കൊച്ചി: തിരുവനന്തപുരം വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പാർട്ടി സമ്മേളനം നടത്തിയതുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഹൈക്കോടതിയിൽ ഹാജരായി. ഗോവിന്ദന്റെ അപേക്ഷ പരിഗണിച്ച് ഇനി നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി. വിശദീകരണമുൾപ്പെട്ട സത്യവാങ്മൂലം ഗോവിന്ദൻ മൂന്നാഴ്ചയ്‌ക്കകം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു.
ഗതാഗതം തടസപ്പെടുത്തിയ വിവിധ സമ്മേളനങ്ങൾക്കെതിരായ കോടതിഅലക്ഷ്യ ഹർജികൾ ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചാണ് പരിഗണിക്കുന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കമുള്ളവർ തിങ്കളാഴ്ച കോടതിയിൽ ഹാജരായിരുന്നു.
നടപടി അറിയിക്കണം
റോഡും ഫുട്പാത്തും കെട്ടിയടച്ചുള്ള യോഗങ്ങളും പരിപാടികളും ആവർത്തിക്കാതിരിക്കാൻ സ്വീകരിച്ച നടപടികൾ അറിയിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. വിഷയത്തിൽ പൊലീസ് സമർപ്പിച്ച സത്യവാങ്‌മൂലത്തിൽ തൃപ്തിയില്ലെന്ന് കോടതി ആവർത്തിച്ചു. ആരെയെല്ലാമാണ് പ്രതിചേർത്തതെന്നടക്കം വിവരിച്ച് അധിക സത്യവാങ്‌മൂലം സമർപ്പിക്കാനും നിർദ്ദേശിച്ചു. വിഷയം മാർച്ച് 3ന് വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |