ന്യൂഡൽഹി : ഡൽഹിയിൽ മുഖ്യമന്ത്രി ആരാകണമെന്നതിൽ ആർ.എസ്.എസ് നിലപാട് നിർണായകമാകും. 27 വർഷത്തിന് ശേഷം ബി.ജെ.പിക്ക് ഡൽഹി പിടിക്കാനായതിൽ ആർ.എസ്.എസ് കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. 50,000ൽ അധികം കുടുംബയോഗങ്ങളാണ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചത്. പരമാവധി വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനും ശ്രമമുണ്ടായി.
ക്ലീൻ ഇമേജുള്ള വ്യക്തിയായിരിക്കണം മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിലേക്ക് വരേണ്ടതെന്ന് ബി.ജെ.പിയെ ആർ.എസ്.എസ് അറിയിച്ചുവെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദി നാലു ദിവസത്തെ ഫ്രാൻസ് - യു.എസ് സന്ദർശനത്തിന് ഇന്നലെ പുറപ്പെട്ട സാഹചര്യത്തിൽ അദ്ദേഹം തിരിച്ചുവന്ന ശേഷമാകും സത്യപ്രതിജ്ഞാ ചടങ്ങ്.
ഒന്നിൽ കൂടുതൽ ഉപമുഖ്യമന്ത്രിമാരാകാം എന്ന വികാരം ബി.ജെ.പി നേതൃത്വത്തിനുണ്ട്. ജാതി സമവാക്യങ്ങൾ പരിഗണിക്കും. പരമാവധി 55 വയസ് വരെയുള്ള, സംഘടനാ പാടവവും അനുഭവപരിചയവുമുള്ള വ്യക്തികളെ പദവികളിലേക്ക് കൊണ്ടുവരാനും ആലോചിക്കുന്നു. മുഖ്യമന്ത്രി പദത്തിലേക്ക് പർവേഷ് സാഹിബ് സിംഗ് വെർമയുടെ പേരിന് തന്നെയാണ് ഇപ്പോഴും മുൻതൂക്കം. ജാട്ട് വിഭാഗത്തിലെ നേതാവാണ് പർവേഷ്. എട്ടു ലക്ഷത്തിൽപ്പരം ജാട്ട് സമുദായക്കാർ ഡൽഹിയിലുണ്ട്. മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കപ്പെടുന്ന പേരുകാരിൽ വിജേന്ദർ ഗുപ്‌തയും രേഖ ഗുപ്‌തയും അജയ് മഹാവറും ബനിയ സമുദായംഗങ്ങളാണ്.
യമുനയുടെ ശാപമെന്ന്
ആം ആദ്മി പാർട്ടിയുടെ പരാജയത്തിന് കാരണം യമുനയുടെ ശാപമാണെന്ന് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി. കെ. സക്സേന. ഞായറാഴ്ച രാജ് നിവാസിൽ രാജിക്കത്ത് നൽകാനെത്തിയ മുഖ്യമന്ത്രി അതിഷിയോട് ഇക്കാര്യം പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ. യമുനയിലെ മലിനീകരണം നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന വിഷയങ്ങളിൽ ഒന്നായി ബി.ജെ.പി ഉയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |