അഹമ്മദാബാദ്: ഉത്തരാഖണ്ഡിന് പിന്നാലെ ഏകസിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി ഗുജറാത്തും. കരട് തയ്യാറാക്കാനായി അഞ്ചംഗസമിതിയെ ഗുജറാത്ത് സർക്കാർ നിയോഗിച്ചു. വിരമിച്ച സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലാണ് സമിതി.
വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ സി.എൽ. മീണ,അഡ്വ. ആർ.സി. കൊഡേകർ,വിദ്യാഭ്യാസ പ്രവർത്തകൻ ദക്ഷേശ് ഥാക്കർ,സാമൂഹിക പ്രവർത്തക ഗീത ഷറോഫ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റംഗങ്ങൾ. 45 ദിവസത്തിനകം സമിതി റിപ്പോർട്ട് നൽകണം. റിപ്പോർട്ട് പഠിച്ചശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഈ വർഷം ഭരണഘടനയുടെ 75 വർഷം ആഘോഷിക്കുകയാണ്. എല്ലാവർക്കും തുല്യ അവകാശം ഉറപ്പുവരുത്താന്‍ ഏകസിവിൽ കോഡ് രാജ്യത്താകെ നടപ്പിലാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും പട്ടേൽ പറഞ്ഞു.
370-ാം വകുപ്പ് റദ്ദാക്കൽ, ഒരുരാജ്യം ഒറ്റത്തിരഞ്ഞെടുപ്പ്, മുത്തലാഖ് എന്നീ വിഷയങ്ങളിൽ വാഗ്ദാനം പാലിച്ചു. അതേദിശയിൽ, മോദിയുടെ പ്രതിജ്ഞകൾ നടപ്പിലാക്കാനാണ് ഗുജറാത്തും അവിശ്രമം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവർക്കും തുല്യ അവകാശങ്ങളും അവസരങ്ങളും ഉറപ്പിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |