ന്യൂഡൽഹി: ദീർഘദൂര പരീക്ഷണ ഓട്ടം വിജയകരമായതോടെ കൂടുതൽ വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾ രാജ്യത്ത് തയ്യാറാകാൻ പോകുകയാണ്. ഒൻപതോളം പ്രീമിയം ട്രെയിനുകളാണ് ഇത്തരത്തിൽ തയ്യാറാകുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്‌ടറിയിലാകും വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾ നിർമ്മിക്കുന്നത്. ഈ വർഷം ഡിസംബറോടെ ട്രെയിനുകളുടെ നിർമാണം പൂർത്തിയാകും. 16 കോച്ചുകളാകും ഇവയിലുണ്ടാകുക.
ഇവയ്‌ക്ക് പുറമേ 24 കോച്ചുകളുള്ള വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും ഇന്ത്യൻ റെയിൽവെ പുറത്തിറക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനായി ട്രെയിനിന് വൈദ്യുതി നൽകുന്ന പ്രൊപ്പൽഷൻ സിസ്‌റ്റത്തിന് ഓർഡർ നൽകിയിട്ടുണ്ട്. 24 കോച്ച് വന്ദേഭാരത് സ്ളീപ്പർ ട്രെയിനിനുള്ള 50 റേക്കുകളാണ് കഴിഞ്ഞ ഡിസംബർ 17ന് ഓർഡർ നൽകിയത്. ഹൈദരാബാദ് ആസ്ഥാനമായുള്ള മേധ, അൽസ്‌റ്റോം എന്നിവയാണ് ഇവ വിതരണം ചെയ്യുക. മേധ 33 റേക്കുകളും അൽസ്റ്റോം 17 റേക്കുകളുമാണ് രണ്ട് വർഷം കൊണ്ട് നൽകുക. 24 കോച്ചുകളുള്ള വന്ദേഭാരത് സ്ളീപ്പർ ട്രെയിനിന്റെ പൂർണതോതിലെ നിർമ്മാണം 2026-27ൽ നടക്കും.
ഇവ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായി റെയിൽവെയുടെ ഗവേഷണ വിഭാഗമായ റിസർച്ച് ഡിസൈൻസ് സ്‌റ്റാന്റേർഡ്‌സ് ഓർഗനൈസേഷൻ (ആർഡിഎസ്‌ഒ) ട്രെയിനിൽ ട്രയൽ റൺ നടത്തി അന്തിമ സർട്ടിഫിക്കറ്റ് നൽകും. റെയിൽവെ സുരക്ഷാ കമ്മീഷണർ ട്രെയിൻ പരമാവധി വേഗത്തിൽ ഓടുമ്പോൾ പരിശോധന നടത്തും. ആദ്യ 16കാർ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ ആർഡിഎസ്‌ഒ ട്രയൽ റൺ പരീക്ഷണം നടത്തിയത് ജനുവരി 15നായിരുന്നു. മുംബയ്-അഹമ്മദാബാദ് സെക്ഷനിൽ 540 കിലോമീറ്റർ ദൂരമായിരുന്നു പരീക്ഷണ ഓട്ടം. ഹ്രസ്വദൂരത്തിൽ അതിവേഗം ഓടിച്ച് പരീക്ഷണം നടത്തിയത് കോട്ടയിലാണ്. 180 കിലോമീറ്റർ വേഗത്തിലാണ് ഇവിടെ ഓടിയത്.
ഫസ്റ്റ്‌ക്ളാസ് എസി, എസി 2-ടയർ, എസി-3ടയർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി 1128 യാത്രക്കാർക്ക് സഞ്ചരിക്കാവുന്ന വന്ദേഭാരത് സ്ളീപ്പറിൽ ക്രാഷ് ബഫറും, ഫയർ ബാരിയർ വാളുമടക്കം സുരക്ഷാ ക്രമീകരണങ്ങളുണ്ട്. വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകൾക്കായി റെയിൽവെ മറ്റ് രണ്ട് പ്രധാന കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. 2023 ജൂണിൽ തിതഗർഗ് റയിൽ സിസ്റ്റം ലിമിറ്റഡും ഭെല്ലും ചേർന്ന കൺസോർഷ്യം 80 വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾ 24000 കോടി ചെലവിൽ നിർമ്മിക്കുന്നതാണിത്. ഇന്ത്യ-റഷ്യ സംയുക്തസംരംഭമായ കൈനറ്റ് റെയിൽവെ സൊലൂഷ്യൻസുമായി 2023 സെപ്‌തംബർ 27ന് വന്ദേ ഭാരത് സ്ളീപ്പർ ട്രെയിനുകൾ നിർമ്മിക്കാൻ മറ്റൊരു കരാറിൽ റെയിൽവെ ഏർപ്പെട്ടിരുന്നു. നിലവിൽ നിർമ്മാണം നടത്താനൊരുങ്ങുന്നതിൽ രണ്ടാം റേക്ക് സതേൺ റെയിൽവെയ്‌ക്കാണ് എന്ന് സൂചനകൾ മുൻപുണ്ടായിരുന്നു. തിരുവനന്തപുരം-മംഗലാപുരം, ഹൈദരാബാദ്-ചെന്നൈ റൂട്ടുകളിൽ ഇവ അനുവദിക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |