തിരുവനന്തപുരം: എന്നും ചിരിയോടെ സ്കൂൾ കവാടം കടന്ന് അവരോടുന്നത് പച്ചക്കറിത്തോട്ടത്തിലേക്കാണ്. തളിർത്തും പൂത്തും കായ്ചും നിൽക്കുന്ന പച്ചക്കറികൾ നനയ്ക്കാൻ മത്സരമാണ്. ഇന്നലെ അവിടെക്കണ്ട കാഴ്ച അവരെ കരയിച്ചു. വെള്ളിയാഴ്ച വൈകിട്ട് സ്കൂൾവിട്ട് പോകുമ്പോൾ പച്ചക്കറിത്തോട്ടത്തിൽ ചിരിച്ചുനിന്നിരുന്ന കോളിഫ്ളവറുകൾ കാണാനില്ല.
തൈക്കാട് മോഡൽ എച്ച്.എസ്.എൽ. പി.എസിലെ മൂന്നാംക്ളാസ് വിദ്യാർത്ഥികളായ ശ്വേതയും ആമ്യയും ആദ്യയും ശിവനന്ദനയും അക്ഷയും കരച്ചിലോടെ പരസ്പരം നോക്കി. രാവിലെയും വൈകിട്ടും നനച്ചും കിന്നാരം പറഞ്ഞും വളർത്തിയെടുത്ത 30 കോളിഫ്ളവറുകൾ ആരോ കവർന്നിരിക്കുന്നു. അവർക്കറിയുമോ ഈ കുഞ്ഞുഹൃദയങ്ങളുടെ നൊമ്പരം? ഇന്നലെ വിളവെടുക്കാൻ കാത്തുവച്ചിരുന്നതാണ്. കായ്കകളൊഴിഞ്ഞ ചെടികൾ നോക്കി കുട്ടികൾ വാപൊത്തി പിന്നെയും കരഞ്ഞു. ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപർ ചുറ്റും നിന്നു. നഴ്സറി മുതൽ നാലാംക്ളാസുവരെയുള്ള കുട്ടികളുടെ പരിശ്രമഫലമായിരുന്നു സ്കൂളിലെ പച്ചക്കറിത്തോട്ടത്തിൽ നിന്ന് നഷ്ടമായ 30 കോളിഫ്ലവറുകൾ.
അവർ നട്ടുനനച്ച് വളർത്തുന്ന തോട്ടത്തിൽനിന്ന് സ്കൂൾ ഉച്ചഭക്ഷണത്തിന് എന്തെങ്കിലുമൊരു വിഭവം എന്നുമുണ്ടാകുമെന്ന് അദ്ധ്യാപിക സുനിത ജി.എസ്. പറഞ്ഞു. കൊവിഡിനു ശേഷമാണ് സ്കൂളിൽ ഒരു പച്ചക്കറിത്തോട്ടമുണ്ടായത്. ബീറ്റ് റൂട്ട്, വഴുതന, വെണ്ട, തക്കാളി, കോളിഫ്ളവർ, പച്ചമുളക്, ചീര എന്നിവയെല്ലാം കുട്ടികൾ കൃഷി ചെയ്യുന്നുണ്ട്. രാവിലെയും വൈകിട്ടും അവർ നനച്ചും പരിപാലിച്ചുമാണ് ഇത്രയുമാക്കിയത്. സ്കൂളിന്റെ പിന്നിലായിരുന്ന പച്ചക്കറിത്തോട്ടം കുട്ടികളുടെ ഉത്സാഹവും പരിപാലനവും കണ്ട് സ്കൂളിന്റെ മുൻവശത്തേക്കു കൂടി വ്യാപിപ്പിച്ചതാണ്. കൃഷിഭവനിൽനിന്ന് കുട്ടികൾക്ക് 120 ചെടിച്ചട്ടികളും കിട്ടിയിരുന്നു. ''കഴിഞ്ഞയാഴ്ചയും അഞ്ച് കോളിഫ്ളവറുകൾ നഷ്ടമായിരുന്നു. പക്ഷേ, ഞങ്ങൾ അതത്ര കാര്യമാക്കിയില്ല."" ഇന്നലെക്കണ്ട കാഴ്ച കുഞ്ഞുങ്ങൾക്ക് മാത്രമല്ല, തങ്ങൾക്കും വലിയ വേദനയായെന്നും സുനിത ടീച്ചർ പറഞ്ഞു.
നിരീക്ഷണ ക്യാമറ കിട്ടിയില്ല
സ്കൂളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ കോർപ്പറേഷന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ല. ക്യാമറയുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ, പച്ചക്കറിത്തോട്ടത്തിൽ ഇങ്ങനെയൊരു മോഷണം നടക്കില്ലായിരുന്നു. പി.ടി.എ ഭാരവാഹികൾ അറിയിച്ചതിനെ തുടർന്ന് മ്യൂസിയം എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സ്കൂളിലെത്തി പരിശോധന നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |