കൊച്ചി: ആവശ്യപ്പെടുന്നിടത്തുള്ള നിയമനം ജീവനക്കാരുടെ അവകാശമല്ലെന്ന് ഹൈക്കോടതി. മുംബയിലേക്ക് സ്ഥലം മാറ്റിയതിനെതിരെ തിരുവനന്തപുരം ഡിഫൻസ് അക്കൗണ്ട്സ് വിഭാഗത്തിലെ ജോയി കരുണാകരൻ നൽകിയ ഹർജി തള്ളിയാണ് ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ശരിവച്ചതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. സ്ഥലം മാറ്റം ജോലിയുടെ ഭാഗമാണെന്നും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് തൊഴിൽ ദാതാവാണെന്നുമുള്ള ട്രൈബ്യൂണൽ നിലപാട് ഹൈക്കോടതി ശരിവച്ചു.
ഗവേഷണ കാലയളവ് പ്രവൃത്തി പരിചയമായി
കൂട്ടില്ലെന്ന് കണ്ണൂർ സർവകലാശാല
തിരുവനന്തപുരം: ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി കണക്കാക്കില്ലെന്ന് കണ്ണൂർ സർവകലാശാല വിജ്ഞാപനം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ ഇതുകൂടി പരിഗണിച്ച് അസോസിയേറ്റ് പ്രൊഫസറായി നിയമിച്ചത് വിവാദമായിരുന്നു. ഈ കേസിൽ സുപ്രീംകോടതിയിലെ അപ്പീലിൽ ഗവേഷണ കാലയളവ് അദ്ധ്യാപന പരിചയമായി പരിഗണിക്കാമെന്ന് സർവകലാശാല സത്യവാങ്മൂലം നൽകിയിരുന്നതാണ്. ഇതിന് വിരുദ്ധമായാണ് ഇപ്പോഴത്തെ വിജ്ഞാപനം. യു.ജി.സി ചട്ടവും നിയമവും പ്രിയവർഗീസിനെ നിയമിക്കുന്നതിനു മാത്രമായി ലംഘിച്ചെന്നും പുതിയ വിജ്ഞാപനം സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഹർജിക്കാരനായ ഡോ. ജോസഫ് സ്കറിയ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |