വെഞ്ഞാറമൂട്: ചൂട് വര്‍ദ്ധിച്ചതോടെ പഴവിപണിയില്‍ വിലക്കയറ്റവുമേറി. എങ്കിലും ഈ വേനലില്‍ ആശ്വാസമാവുകയാണ് പൈനാപ്പിള്‍. മറ്റ് പഴങ്ങള്‍ക്ക് വില വര്‍ദ്ധിക്കുമ്പോള്‍ പൈനാപ്പിള്‍ വിലയിലെ കുറവ് ജനങ്ങള്‍ക്ക് വല്ലാത്ത ആശ്വാസമാകുകയാണ്. ലോഡുകണക്കിന് പൈനാപ്പിളാണ് വഴിയരികിലും പഴക്കടകളിലും ദിനംപ്രതിയെത്തുന്നത്. വില കിലോയ്ക്ക് 20മുതല്‍ 30 രൂപ വരെയാണ്. പഴമായോ ജ്യൂസായോ ജാമായോ കഴിക്കാന്‍ പറ്റുന്ന ഒന്നാണ് പൈനാപ്പിള്‍.
പത്തനംതിട്ട, ഇടുക്കി, കോട്ടയം മേഖലകളില്‍ നിന്നാണ് കൂടുതലായും പൈനാപ്പിളെത്തുന്നത്. ഇപ്പോള്‍ നാട്ടിന്‍പുറങ്ങളിലെ റബര്‍ എസ്റ്റേറ്റുകളിലും പൈനാപ്പിള്‍ കൃഷി വ്യാപകമാണ്. വീട്ടുമുറ്റത്തും ടെറസുകളിലും കവറുകളിലായി ഇപ്പോള്‍ വീട്ടമ്മമാര്‍ പൈനാപ്പിള്‍ നടുന്നുണ്ട്. പൈനാപ്പിള്‍ ജ്യൂസ്, സ്‌ക്വാഷ്, ജാം എന്നിവയ്ക്കും ഡിമാന്റേറെയാണ്.
ആരോഗ്യ ഗുണങ്ങളേറെ
വേനല്‍ക്കാല വിളയായ പൈനാപ്പിളെന്ന കൈതച്ചക്ക നമ്മുടെ നാട്ടില്‍ ലഭിക്കുന്ന പഴങ്ങളില്‍ വച്ച് പോഷകഗുണങ്ങളില്‍ മുന്നിട്ടുനില്‍ക്കുന്നു. കുട്ടികള്‍ക്ക് നല്‍കാന്‍ മികച്ച പഴമാണിത്. ശരീരഭാരം കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കുന്നതുള്‍പ്പെടെ നിരവധി ആരോഗ്യഗുണങ്ങള്‍ കൈതച്ചക്കയ്ക്കുണ്ട്. വൈറ്റമിന്‍ സിയും എയും ധാരാളമടങ്ങിയ ഈ പഴത്തില്‍ 22 ഗ്രാം അന്നജവും 2.3 ഗ്രാം നാരുകളുമുണ്ട്. ഇതു കൂടാതെ മഗ്‌നീഷ്യവും ഫോസ്ഫറസും പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |