പീരുമേട്: പൂർണ്ണമായി ഇക്കോ ടൂറിസത്തിലേക്ക് മാറാൻ ഒരുങ്ങുകയാണ് കുട്ടിക്കാനത്തെ തട്ടാത്തിക്കാനം പൈൻ ഗാർഡൻ. മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ വരുന്ന തട്ടാത്തിക്കാനം പൈൻ ഗാർഡൻ കേരളത്തിലെ തന്നെ പ്രധാനപൈൻകാടാണ്. സഞ്ചാരികൾക്ക് കണ്ണിന് കുളിർമയും, മനസ്സിന് സന്തോഷവും പ്രദാനം ചെയ്യുന്നു ഇവിടം. ഇക്കോടൂറിസം പദ്ധതിയുടെ ഉദ്ഘാടനം വനം മന്ത്രി എ കെ ശശീന്ദ്രൻ ഓൺലൈനിൽ നിർവ്വഹിച്ചു. വാഴൂർ സോമൻ എം. എൽ എ അദ്ധ്യക്ഷത വഹിച്ചു.
നിലവിൽ അനിയന്ത്രിതമായി ഈ പ്രദേശത്ത് സഞ്ചാരികൾ കടന്ന് വലിയ തോതിൽ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയുന്നതിനും സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി പരിസ്ഥിതി ബോധവൽക്കരണം നൽകുന്നതിനുമാണ് വന വികസന ഏജൻസി ഈ പ്രദേശത്ത് ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കിയത്.
സന്ദർശകർക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ ഇരിപ്പിടങ്ങൾ, ടോയിലറ്റുകൾ, കൈവരികൾ, ഇൻഫർമേഷൻ ബോർഡുകൾ എന്നിവ ഇവിടെ ഒരുക്കിയിട്ടുണ്ട്. അതൊടൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുട്ടിക്കാനം, തേക്കടി, പരുന്തുംപാറ, എന്നിവിടങ്ങളിൽ എത്തുന്ന വിനോദ സഞ്ചാരികളുടേയും, ശബരിമല തീർത്ഥാടകരുടേയും ഇടത്താവളമായ പൈൻ ഗാർഡൻ കേന്ദ്രീകരിച്ച് പെരിയാർ വെസ്റ്റ് ഡിവിഷൻ വന വികസന ഏജൻസി മിതമായ നിരക്കിൽ ഗുണമേന്മയുള്ള വന വിഭവങ്ങൾ വിപണനം നടത്തുക, വിനോദ സഞ്ചാരികൾക്ക് ലഘുഭക്ഷണ പാനീയങ്ങൾ നൽകുക, ജനങ്ങളിൽ പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ചും വിവിധ ഇക്കോ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചും അറിയുന്നതിന് ഇൻഫൊർമേഷൻ സെന്റർ എന്നിവയാണ് നിലവിൽ സ്ഥാപിച്ചത്.കോട്ടയം വന വികസന ഏജൻസിയും, പെരിയാർ വെസ്റ്റ് വന വികസന ഏജൻസിയും സംയുക്തമായി നടത്തുന്ന ഈ പദ്ധതി വനം വകുപ്പ് ജീവനക്കാരുടെ സംരക്ഷണത്തിലും, മേൽ നോട്ടത്തിലുമായിരിക്കും പ്രവർത്തിക്കുന്നത്.
അഞ്ച് വർഷംകൊണ്ട് പൈൻകാടായി
2020 ജൂലായ് 6 നാണ് തട്ടാത്തിക്കാനം റിസർവ്വ് വനത്തിന്റെ ഭാഗമാണ്. ഈ സ്ഥലത്ത് വനം വകുപ്പിന്റെ പീരുമേട്ടിലെ ഗവേഷണ യൂണിറ്റ് 1975 മുതൽ 1985 വരെയുള്ള കാലഘട്ടത്തിൽ ഒൻപത് ഹെക്ടറിൽ വൈവിധ്യമാർന്ന പൈൻ മരങ്ങൾ നട്ട് വളർത്തി. പ്രകൃതി രമണീയമായ ദൃശ്യങ്ങളും, ദക്ഷിണേന്ത്യയിലെ വനവൽക്കരണ രീതികളെ കുറിച്ച് പഠിക്കുവാനുളള അവസരവും പ്രദാനം ചെയ്യുന്ന ഈ തോട്ടങ്ങൾ ഇക്കോ ടൂറിസത്തിന് അനുയോജ്യമായ ഇടങ്ങളാണ്.
തർക്കത്തിൽ തുടങ്ങി
നേരത്തെ പീരുമേട്പഞ്ചായത്ത് പൈൻ പാർക്ക് നവീകരിക്കാൻ തീരുമാനിക്കുകയും,വാഴൂർസോമൻ എം.എൽ.എ അതിനു ഫണ്ട് അനുവദിക്കുകയും ചെയ്തിരുന്നു. അപ്പോഴാണ് വനം വകുപ്പ് തടസ്സവാദങ്ങളുമായി എത്തുകയും വനം വകുപ്പിന്റെ സ്ഥലത്ത് മറ്റുള്ളവർഅന്യായമായി പാർക്കിൽ കയറുന്നത് ശിക്ഷാർഹമെന്ന്‌ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
ഇപ്പോൾ പൈൻ പാർക്ക് നവീകരണം നടത്തിയതാടെ ടൂറിസ്റ്റുകളെ സ്വീകരിക്കാനായി പൈൻപാർക്ക് ഒരുങ്ങിയിരിക്കുകയാണ്.
ടൂറിസ്റ്റുകൾക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തിയിരിക്കയാണ്. മുതിർന്നവർക്ക് 30 രൂപയും, കുട്ടികൾക്ക് 15 രൂപയുമാണ്, വിവാഹഫോട്ടോ ഷൂട്ടിന് 500 രൂപയും, സാധാരണഫോട്ടോ, വീഡിയോഗ്രാഫിഎന്നിവയ്ക്ക് നൂറ് രൂപയുമാണ് ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |