ഭോപ്പാൽ: പിതാവിന്റെ അന്ത്യ കർമങ്ങൾ ചെയ്യുന്നതുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിൽ തർക്കം. മദ്ധ്യപ്രദേശിലെ ടികംഗഡ് ജില്ലയിലാണ് വിചിത്ര സംഭവം റിപ്പോർട്ട് ചെയ്തത്. പിതാവിന്റെ മൃതദേഹത്തിന്റെ പകുതി വേണമെന്ന് ഒരു മകൻ ആവശ്യപ്പെട്ടു. ലിധോറതാൽ ഗ്രാമത്തിൽ ഞായറാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
സഹോദരങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ഗ്രാമവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നെന്ന് ജാതര പോലീസ് സ്‌റ്റേഷൻ ചുമതലയുള്ള അരവിന്ദ് സിംഗ് ദാംഗി പറഞ്ഞു. ധ്യാനി സിംഗ് ഘോഷ് (84) എന്നയാളാണ് മരിച്ചത്. അദ്ദേഹം തന്റെ ഇളയമകൻ ദേശ്രാജിനൊപ്പമായിരുന്നു താമസം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഞായറാഴ്ച മരണം സംഭവിച്ചു. വിവരമറിയിച്ചതിനെത്തുടർന്ന് ഗ്രാമത്തിന് പുറത്ത് താമസിച്ചിരുന്ന മൂത്തമകൻ കിഷൻ സ്ഥലത്തെത്തി.
പിതാവിന്റെ അന്ത്യകർമങ്ങൾ താൻ ചെയ്യുമെന്ന് പറഞ്ഞ് കിഷൻ ബഹളംവച്ചു. എന്നാൽ ശവസംസ്‌കാരം താൻ നടത്തണമെന്നത് അച്ഛന്റെ ആഗ്രഹമായിരുന്നെന്ന് ഇളയമകനും പറഞ്ഞു. ഇതോടെയാണ് ഇരുവരും തമ്മിൽ തർക്കമായത്.
മദ്യലഹരിയിലായിരുന്ന കിഷൻ മൃതദേഹം പകുതിയായി മുറിച്ച് പങ്കുവയ്ക്കണമെന്ന് വാശിപിടിച്ചെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സ്ഥലത്തെത്തി, മരിച്ചയാളുടെ മക്കളോട് സംസാരിച്ചു. ഒടുവിൽ കിഷനെ സമാധാനിപ്പിച്ച് പറഞ്ഞുവിട്ടു. ഇതോടെ പ്രശ്നം തീർന്നു. തുടർന്ന് ഇളയ മകൻ തന്നെ പിതാവിന്റെ അന്ത്യകർമങ്ങൾ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |