തിരുവനന്തപുരം: സ്വകാര്യ സർവകലാശാല ബില്ലിന് സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നൽകി. വിസിറ്റർ തസ്തിക ഒഴിവാക്കിക്കൊണ്ടാണ് കരട് ബില്ലിന് അനുമതി നൽകിയിരിക്കുന്നത്. നിയമസഭ നടപ്പ് സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമെന്നാണ് വിവരം. സിപിഐയുടെ എതിർപ്പ് മൂലമാണ് നിർണായക മാറ്റം.
ഫീസിലും വിദ്യാർത്ഥി പ്രവേശനത്തിലും സർക്കാരിന് നിയന്ത്രണമില്ലാതെയാണ് സ്വകാര്യ സർവകലാശാല കരട് ബിൽ തയ്യാറാക്കിയത്. സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങളിൽ സർക്കാറിന് അധികാരം ഉണ്ടാകും. നിയമം ലംഘിച്ചാൽ ആറ്മാസം മുൻപ് നോട്ടീസ് നൽകി സർവകലാശാല പിരിച്ചുവിടാൻ സർക്കാരിന് അധികാരമുണ്ടാകും.
ഡൽഹിയിലെ ഡോ. ബി.ആർ. അംബേദ്കർ സർവകലാശാല മുൻ വി.സി ശ്യാം ബി. മേനോന്റെ നേതൃത്വത്തിൽ രൂപീകരിച്ച കമ്മിഷന്റെ ശുപാർശ പ്രകാരമാണ് സ്വകാര്യ സർവകലാശാല ബിൽ തയ്യാറാക്കിയത്. സംസ്ഥാനത്ത് ആരോഗ്യം, സാങ്കേതികം, നിയമം തുടങ്ങിയ മേഖലകളിൽ സ്വകാര്യ സർവകലാശാലകൾ സ്ഥാപിക്കാനുള്ള താത്പര്യവുമായി ഇരുപതിലേറെ സ്ഥാപനങ്ങൾ മുന്നോട്ട് വന്നിട്ടുണ്ട്. മണിപ്പാൽ, സിംബയോസിസ്, അമിറ്റി തുടങ്ങി രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങൾക്കും കേരളത്തിൽ സർവകലാശാല ആരംഭിക്കാൻ താത്പര്യമുണ്ടെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |