വയനാട്: പാതിവില തട്ടിപ്പുകേസിൽ രണ്ടാംപ്രതി അനന്തുകൃഷ്‌ണനെതിരെ വയനാട്ടിൽ നിന്നും ഒക്‌ടോബർ മാസത്തിൽ തന്നെ പരാതി നൽകിയിരുന്നതായി വിവരം. പകുതിവിലയ്‌ക്ക് സാധനങ്ങൾ വാങ്ങുന്നതിൽ അഴിമതി ഉണ്ടോയെന്ന് സംശയിക്കുന്നതായി 2024 ഒക്‌ടോബറിൽ ബത്തേരി സ്വദേശി സിറാജുദ്ദീനാണ് പൊലീസിൽ പരാതിപ്പെട്ടത്. വയനാട് എസ്.പിയ്‌ക്കാണ് അന്ന് പരാതി നൽകിയിരുന്നത്. എന്നാൽ ഉൽപ്പന്നങ്ങൾ ലഭിച്ചില്ല എന്ന് എവിടെയും പരാതിയില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണം അന്ന് പൊലീസ് അവസാനിപ്പിക്കുകയായിരുന്നു. ഇക്കാര്യം പൊലീസ് പരാതിക്കാരനെ അറിയിച്ചു.
സി.എസ്.ആർ ഫണ്ട് കമ്പനികളിൽ നിന്ന് കിട്ടുമെന്ന് തെറ്റിദ്ധരിപ്പിച്ച് ആയിരത്തോളം സന്നദ്ധ സംഘടനകളെയാണ് എൻ.ജി.ഒ കോൺഫെഡറേഷനിൽ അംഗമാക്കിയതെന്ന് വിവിധ സന്നദ്ധ സംഘടനകളുടെ പ്രതിനിധികൾ വെളിപ്പെടുത്തി. 2023 ലെ കോൺഫെഡറേഷൻ യോഗത്തിൽ ദേശീയ കോ-ഓർഡിനേറ്റർ എന്ന നിലയിലാണ് കെ.എൻ. ആനന്ദ കുമാർ, അനന്തുകൃഷ്ണനെ പരിചയപ്പെടുത്തുന്നത്. പിരിച്ചുനൽകുന്ന പണത്തിന് ഉത്പന്നങ്ങൾ ലഭിച്ചില്ലെങ്കിൽ താൻ പണം തിരിച്ച് നൽകുമെന്ന് കോൺഫെഡറേഷൻ ആജീവനാന്ത ചെയർമാൻകൂടിയായ കെ.എൻ.ആനന്ദ കുമാർ പറഞ്ഞെന്ന് സന്നദ്ധസംഘടനാ ഭാരവാഹികൾ പറയുന്നു. ഈ ഉറപ്പിന്റെ ബലത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തി കോടിക്കണക്കിന് രൂപ പിരിച്ചുനൽകിയത്.
ഉപഭോക്താക്കളെ ചേർക്കുന്നതിന് ആനുപാതികമായി പ്രതിവർഷം ചെറിയൊരു വിഹിതം കമ്മിഷനായി സന്നദ്ധ സംഘടനകൾക്ക് വാഗ്ദ്ധാനം ചെയ്തിരുന്നു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണന്റെ സൈൻ എന്ന സംഘടന രാഷ്ട്രീയ താത്പര്യങ്ങൾക്കായി സഹായം നൽകുന്നുണ്ടെന്ന് കോൺഫെഡറേഷൻ യോഗത്തിൽ മറ്റു സന്നദ്ധ സംഘടന ഭാരവാഹികൾ പരാതി പറഞ്ഞിരുന്നു. അന്ന് എ.എൻ. രാധാകൃഷ്ണനെ അനുകൂലിക്കുന്ന നിലപാടാണ് ആനന്ദ കുമാർ സ്വീകരിച്ചതെന്നും സംഘടനാ ഭാരവാഹികൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |