സുൽത്താൻ ബത്തേരി: ഐ.സി. ബാലകൃഷ്ണൻ എം.എൽഎ പങ്കെടുത്ത ചടങ്ങിൽ സംഘർഷം. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എം.എൽ.എയുടെ ഗൺമാനും രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും പരിക്കേറ്റു. ഗൺമാൻ മീനങ്ങാടി കൊന്നക്കൽ സുദേശൻ (45) ഡി.വൈ.എഫ്.ഐ പ്രവർത്തകരായ ബേസിൽ പുന്നശ്ശേരി (25) എ.വി.അഖിൽ (26) എന്നിവരെ പരിക്കുകളോടെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താളൂരിൽ ഫിഷറീസ് വകുപ്പിന്റെ കീഴിൽ ഹരിത സ്വാശ്രയ കർഷക സംഘം നടത്തിയ മത്സ്യ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടന ചടങ്ങിനെത്തിയപ്പോൾ ഇന്നലെ രാവിലെയാണ് സംഭവം. ഉദ്ഘാടന വേദിക്ക് സമീപത്തായി നിലയുറപ്പിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.എൽ.എ കാറിൽ നിന്ന് ഇറങ്ങിയ ഉടനെ കരിങ്കൊടി കാണിച്ചു. ഇതവഗണിച്ച് ഉദ്ഘാടന വേദിക്കരികിലേയ്ക്ക് എം.എൽ.എ നീങ്ങി . തൊട്ട് പിറകിലുണ്ടായിരുന്ന ഗൺമാനുമായി പ്രതിഷേധക്കാർ വാക്കേറ്റമുണ്ടായി. പിന്നീട് സംഘർഷവും.
എം.എൽ.എയെ പിന്നിൽ നിന്ന് ആക്രമിക്കാൻ പ്രതിഷേധക്കാർ തുനിഞ്ഞപ്പോൾ അത് തടഞ്ഞതിന് തന്നെ മർദ്ദിച്ചെന്ന് പരിക്കേറ്റ ഗൺമാൻ സുദേശൻ പറഞ്ഞു. എന്നാൽ എം.എൽ.എ മുന്നോട്ട് കടന്നുപോയതിന് ശേഷം ഗൺമാൻ തിരികെയെത്തി കരിങ്കൊടി കാണിച്ച പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകരും പറഞ്ഞു.
എൻ.എം. വിജയന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണ കുറ്റത്തിന് പ്രതി ചേർക്കപ്പെട്ട എം.എൽ.എയ്ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് കണ്ട് പൊലീസ് സ്ഥലത്തെത്തിയിരുന്നു .പൊലീസ് ഇടപെട്ട് ഇരു വിഭാഗം പ്രവർത്തകരെ മാറ്റി പ്രശ്നം ഒഴിവാക്കുകയായിരുന്നു.
ജീവന് ഭീഷണിയെന്ന് എം.എൽ.എ
സി.പി.എം ഡി.വൈ.എഫ്.ഐ പ്രവർത്തകരിൽ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ. തന്നെയും തന്റെ ഗൺമാനെയും ആക്രമിച്ച സംഭവത്തിൽ എം.എൽ.എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |