ഫീൽഡ് ഔട്ട് ആയെന്ന് പരിഹസിച്ചവർക്ക് ചുട്ടമറുപടിയുമായി നടൻ പ്രശാന്ത് അലക്സാണ്ടർ. ട്രോൾ വീഡിയോയ്ക്കാണ് അദ്ദേഹം കമന്റ് ചെയ്തിരിക്കുന്നത്. ഫീൽഡ് ഔട്ട് ആയ താരങ്ങൾ എന്ന് പറഞ്ഞുകൊണ്ട് മണിക്കുട്ടൻ, കൈലാഷ്, ഭഗത് മാനുവൽ, രജിത് മേനോൻ, നിഷാൻ അടക്കമുള്ള ചില താരങ്ങളുടെ ചിത്രങ്ങൾ കാണിച്ചുകൊണ്ടുള്ളതാണ് വീഡിയോ.
ഈ വീഡിയോയുടെ താഴെയാണ് പ്രശാന്ത് അലക്‌സാണ്ടർ കമന്റ് ചെയ്‌തിരിക്കുന്നത്. 'മരിക്കുന്നത് വരെ ഒരാൾ ഫീൽഡ് ഔട്ട് ആയി എന്ന് വിധി എഴുതാൻ പറ്റില്ല. 2002 ൽ ഫീൽഡ് ഔട്ട് ആയ നടൻ ഫഹദ് ഫാസിൽ ഇപ്പോൾ എവിടെ എത്തി നിൽക്കുന്നു എന്നത് ചിന്തിക്കണം. ജീവിതത്തിനോടും വിധിയോടും പോരാടി പാഷന്റെ പിന്നാലെ സഞ്ചരിക്കുന്ന പോരാളികളുടെ മനോവീര്യം കെടുത്തുന്ന ഇത് പോലെയുള്ള പോസ്റ്റുകൾ ഇടുന്നവർ, എന്ത് ലാഭത്തിന് വേണ്ടി ആണെങ്കിലും, മനോരോഗികൾ ആണ്. നിങ്ങൾക്ക് വേണ്ടി പ്രാർഥിക്കുന്നു.' എന്നാണ് നടൻ കമന്റ് ചെയ്തത്.
ഈ കമന്റിന് നിരവധി പേർ ലൈക്ക് ചെയ്‌തിട്ടുണ്ട്. കൂടാതെ പ്രശാന്ത് അലക്‌സാണ്ടറെ പിന്തുണച്ചുകൊണ്ടും ചിലർ കമന്റ് ചെയ്‌തിട്ടുണ്ട്. 'പണി', 'ടർബോ', 'പുഴു', 'മഹേഷും മാരുതിയും', 'സിബിഐ 5' അടക്കം നിരവധി ചിത്രങ്ങളിൽ പ്രശാന്ത് അലക്സാണ്ടർ അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പുതിയ ചിത്രമായ 'പാർട്‌ണേഴ്സ്' അടുത്തിടെയാണ് റിലീസ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |