കോഴിക്കോട്: പീഡന ശ്രമത്തിനിടെ രക്ഷപ്പെടാൻ യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. മാമ്പറ്റയിലെ 'സങ്കേതം' മോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ സുരേഷ്, റിയാസ് എന്നിവർ പയ്യന്നൂർ സ്വദേശിനിയുടെ മുറിയിൽ അതിക്രമിച്ച് കയറി ഉപദ്രവിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. 'എന്നെ ഒന്നും ചെയ്യല്ലേ, വിടൂ'' എന്ന് യുവതി നിലവിളിക്കുന്നതും ദൃശ്യത്തിൽ കേൾക്കാം. തുടർന്നാണ് യുവതി താമസിച്ചിരുന്ന വീട്ടിൽ നിന്ന് ചാടിയത്. യുവതിയുടെ കുടുംബമാണ് ദൃശ്യം പുറത്തുവിട്ടത്. ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം.
പയ്യന്നൂർ സ്വദേശിനിയായ യുവതി 'സങ്കേതം" മോട്ടലിലെ ജീവനക്കാരിയാണ്. ജീവനക്കാർക്ക് താമസിക്കാൻ മോട്ടലിന് സമീപം തന്നെ വീടുണ്ട്. ഇവിടെയാണ് പീഡനശ്രമമുണ്ടായത്. യുവതി ഫോണിൽ വീഡിയോ ഗെയിം കളിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു അതിക്രമം. ഫോൺ ക്യാമറ ഓൺ ആയിരുന്നതിനാൽ വീഡിയോ റെക്കോർഡായി. യുവതി ബഹളമുണ്ടാക്കി പീഡനം തടയാൻ ശ്രമിക്കുന്നതും വിഡിയോയിലുണ്ട്. തുടർന്നാണ് യുവതി വീട്ടിന്റെ ഒന്നാം നിലയിൽ നിന്ന് ചാടിയത്.
ചാടിയത് പ്രാണരക്ഷാർത്ഥം
വീഴ്ചയിൽ നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മോട്ടൽ ഉടമ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ പ്രാണരക്ഷാർത്ഥമാണ് താഴേക്കു ചാടിയതെന്ന് യുവതി പൊലീസിന് മൊഴി നൽകി. മുക്കം കോഴിക്കോട് റോഡിലെ മാമ്പറ്റയിൽ അടുത്തിടെ തുടങ്ങിയ മോട്ടലിൽ മൂന്ന് മാസം മുമ്പാണ് യുവതി ജോലിക്കെത്തിയത്. അതേസമയം കേസിൽ പ്രതികൾ ഇപ്പോഴും ഒളിവിലാണ്. സംഭവത്തിൽ കോഴിക്കോട് ജില്ല റൂറൽ എസ്.പിയോട് വനിത കമ്മിഷൻ അടിയന്തര റിപ്പോർട്ട് തേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |