ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിച്ച "നാരായണീന്റെ മൂന്നാണ്മക്കൾ" തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. സിനിമയുടെ പ്രമോഷൻ വേളയിൽ അലൻസിയർ നടത്തിയ ഒരു വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. "വേട്ടയ്യനിൽ" അഭിനയിച്ചപ്പോൾ പ്രതിഫലം നൽകിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
'എന്റെ ജീവിതത്തിൽ നടന്ന കാര്യം നിങ്ങളറിഞ്ഞോ. ഞാൻ വേട്ടയ്യനിൽ അഭിനയിച്ച കാര്യം നിങ്ങളറിഞ്ഞോ? ഞാൻ രജനികാന്തിനൊപ്പവും അമിതാബ് ബച്ചനൊപ്പവും അഭിനയിച്ചു. എനിക്ക് മുംബയ് വരെ ടിക്കറ്റ് തന്നു. ഞാൻ സത്യസന്ധമായി, തുറന്ന പുസ്തകം പോലെ പറയുകയാണ്. എനിക്ക് ഒരു രൂപ ശമ്പളം കിട്ടിയില്ല.താമസിക്കാൻ ഫൈവ് സ്റ്റാർ ഹോട്ടൽ തന്നു.
ഞാൻ അവിടെ ചെന്ന് ജഡ്ജി വേഷത്തിൽ ഇരിക്കണം. തമാശയാണോ. ഇതുപറയുന്നതുകൊണ്ട് തമിഴിൽ എനിക്ക് വേഷം കിട്ടുമെന്ന് തോന്നുന്നില്ല. ഇവർ രണ്ടുപേരും അഭിനയിക്കുന്നത് എങ്ങനെയാണെന്ന് കാണണം എന്നുമാത്രം മോഹിച്ചുപോയതാണ്. അല്ലാതെ തമിഴിൽ അഭിനയിക്കണമെന്നോ, തമിഴ് കീഴടക്കണമെന്നോ എനിക്ക് താത്പര്യമുണ്ടായിരുന്നില്ല.
ഞാൻ ജഡ്ജി വേഷം കെട്ടി, ചേംബറിൽ കയറിയിരിക്കുമ്പോൾ ഒരു വശത്ത് രജനി സാറും, മറുവശത്ത് അമിതാബ് ബച്ചൻ സാറും ഇരിക്കുന്നു. ഒരാളുടെ പെർഫോമൻസ് ഞാൻ കാണുകയാണ്. ഞാൻ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത്, രജനി സാർ, പറന്നുപോകുന്ന ഹെലികോപ്ടറിനെ നിർത്തുന്നതൊക്കെ കണ്ടിട്ടുണ്ട്. ഇയാൾ എങ്ങനെയാണ് പെർഫോം ചെയ്യുന്നതെന്ന് കാണാൻ വേണ്ടിയാണ് ഞാൻ ആ സിനിമയ്ക്ക് ഡേറ്റ് കൊടുത്തത്. ഒറ്റ ദിവസമേ ഷൂട്ട് ഉള്ളൂ.
രജനി സാർ പെർഫോം ചെയ്യുന്നു. കോർട്ടിനകത്തുനിന്ന് പുറത്തേക്ക് പോകുന്നു. പിന്നെ അടുത്തയാളുടെ പെർഫോമൻസാണ്. ഒരു സിംഹം ഗർജ്ജിക്കുന്നതുപോലെയുള്ള അമിതാബ് ബച്ചന്റെ ശബ്ദം. ജഡ്ജി ഞെട്ടി. ഇവരോടൊപ്പം പിടിച്ചുനിൽക്കാൻ എനിക്ക് പറ്റില്ലെന്ന് മനസിലായി.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |