
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാർട്ടി ഉടൻ നടപടിയെടുക്കില്ലെന്ന് റിപ്പോർട്ട്. കുറ്റപത്രം സമർപ്പിച്ചശേഷം മാത്രമേ ശക്തമായ നടപടി ഉണ്ടാകുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് വ്യക്തമാക്കിയത്. പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദൻ നിലപാട് അറിയിച്ചത്. നിലവിൽ ജില്ലാകമ്മിറ്റി അംഗമാണ് പത്മകുമാർ.
പാർട്ടി വിശ്വസിച്ച് ചുമതല ഏൽപ്പിച്ചവർ പാർട്ടിയോട് നീതി പുലർത്തിയില്ല. എൻ വാസു ഉദ്യോഗസ്ഥനായിരുന്നു. എന്നാൽ പത്മകുമാർ അങ്ങനെയല്ല. കുറ്റപത്രം സമർപ്പിച്ചശേഷം ശക്തമായ നടപടി ഉണ്ടാകുമെന്നാണ് അദ്ദേഹം ജില്ലാകമ്മിറ്റിയിൽ വ്യക്തമാക്കിയതെന്നാണ് റിപ്പോർട്ട്.
അതേസമയം, മുൻ എംഎൽഎ കൂടിയായ പത്മകുമാറിനെതിരെ ശക്തമായ നടപടിവേണമെന്നാണ് പാർട്ടി പ്രവർത്തകരുടെ അവശ്യം. പത്മകുമാറിനെ ജില്ലാ കമ്മിറ്റിയിൽ നിലനിർത്തിയാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നവർ ജനങ്ങളോട് എന്തുമറുപടി പറയുമെന്നാണ് അവർ ചോദിക്കുന്നത്. ഇതിനുള്ള പ്രതിവിധി കടുത്ത നടപടി മാത്രമാണെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
പത്മകുമാറിനെ സംരക്ഷിക്കുകയോ തള്ളിപ്പറയുകയോ വേണ്ടെന്ന നിലപാടാണ് ശനിയാഴ്ച പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം ഡോ.തോമസ് ഐസക്ക് അറിയിച്ചിരുന്നത്. ഇത്തരം അഴകൊഴമ്പൻ നിലപാടുകൾ ജനങ്ങളിൽ കടുത്ത അനിഷ്ടം സൃഷ്ടിക്കുമെന്നും പ്രവർത്തകർ കരുതുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |