അരിപ്പുട്ട്, ഗോതമ്പ് പുട്ട്, റവപ്പുട്ട്... പുട്ടുകളുടെ നിര അങ്ങനെ നീണ്ടുപോകുന്നു. ഇതിലേക്ക് ഇതാ ഒരു ഐറ്റംകൂടി; പാൽപ്പുട്ട്. പുട്ട് ഒട്ടും ഇഷ്ടമില്ലാത്തവർ കൂടി വയറുനിറയെ കഴിക്കും എന്ന് ഉറപ്പ്. പാചകത്തിൽ ഒട്ടും വിദഗ്ദ്ധരല്ലാത്തവർക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാം എന്നതും പാൽപ്പുട്ടിന്റെ പ്രത്യേകതയാണ്.
ആവശ്യത്തിന് പുട്ടുപൊടി, ഉപ്പ്, വെള്ളം, തേങ്ങ ചിരകിയത് അരക്കപ്പ്, പാൽപ്പൊടി. ഗ്രേറ്റ് ചെയ്തെടുത്ത അരക്കപ്പ് കാരറ്റ്, പഞ്ചസാര എന്നിവയാണ് പാൽപ്പുട്ടിന് വേണ്ട ചേരുവകൾ.
ഒരു പാത്രത്തിൽ ഒരുകപ്പ് പുട്ടുപൊടി എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർക്കുക. തുടർന്ന് കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക. ഇതിനുശേഷം ആവശ്യത്തിന് വെള്ളം ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്യുക. ശേഷം പാത്രം മൂടികൊണ്ട് അടച്ചശേഷം പതിനഞ്ചുമിനിട്ട് കുതിരാനായി മാറ്റിവയ്ക്കണം. പതിനഞ്ചുമിനിട്ട് കഴിഞ്ഞ് എടുത്തുനോക്കുമ്പോൾ മാവ് നല്ല മൃദുവായിട്ടുണ്ടാവും.
ഇതിനെ വീണ്ടും കൈകൊണ്ട് ഒന്നുകൂടി മിക്സ് ചെയ്യുക. ഇതിലേക്ക് തേങ്ങ ചിരകിയത്, ഗ്രേറ്റ് ചെയ്തെടുത്ത കാരറ്റ് ആവശ്യത്തിന്, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര, മൂന്ന് ടേബിൾ സ്പൂൺ പാൽപ്പൊടി, ഒരു ടീസ്പൂൺ നെയ്യ് എന്നിവ ചേർക്കുക. തുടർന്ന് കൈകൊണ്ട് ഇവ നന്നായി മിക്സ് ചെയ്യുക. നാവിൽ വെള്ളം നിറയ്ക്കുന്ന മണമായിരിക്കും ഈ സമയം. തുടർന്ന് സാധാരണ പുട്ടുണ്ടാക്കുന്നതുപോലെ പുട്ടുകുറ്റിയിൽ മാവ് നിറച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക. എത്രയും പെട്ടെന്നുതന്നെ പരീക്ഷിച്ചുനോക്കാൻ മറക്കല്ലേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |