രാജ്യത്തെ പൊലീസ് സ്റ്റേഷനുകളിലെല്ലാം സി.സി ടിവി ക്യാമറകൾ സ്ഥാപിക്കണമെന്ന് സുപ്രീംകോടതി നേരത്തേ ഉത്തരവിട്ടിരുന്നെങ്കിലും അതിനിയും പൂർണമായും നടപ്പായിട്ടില്ല. പൊലീസ് സ്റ്റേഷനുകളിൽ സ്ഥാപിച്ച സി.സി ടിവി തന്നെ ഉദ്യോഗസ്ഥർക്ക് ഓഫ് ചെയ്യാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ശ്രദ്ധയിൽപ്പെട്ട സുപ്രീംകോടതി ഏതെങ്കിലും ക്യാമറ ഓഫായാൽ അപ്പോൾത്തന്നെ കൺട്രോൾ റൂമിൽ വിവരമറിയുന്ന സംവിധാനം വേണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന കൺട്രോൾ റൂമിനു പകരം എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്വതന്ത്ര കൺട്രോൾ റൂമുകളാണ് അഭികാമ്യമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം അത്യധികം പ്രാധാന്യമുള്ളതാണ്. രാജസ്ഥാനിലെ കസ്റ്റഡി മരണങ്ങളും സ്റ്റേഷനുകളിലെ ക്യാമറകൾ പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.
ലോക്കപ്പ് മർദ്ദനമടക്കമുള്ള പൊലീസ് ക്രൂരതകളെക്കുറിച്ചുള്ള വാർത്തകൾ കേരളത്തിലും ഒന്നൊന്നായി പുറത്തുവന്നുകൊണ്ടിരിക്കെയാണ് ഉന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം. സ്റ്റേഷനുകളിലെ സി.സി ടിവി ദൃശ്യങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ ആവശ്യമാണ്. കൺട്രോൾ റൂമുകളിൽ മനുഷ്യ ഇടപെടൽ ഉണ്ടാവരുത്. ഇതിനായി എ.ഐ സാങ്കേതികവിദ്യയോടെയുള്ള കൺട്രോൾ റൂമുകൾക്കായി ഐ.ഐ.ടികളുടെ സഹായം തേടുന്നത് പരിഗണിക്കാമെന്നും ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. മനുഷ്യാവകാശ ലംഘനങ്ങൾ തടയുന്നതിനായി രാജ്യത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കാൻ 2018-ൽ സുപ്രീംകോടതി ഉത്തരവിട്ടെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികളായ ഇ.ഡി, സി.ബി.ഐ തുടങ്ങിയവർ പോലും ഇതു പാലിക്കുന്നില്ലെന്ന് അഭിഭാഷകർ പറഞ്ഞപ്പോഴാണ് എ.ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇക്കാര്യം പരിഹരിക്കണമെന്ന നിരീക്ഷണം കോടതിയിൽ നിന്നുണ്ടായത്.
അതിനിടെ, പൊലീസ് സ്റ്റേഷനുകളിലെ സി.സി ടിവികളുടെ പ്രവർത്തനം സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്ന് കേരള ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. കുന്നംകുളത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത് ഉൾപ്പെടെയുള്ളവർ നൽകിയ പൊതു താത്പര്യ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. നിയമപാലനം നടത്തേണ്ടവർ തന്നെ നിയമലംഘകരായി മാറിയാൽ രാജ്യത്ത് മനുഷ്യാവകാശങ്ങൾക്ക് ഒരു വിലയുമില്ലാതാകും. മർദ്ദനത്തിലൂടെയേ കുറ്റം തെളിയിക്കാനാകൂ എന്നത് പഴഞ്ചൻ പൊലീസിന്റെ മനോഭാവമാണ്. മർദ്ദനമുറകളുടെ കാഠിന്യവും കുറ്റകൃത്യങ്ങളുടെ എണ്ണവും തമ്മിൽ ബന്ധപ്പെടുത്താനാവില്ല. അതിക്രൂരമായ ശിക്ഷാവിധികൾ നിലവിലുള്ള രാജ്യങ്ങളിലും കുറ്റകൃത്യങ്ങൾ നടക്കാതിരിക്കുന്നില്ല. എന്നാൽ വിദ്യാഭ്യാസത്തിലൂടെയും മാന്യമായ തൊഴിലിലൂടെയും പുരോഗതി നേടുന്ന രാജ്യങ്ങളിൽ കുറ്റകൃത്യങ്ങൾ പൊതുവെ കുറഞ്ഞുവരുന്നതായും കാണുന്നുണ്ട്.
കാലം മാറുന്നതിനനുസരിച്ച് രാജ്യത്തെ പൊലീസും മാറേണ്ടതാണ്. പൊലീസിനെ കാണുമ്പോൾ ജനങ്ങൾക്ക് സുരക്ഷിതത്വ ബോധമാണ് തോന്നേണ്ടത്; ഭയമല്ല. പൊലീസ് സ്റ്റേഷനുകളിൽ സി.സി ടിവി വരുമ്പോൾ ഇടിവീരന്മാർ ആളുകളെ പൊലീസ് വണ്ടിയിലിട്ടാവും കൈകാര്യം ചെയ്യുക. അതിനാൽ പൊലീസിന്റെ വണ്ടികളിലും സി.സി ടിവി ക്യാമറകൾ സ്ഥാപിക്കേണ്ടത് അനിവാര്യമാണ്. കുറ്റവാളികൾ കള്ളം പറയുന്നതുപോലെ തന്നെ ശിക്ഷാനടപടികളിൽ നിന്ന് ഒഴിവാകാൻ പൊലീസ് ഉദ്യോഗസ്ഥരും കള്ളക്കഥകൾ മെനയാറുണ്ട്. എന്നാൽ ക്യാമറ കള്ളം പറയാത്തതിനാൽ അത് തെളിവായിക്കണ്ട് മേലുദ്യോഗസ്ഥർക്കും കോടതികൾക്കുമൊക്കെ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ കഴിയും. ക്യാമറകളുടെ നിയന്ത്രണം അതേ പൊലീസിനെത്തന്നെ ഏല്പിച്ചാൽ ക്യാമറകൾ സ്ഥാപിച്ചതിന്റെ ഉദ്ദേശ്യലക്ഷ്യം തന്നെ അട്ടിമറിക്കപ്പെടും. അതിനാൽ എ.ഐ സാങ്കേതികവിദ്യ ഇതിനായി പ്രയോജനപ്പെടുത്തുന്നത് തന്നെയാണ് ഉത്തമം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |