന സമയത്ത് കേന്ദ്ര സർക്കാർ ഹിന്ദ് രത്ന പുരസ്കാരം നൽകി. വ്യവസായ രംഗത്തെ സംഭാവനകൾക്ക്, ബഹ്റിൻ, ഖത്തർ, സൗദി തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ബഹ്റിൻ രാജാവിൽ നിന്നും ബഹ്റിൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ ലഭിച്ച ഏക പ്രവാസി വ്യവസായിയായ ഡോ. ബി. രവിപിള്ളയ്ക്ക് കേരളത്തിന്റെ സ്നേഹാദരം തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ ഇന്ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

TAGS: RAVI PILLA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.