
കൊല്ലം: നാട്ടുമാങ്ങകളുടെ രുചി നുണയാൻ കാത്തിരിക്കുന്നവർക്ക് ഈ വർഷം ഉത്സവകാലമായിരിക്കും. കേരളത്തിലെ പറമ്പുകളിലും വഴിയോരങ്ങളിലും ഇലകൾ പോലും കാണാത്ത വിധം പൂങ്കുലകൾ കൊണ്ട് നിറഞ്ഞുനിൽക്കുകയാണ് നാട്ടുമാവുകൾ. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാമ്പഴ ലഭ്യതയിൽ വലിയ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമൃദ്ധമായ പൂവിടലിന് പിന്നിൽ
നാട്ടുമാവുകൾ സാധാരണയായി ഒന്നിടവിട്ട വർഷങ്ങളിലാണ് കൂടുതൽ പൂക്കാറുള്ളത്. കഴിഞ്ഞ വർഷങ്ങളിൽ മാങ്ങയുടെ ലഭ്യത കുറവായതിനാൽ മാവിന്റെ ശിഖരങ്ങളിൽ നൈട്രജനും അന്നജവും വലിയ അളവിൽ ശേഖരിക്കപ്പെട്ടിരുന്നു. ഇതാണ് ഇത്തവണത്തെ അതിശയിപ്പിക്കുന്ന പൂവിടലിന് കാരണമായതെന്ന് കൃഷി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. മകരമാസത്തിലെ കനത്ത തണുപ്പിന് പിന്നാലെയാണ് മാവുകൾ വ്യാപകമായി പൂത്തുതുടങ്ങിയത്.
വിളവെടുപ്പ് ഏപ്രിൽ മാസത്തോടെ
മാവുകൾ പൂത്തുതുടങ്ങിയാൽ മാങ്ങകൾ മൂപ്പെത്താൻ ഏകദേശം 90 മുതൽ 100 ദിവസങ്ങൾ വരെ സമയമെടുക്കും. ഡിസംബർ, ജനുവരി മാസങ്ങളിൽ പൂക്കുന്ന മാവുകൾ മാർച്ചോടു കൂടി കണ്ണിമാങ്ങയാവുകയും ഏപ്രിൽ മാസത്തോടെ വിളവെടുപ്പിന് പാകമാവുകയും ചെയ്യും. പാലക്കാട്ടെ മുതലമടയാണ് കേരളത്തിലെ മാമ്പഴ ഉത്പ്പാദനത്തിന്റെ പ്രധാന കേന്ദ്രം.
വൈവിദ്ധ്യമാർന്ന നാടൻ ഇനങ്ങൾ
വിഷം കലർന്ന മറുനാടൻ മാമ്പഴങ്ങളോടുള്ള നമ്മുടെ നാടൻ മറുപടിയാണ് ഈ മാവിൻ പൂങ്കുലകൾ. മൂവാണ്ടൻ, കിളിച്ചുണ്ടൻ, കപ്പ മാങ്ങ, കസ്തൂരി മാങ്ങ, കർപ്പൂര വരിക്ക തുടങ്ങിയ ഇനങ്ങളാണ് കൂടുതലായി കാണപ്പെടുന്നത്. ചില പ്രദേശങ്ങളിൽ പുളിയൻ മാങ്ങ, താളി മാങ്ങ എന്നീ ഇനങ്ങളും ലഭ്യമാണ്
'മാംഗോ' വന്ന വഴി
മാവിനങ്ങളുടെ പേരിനു പിന്നിൽ കഥയും കാര്യവുമുണ്ട്. മാങ്ങയുടെ സംസ്കൃതനാമം ‘അമൃഫലം’ എന്നാണ്. അതു ഹിന്ദിയിൽ ‘ആംഫൽ’ ആവുകയും തമിഴിൽ ഇത് 'ആം കായ്' എന്നും പിന്നീട് 'മാങ്കായ്' എന്നും വിളിക്കപ്പെട്ടു. ഇതിൽ നിന്നാണ് ഇംഗ്ലീഷിലെ 'മാംഗോ' എന്ന വാക്ക് രൂപപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |