തിരുവനന്തപുരം: ബഡ്ജറ്റിന്റെ പൊതുചർച്ചയ്ക്കിടെ മുഖ്യമന്ത്രി പദവിയെ ചൊല്ലി പരസ്പരം പരിഹസിച്ച് കെ.കെ.ശൈലജയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും. കേരളം ഇപ്പോൾ സാക്ഷ്യം വഹിക്കുന്ന വികസന തുടർച്ചയാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അതുകൊണ്ടുതന്നെ എൽ.ഡി.എഫ്. സർക്കാരിന് ഭരണ തുടർച്ചയുണ്ടാകുമെന്നും കെ.കെ.ശൈലജ. അഥവാ യു.ഡി.എഫിന് ഭരണം കിട്ടിയാൽത്തന്നെ എങ്ങനെ ഭരിക്കും. നിങ്ങൾക്ക് എല്ലാവർക്കും മുഖ്യമന്ത്രിയാകേണ്ടേയെന്ന് പരിഹസിക്കുകയും ചെയ്തു. എത്രയാളുകളാണ് മുഖ്യമന്ത്രിയാകാൻ കാത്തിരിക്കുന്നത്. ഒരാൾ പറഞ്ഞത് മുഖ്യമന്ത്രിയാകാൻ ഡൽഹിയിൽ നിന്ന് പറന്നിറങ്ങേണ്ട കാര്യമില്ലെന്നാണ്. അപ്പോഴാണ് മുസ്ലീം ലീഗിന് തോന്നിയത് മുഖ്യമന്ത്രിയായാൽ എന്താണ് കുഴപ്പമെന്ന്- ശൈലജ ചൂണ്ടിക്കാട്ടി.
തങ്ങൾക്കിടയിൽ യാതൊരു പ്രശ്നവുമില്ലെന്ന് വി.ഡി. സതീശൻ മറുപടി നൽകി. എന്നാൽ, ശൈലജ ടീച്ചർക്ക് വലിയ വിഷമം ഉണ്ടാകും. കാരണം ടീച്ചർ ഒരു പി.ആർ.ഏജൻസിയൊക്കെ വെച്ച് മുഖ്യമന്ത്രിയാകാൻ ഇറങ്ങിയതുകൊണ്ടാണ് ട്രഷറി ബെഞ്ചിൽ ഇരിക്കേണ്ട ടീച്ചർ ഇപ്പോൾ ഇവിടെ ഇരിക്കുന്നത്. അതിനു വെറുതേ ഞങ്ങളുടെ മീതെ കയറരുതെന്നും വി.ഡി.സതീശൻ തിരിച്ചടിച്ചു. ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ല. കുറച്ച് പുറത്തുള്ള ആളുകളും മീഡിയയും ചേർന്ന് നൽകുന്ന വർണനകളാണ് അവയെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |