തിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ മലയാളികൾക്ക് ലഭിക്കുന്ന പരിഗണനയിൽ രവിപിള്ളയെപ്പോലുള്ളവരുടെ ഗുഡ്‌വിൽ പ്രധാന സ്വാധീനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബഹ്‌റിൻ സർക്കാരിന്റെ പരമോന്നത ബഹുമതി നേടിയ വ്യവസായിയായ ബി.രവിപിള്ളയെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച 'രവിപ്രഭ" ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബഹറിൻ മെഡൽ ഒഫ് എഫിഷ്യൻസി (ഫസ്റ്റ് ക്ലാസ് ) ആദ്യമായാണ് വിദേശ വ്യവസായിക്ക് നൽകുന്നത്. ഇതു നമുക്കെല്ലാവർക്കും അഭിമാനമാണ്.
നാട്ടിലെയും പ്രവാസലോകത്തെയും മലയാളികളുടെ ക്ഷേമം ഉറപ്പുവരുത്താൻ അദ്ദേഹം ശ്രദ്ധിച്ചു. കുവൈറ്റ് ദുരന്തം, പ്രളയം,കൊവിഡ് മഹാമാരി ഘട്ടങ്ങളിലെല്ലാം അദ്ദേഹത്തിന്റെ കരുതൽ നാമറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ടാഗോർതിയേറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു.
ചലച്ചിത്രതാരം മോഹൻലാൽ വിശിഷ്ടാതിഥിയും
ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുഖ്യാതിഥിയുമായി. പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, ബഹ്‌റിൻ പ്രതിനിധികളായ ഷെയ്ക് മുഹമ്മദ് ബിൻ ഖലീഫ അൽ ഖലീഫ, അഹമ്മദ് അബ്ദുൽ മാലിക്, മന്ത്രിമാരായ കെ.രാജൻ, കെ.എൻ. ബാലഗോപാൽ, രാമചന്ദ്രൻ കടന്നപ്പള്ളി, മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, സാദിഖലി ശിഹാബ് തങ്ങൾ, എൻ.കെ. പ്രേമചന്ദ്രൻ എംപി, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പി.കെ. കുഞ്ഞാലിക്കുട്ടി, എസ്.രാമചന്ദ്രൻപിള്ള, ഗോകുലം ഗോപാലൻ, എം.വി. ശ്രേയാംസ്‌കുമാർ, ഷാജി എൻ.കരുൺ, നോർക്ക സെക്രട്ടറി കെ.വാസുകി എന്നിവർ പങ്കെടുത്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും രവിപിള്ളയ്ക്ക് ഉപഹാരം നൽകി. ആത്മകഥയായ 'രവിയുഗ' ത്തിന്റെ കവർ മുഖ്യമന്ത്രി പ്രകാശനംചെയ്തു. ആർട്ടിസ്റ്റ് മദനൻ വരച്ച രവിപിള്ളയുടെ പോർട്രെയ്റ്റ്, മോഹൻലാൽ അദ്ദേഹത്തിന് കൈമാറി. ജി.രാജ്‌മോഹൻ സ്വാഗതവും ഇ.എം. നജീബ് നന്ദിയും പറഞ്ഞു.
മോഹൻലാൽ
സമ്പന്നരാകുന്നത് ഭൂരിപക്ഷത്തിന്റെയും സ്വപ്നമാണെങ്കിലും സമ്പത്ത് സാർത്ഥകമാകുന്നത് അതുണ്ടാക്കുന്നതിലല്ല ഉപയോഗിക്കുന്നതിലൂടെയാണെന്ന ചൊല്ലാണ് രവിപിള്ളയെക്കുറിച്ച് പറയുമ്പോൾ ഓർമ്മ വരുന്നതെന്ന് നടൻ മോഹൻ ലാൽ. ഒരാൾ കോടീശ്വരനോ ശതകോടീശ്വരനോ ആകുന്നത് ആഡംബരംകൊണ്ടല്ല, സമ്പത്തിന്റെ നല്ലൊരുഭാഗം അർഹർക്കും അശരണർക്കും നൽകുന്നതിലൂടെയാണ്. ഇത് രവിപിള്ള മനോഹരമായി ചെയ്യുന്നുണ്ടെന്നും മോഹൻലാൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിഹാസം
ചടങ്ങിൽ സ്വാഗതം പറഞ്ഞ ജി. രാജ്മോഹൻ മുൻ പ്രിതിക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ചതിനെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു. കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാകാത്ത സാന്നിദ്ധ്യമായ രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്നായിരുന്നു രാജ്മോഹന്റെ ആശംസ. അതിന് മുഖ്യമന്ത്രിയുടെ പ്രതികരണം ഇങ്ങനെ: 'സ്വാഗതപ്രാസംഗികനെക്കുറിച്ച് ഒരു വാചകം പറഞ്ഞില്ലെങ്കിൽ മോശമായിപ്പോകുമെന്ന് എനിക്കു തോന്നുന്നു. അദ്ദേഹം രാഷ്ട്രീയം പറയുന്നില്ലെന്നു പറഞ്ഞു. പക്ഷേ, ഒരു പാർട്ടിക്കകത്തു വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന വലിയ ബോംബാണ് പൊട്ടിച്ചത്. അങ്ങനെയൊരു കൊടുംചതി ചെയ്യാൻ പാടില്ലായിരുന്നു.'
പ്രസംഗത്തിനിടെ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പോയോ എന്നും സ്വാഗതപ്രാസംഗികൻ രാജ്മോഹൻ ചോദിച്ചിരുന്നു. അപ്പോഴേക്കും സതീശൻ വേദിവിട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |