വ്യത്യസ്തമെങ്കിലും സമാനമായ ആശയമുള്ള രണ്ടു വിധികളാണ് സുപ്രീംകോടതിയിൽ നിന്നും സംസ്ഥാന ഹൈക്കോടതിയിൽ നിന്നും കഴിഞ്ഞ ദിവസമുണ്ടായത്. ഉത്തർപ്രദേശ് ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്ന് പിരിച്ചുവിട്ട ദിവസക്കൂലിക്കാരായ പൂന്തോട്ട പരിപാലകരെ തിരിച്ചെടുക്കാനും സ്ഥിരപ്പെടുത്താനുമുള്ളതാണ് സുപ്രീംകോടതി ഉത്തരവ്. നിസാരമായ കേസുകൾ മറച്ചുവച്ചതിന്റെ പേരിൽ ജീവനക്കാരനെ പിരിച്ചുവിടാൻ പാടില്ലെന്നതാണ് ഹൈക്കോടതിയുടെ തീർപ്പ്. രണ്ട് കേസുകളിലും നിയമപരമായ ചട്ടങ്ങൾക്കപ്പുറം മാനുഷികമായ പരിഗണനയ്ക്കാണ് കോടതി ഊന്നൽ നൽകിയത്. നീതി നടപ്പാക്കാൻ ചില സന്ദർഭങ്ങളിൽ അതാവും വേണ്ടിവരിക. ദിവസക്കൂലിക്കാരുടെ കേസിൽ, ദീർഘകാലമായി ജോലിയിൽ തുടരുന്നവരെ അവർ താത്‌കാലികക്കാരാണെന്ന കാരണത്താൽ പിരിച്ചുവിടുന്നത് ചൂഷണത്തിനു തുല്യമാണെന്നാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, പ്രസന്ന ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്.
തുടർച്ചയായ വർഷങ്ങളിൽ മുനിസിപ്പൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ, ന്യായമായ കരാർ ഇല്ലാത്ത സാഹചര്യം കൂടിയാണെങ്കിൽപ്പോലും പിരിച്ചുവിടുന്നത് നിയമപരമായും ധാർമ്മികമായും ശരിയല്ലെന്നാണ് കോടതി നിരീക്ഷിച്ചത്. ദിവസ വേതന വ്യവസ്ഥയിൽ തിരിച്ചെടുക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ട്, ഇവരെ തിരിച്ചെടുത്ത് സ്ഥിരപ്പെടുത്താനും പിരിച്ചുവിട്ട നാൾ മുതൽ തിരിച്ചെടുത്ത നാൾ വരെയുള്ള കാലത്തെ വേതനത്തിന്റെ 50 ശതമാനം നൽകാനുമാണ് കോടതി വിധിച്ചത്. ഗാസിയാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ ഹോർട്ടിക്കൾച്ചർ വകുപ്പിൽ 1998 മുതൽ തോട്ടം ജീവനക്കാരായി ജോലിചെയ്തിരുന്നവർക്കാണ് ഒടുവിൽ സുപ്രീംകോടതിയിൽ നിന്ന് നീതി ലഭിച്ചത്. സ്ഥിര നിയമനത്തിനായി ഇവർ 2004-ൽ തൊഴിൽ വകുപ്പിനെ സമീപിച്ചിരുന്നു. ഇതോടെ ഭൂരിപക്ഷം പേരെയും 2005 ജൂലായിൽ പിരിച്ചുവിട്ടു. അവർ ലേബർ കോടതിയെയും ഹൈക്കോടതിയെയും സമീപിച്ചു. ഹർജിക്കാരായ തൊഴിലാളികളെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സ്ഥിരപ്പെടുത്താൻ പറഞ്ഞിരുന്നില്ല. തിരിച്ചെടുക്കാനുള്ള ഉത്തരവിനെതിരെ കോർപ്പറേഷനും സ്ഥിരപ്പെടുത്താൻ തൊഴിലാളികളും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
താത്കാലികമായി ജോലിയിൽ കയറുന്ന തൊഴിലാളിയെ; അതും, വളരെ താഴെ തട്ടിലുള്ള ജോലികൾ ചെയ്യുന്നവരെ വർഷങ്ങളോളം ആ ജോലിയിൽ സ്ഥിരജോലിക്കാരുടെ ആനുകൂല്യങ്ങളില്ലാതെ ജോലിചെയ്യാൻ അനുവദിച്ചിട്ട് ഒരു സുപ്രഭാതത്തിൽ പിരിച്ചുവിടുന്നത് നീതിയല്ല. ദീർഘകാലം ഒരാൾ ഒരു ജോലിയിൽ തുടരുമ്പോൾ അയാളുടെ കുടുംബത്തിന്റെ നിലനിൽപ്പും ആ ജോലിയിൽ നിന്നുള്ള വരുമാനത്തെ ആശ്രയിച്ചായിരിക്കും. താത്കാലികക്കാരൻ എന്ന പേരിൽ ആ തൊഴിലാളിയെ പിരിച്ചുവിടുമ്പോൾ അയാളുടെ കുടുംബം കൂടിയാണ് പെരുവഴിയിലാകുന്നത്. ദീർഘകാലമായി തുടരുന്ന താത്കാലികക്കാരെ പിരിച്ചുവിടാൻ തീരുമാനിക്കുന്ന ഓരോ സ്ഥാപനവും ഈ വിധി പാഠമായി ഉൾക്കൊള്ളേണ്ടതാണ്.
കേന്ദ്ര സർവീസ് ഉദ്യോഗസ്ഥനായ ഒരാളെ, അയാൾ ജോലിയിൽ പ്രവേശിച്ചപ്പോൾ രണ്ട് ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നെന്ന വിവരം മറച്ചുവച്ചു എന്നതിന്റെ പേരിൽ പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കാനാണ് ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ഡി.കെ. സിംഗ് ഉത്തരവിട്ടത്. കോളേജ് വിദ്യാഭ്യാസകാലത്ത് രജിസ്റ്റർ ചെയ്യപ്പെട്ട രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ഉണ്ടായിരുന്നത്. അതിൽ ആക്രമണ കേസ് ഹൈക്കോടതി റദ്ദാക്കിയതായും ഗതാഗതം തടസപ്പെടുത്തിയെന്ന കേസ് പിഴയടച്ച് തീർത്തതായും ഹർജിക്കാരൻ വാദിച്ചു. മൈനർ കേസുകൾ വെളിപ്പെടുത്തിയില്ലെന്നത് ജോലിയിൽ നിന്ന് പിരിച്ചുവിടാൻ മതിയായ കാരണമല്ലെന്ന് സുപ്രീംകോടതിയുടെ മുൻ ഉത്തരവുകളടക്കം പരിശോധിച്ച് ഹൈക്കോടതി വിലയിരുത്തി. ഹർജിക്കാരനെക്കൂടി കേട്ട് ഒരു മാസത്തിനകം നിയമപരമായ തീരുമാനമെടുക്കാൻ ഇയാളെ പിരിച്ചുവിട്ട കമാൻഡിംഗ് ഓഫീസർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുകയാണ്. ഇക്കാലത്ത് ഒരു കേന്ദ്ര സർക്കാർ ജോലി കിട്ടുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അപ്പോൾ നിസാര കാര്യങ്ങളുടെ പേരിൽ പിരിച്ചുവിടുന്നത് ഒരിക്കലും നീതിയുക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |