എത്രയൊക്കെ ശ്രമിച്ചിട്ടും സർക്കാർ ഓഫീസുകളിലെ കൈക്കൂലിയും അഴിമതിയും തഴച്ചുവളർന്നുകൊണ്ടിരിക്കുകയാണ്. കൈക്കൂലിക്കാരെ പിടികൂടി ശിക്ഷിക്കാനുള്ള വിജിലൻസ് സംവിധാനം ഏറെക്കുറെ നിർജ്ജീവമാണുതാനും. തനിക്കും കുടുംബത്തിനും അന്തസായി ജീവിക്കാനുള്ള ശമ്പളം സർക്കാർ ഉറപ്പാക്കിയിട്ടുണ്ട്. സർക്കാർ ജീവനക്കാർ അതുകൊണ്ടുതന്നെ ഇന്ന് സമൂഹത്തിൽ അന്തസുള്ള ജീവിതം നയിക്കുന്നവരാണ്. എല്ലാ മാസവും ഒന്നാം തീയതി മുടങ്ങാതെ ലഭിക്കുന്ന ശമ്പളത്തിൽ മിച്ചപ്പെടുത്താനുള്ള വകയും ഒട്ടുമിക്ക ഉദ്യോഗസ്ഥന്മാർക്കുമുണ്ട്. ഇതൊക്കെ ഉണ്ടായിട്ടും സേവനം തേടിയെത്തുന്നവർക്ക് യഥാസമയം അതു നൽകാതെ കൈക്കൂലിക്കായി യാതൊരു നാണവുമില്ലാതെ കൈനീട്ടുന്നവരെക്കുറിച്ച് എന്തു പറയാനാണ്?വിട്ടൊഴിയാതെ കൂടെ കൊണ്ടുനടക്കുന്ന കൈക്കൂലി ശീലം പലർക്കും മാറ്റാൻ കഴിയുന്നില്ല! കൈക്കൂലിക്കാരെ വച്ചുപൊറുപ്പിക്കില്ലെന്നും രായ്ക്കുരാമാനം നാടു കടത്തുമെന്നും മറ്റും പറയാറുണ്ടെങ്കിലും കൈയോടെ പിടിക്കപ്പെടുന്ന കൈക്കൂലിക്കാർ ശിക്ഷിക്കപ്പെടുന്നത് വളരെ അപൂർവമാണ്.
ശക്തമായ തെളിവുകളുണ്ടെങ്കിൽ മാത്രമേ കൈക്കൂലിക്കാരെ പിടികൂടി പ്രോസിക്യൂഷൻ നടപടിക്കു വിധേയരാക്കാൻ സാധിക്കൂ. കേസുകൾ നീണ്ടുപോകുന്നതനുസരിച്ച് തെളിവുകളും സാഹചര്യങ്ങളും കീഴ്‌മേൽ മറിഞ്ഞെന്നും വരാം. സാക്ഷികളും മാറിമറിയും. നാലഞ്ചുലക്ഷം സർക്കാർ ജീവനക്കാരുള്ളതിൽ കഴിഞ്ഞ വർഷം കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട് 1259 കേസുകളാണ് വിജിലൻസ് രജിസ്റ്റർ ചെയ്തത്. സർവീസിൽ പൂണ്ടുവിളയാടുന്ന കൈക്കൂലിയുടെ ആഴം നോക്കിയാൽ പിടികൂടപ്പെടുന്നവരുടെ സംഖ്യ എത്ര കുറവാണെന്ന് ആർക്കും ബോദ്ധ്യമാകും. കൈക്കൂലിക്കാരെ പിടിക്കാൻ വിജിലൻസുകാർ എത്തും മുൻപേ വിവരം ചോർന്ന് ഉദ്യോഗസ്ഥൻ തടിതപ്പിയിരിക്കും. ഒട്ടുമിക്ക ഇടങ്ങളിലും സംഭവിക്കുന്നത് അതാണ്. ജനങ്ങൾക്ക് ഒട്ടേറെ സേവനങ്ങൾ ലഭ്യമാകുന്ന റവന്യു ഓഫീസുകളാണ് കൈക്കൂലി വിളയാട്ടത്തിൽ മുന്നിലെന്നു പറയാറുണ്ട്.
ഭൂമി, വരുമാനം, സർക്കാർ സഹായ പദ്ധതികൾ തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കൈക്കൂലി നൽകാതെ കാര്യം നടത്തിക്കൊടുക്കാൻ പലർക്കും മടിയാണ്. നൂറും ഇരുന്നൂറും കൈമടക്ക് നൽകിയിരുന്ന സ്ഥാനത്ത് ഇന്ന് അയ്യായിരവും പതിനായിരവും സേവനത്തിന്റെ മൂല്യമനുസരിച്ച് ലക്ഷങ്ങൾ വരെ അത് ഉയർന്നേക്കും. സാധാരണക്കാരെ സഹായിക്കാൻ സർക്കാർ അടുത്തകാലത്ത് കൊണ്ടുവന്ന ഭൂമി തരംമാറ്റ ഭേദഗതി റവന്യു ഉദ്യോഗസ്ഥർക്ക് ചാകരയ്ക്കുള്ള അവസരമൊരുക്കുന്നതായി ആക്ഷേപമുണ്ട്. ലക്ഷക്കണക്കിന് അപേക്ഷ കുമിഞ്ഞുകൂടുമ്പോൾ കൈക്കൂലി നൽകി കാര്യം എളുപ്പത്തിലാക്കാൻ ആരും ശ്രമിച്ചുപോകും. ഭൂമിയുമായി ബന്ധപ്പെട്ട പല കാര്യങ്ങൾക്കും പടി നൽകേണ്ടിവരുന്ന സാധാരണക്കാർ അക്ഷരാർത്ഥത്തിൽ നിസ്സഹായരാണ്. നേരിട്ട് കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലാകാതിരിക്കാൻ ഡിജിറ്റൽ യുഗത്തിൽ ഉപാധികളുണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും ഗൂഗിൾ പേ വഴിയുമൊക്കെ ആരോരുമറിയാതെ കൈക്കൂലി അയയ്ക്കാനാകും.
ജി.എസ്.ടി നിലവിൽ വന്നതോടെ മിക്ക സംസ്ഥാനങ്ങളിലും ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കി. പക്ഷേ കേരളത്തിൽ അവ കൈക്കൂലി പിരിക്കാനുള്ള ഇടങ്ങളായി നിലനിൽക്കുകയായിരുന്നു. ഏതാനും ദിവസം മുൻപ് വിജിലൻസുകാർ ഇത്തരം ചെക്ക് പോസ്റ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ കൈക്കൂലിയാണ് പിടികൂടിയത്. ഇതിനെത്തുടർന്ന് എല്ലാ ചെക്ക് പോസ്റ്റുകളിൽനിന്നും മോട്ടോർ വാഹന ജീവനക്കാരെ പിൻവലിച്ചിട്ടുണ്ട്. ഓൺലൈൻ വഴി നികുതി അടച്ചുകഴിഞ്ഞാൽ പിന്നീട് ചരക്കുവാഹനങ്ങൾ വഴിയിൽ തടഞ്ഞുനിറുത്തി പരിശോധിക്കരുതെന്നാണ് വ്യവസ്ഥ. ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വഴിയിൽ തടഞ്ഞുള്ള പിരിവ് നിറുത്തലാക്കിയിട്ടും ഇവിടെ തുടരുകയായിരുന്നു. അർബുദം പോലെ പടർന്നുകഴിഞ്ഞ സർക്കാർ സർവീസിലെ കൈക്കൂലി എന്ന മഹാശാപം അങ്ങനെയൊന്നും അവസാനിക്കാൻ പോകുന്നില്ല. ഉദ്യോഗസ്ഥന്മാരുടെ ശീലവും പണ സമ്പാദനത്തിനുള്ള ആർത്തിയും മാറാത്തിടത്തോളം കൈക്കൂലി വിപത്ത് സമൂഹത്തിൽ നിലനിൽക്കുകതന്നെ ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |