SignIn
Kerala Kaumudi Online
Monday, 24 March 2025 10.07 AM IST

ആരാണ് ഇതൊക്കെ പറയാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്? സുരേഷ് കുമാറിനെതിരെ ആന്റണി പെരുമ്പാവൂർ

Increase Font Size Decrease Font Size Print Page
suresh-kumar-antony

മലയാളസിനിമയിലെ നിർമ്മാതാക്കളുടെ സംഘനയ‌്ക്കുള്ളിൽ ചേരിപ്പോര് മുറുകുന്നു. നടന്മാരും സംവിധായകരും വലിയ തുക പ്രതിഫലമായി ചോദിക്കുന്നതുമായി ബന്ധപ്പെട്ട് സുരേഷ് കുമാർ നടത്തിയ പരാമർശങ്ങൾക്കെതിരെ ആന്റണി പെരുമ്പാവൂർ രംഗത്തെത്തി. ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ സുരേഷ്‌കുമാർ പറഞ്ഞത് സിനിമയ‌്ക്കുള്ളൽ പ്രവർത്തിക്കുന്ന നൂറ് കണക്കിന് ആളുകളെ ബാധിക്കുന്നതാണെന്നും, ഇതൊക്കെ പറയാൻ ആരാണ് സുരേഷ് കുമാറിനെ ചുമതലപ്പെടുത്തിയതെന്ന് ആന്റണി ചോദിച്ചു.

ആന്റണി പെരുമ്പാവൂരിന്റെ വാക്കുകൾ-

എനിക്ക് പറയാനുള്ളത്...?
കഴിഞ്ഞ മാസത്തെ മലയാള സിനിമയെ വിലയിരുത്തി മലയാള സിനിമാവ്യവസായത്തെപ്പറ്റി മുതിർന്ന നിർമ്മാതാവും നടനുമൊക്കെയായ ശ്രീ സുരേഷ്‌കുമാർ മാദ്ധ്യമങ്ങളോടു നടത്തിയ തുറന്നുപറച്ചിലിനെപ്പറ്റി ചിലതു പറയണമെന്നുള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയിൽ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമദ്ദേഹത്തിനുണ്ട്. എന്നാൽ, ഒരു സംഘടനയെ പ്രതിനിധീകരിക്കുമ്പോൾ, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയിൽ അവതരിപ്പിക്കേണ്ടത്. അപ്പോഴേ സംഘടനയിലെ ഭൂരിപക്ഷത്തിന് ആ അഭിപ്രായത്തിനോടൊപ്പം നിൽക്കാനും പിന്തുണയ്ക്കാനും സാധിക്കൂ. സംഘടനയിൽ അഭിപ്രായ സമന്വയമില്ലാത്ത കാര്യങ്ങൾ വ്യക്തിപരമായി പൊതുസമക്ഷം അവതരിപ്പിക്കാൻ അദ്ദേഹം തയാറായതുകൊണ്ടുമാത്രം, അതേ സ്വാതന്ത്ര്യം എടുത്തുകൊണ്ട്, ഞാനും ചിലതു ജനങ്ങൾക്കുമുന്നിൽ തുറന്നുപറയുകയാണ്.


ജൂൺ ഒന്ന് മുതൽ നിർമ്മാതാക്കൾ സമരത്തിനിറങ്ങുന്നതായി വലിയ ആവേശത്തിൽ ശ്രീ സുരേഷ്‌കുമാർ പറഞ്ഞതു ഞാനും കണ്ടു. മറ്റു ചില സംഘടനകളിൽ നിന്നുണ്ടായ സമ്മർദ്ദങ്ങൾക്കു വഴങ്ങിയാവണം അദ്ദേഹം അങ്ങനെ പറയാൻ തയാറായത് എന്നാണ് ഞാൻ കരുതുന്നത്. ഇത്തരത്തിലൊരു സമരനീക്കം സിനിമയ്ക്ക് ഒരുതരത്തിലും ഗുണമാകുമെന്നു ഞാൻ കരുതുന്നില്ല. കാരണം നൂറുകണക്കിനാളുകളെ, അതുവഴി ആയിരക്കണക്കിനു കുടുംബങ്ങളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന ഒന്നാണത്. സംഘടനയെ പ്രതിനിധീകരിച്ച് ആരാണ് ഇതൊക്കെ പറയാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്, എന്താണ് അതിനു പിന്നിലെ ചേതോവികാരം എന്നൊക്കെയുള്ള കാര്യങ്ങളിൽ വ്യക്തത വേണ്ടതുമുണ്ട്.കൂട്ടത്തിലുള്ളവരെപ്പറ്റിയും സിനിമയിലെ മറ്റു മേഖലകളിലുള്ളവരെയും പുത്തൻതലമുറയെപ്പറ്റി കടുത്തഭാഷയിൽ വിമർശിച്ചാൽ അദ്ദേഹത്തോടൊപ്പം സംഘടനയിലെ മറ്റുള്ളവർ നിശബ്ദമായി പിന്തുണയ്ക്കുമെന്നാണ് അദ്ദേഹത്തിന്റെ ധാരണയെന്നും അതു കേട്ടപ്പോൾ എനിക്കു തോന്നി. എതെങ്കിലും നിക്ഷിപ്ത താൽപര്യക്കാരുടെ വാക്കുകളിൽ അദ്ദേഹം പെട്ടുപോയതാണോ എന്നും സംശയം തോന്നി.

നൂറു കോടി ക്ലബിൽ കയറിയ മലയാള സിനിമകളെ പരിഹസിച്ചും വെല്ലുവിളിച്ചും അദ്ദേഹം സംസാരിച്ചതും കേട്ടു. സിനിമ 50 കോടി, 100 കോടി, 200 കോടി 500 കോടി ക്ലബുകളിൽ കയറുക എന്നത് ഇന്ത്യയിലെവിടെയുമുള്ള ഫിലിം ഇൻഡസ്ട്രകളിൽ നിലവിലെ രീതിയനുസരിച്ച് എന്റെ അറിവിൽ മൊത്തം കളക്ഷനെ അഥവാ ഗ്രോസ് കളക്ഷനെ അടിസ്ഥാനമാക്കിതന്നെയാണ്. തീയറ്ററിൽ നിന്നു മൊത്തം വരുന്ന കളക്ഷനും ആ സിനിമയ്ക്ക് വിവിധ രീതികളിൽ നിന്ന് വന്നുചേരുന്ന മറ്റുവരുമാനങ്ങളും കൂടി ചേരുന്നതാണത്. നിർമ്മാതാവിനുള്ള അറ്റാദായത്തെ വച്ചിട്ടല്ല അങ്ങനെയുള്ള വിലയിരുത്തലും വിശേഷണങ്ങളും. അത് ബോളിവുഡിലും തമിഴിലും തെലുങ്കിലുമെല്ലാം അങ്ങനെതന്നെയാണുതാനും. അതിനെ നിർമ്മാതാവിനു മാത്രം കിട്ടിയതായുള്ള അവകാശവാദമായി ചിത്രീകരിച്ചു വിമർശിക്കുന്നതിന്റെ പൊരുൾ ദുരൂഹമാണ്.

പിന്നെ, അദ്ദേഹം പ്രതിനിധീകരിക്കുന്ന സംഘടനയിലുള്ളവരിൽപ്പെട്ടവർ തന്നെയാണല്ലോ ഇങ്ങനെ നൂറുകോടി ക്ലബിലും 200 കോടി ക്ലബിലും ഇടം നേടിയ വിശേഷണങ്ങൾ പ്രചരിപ്പിക്കുന്നതും. മലയാളത്തിൽ നിന്നുള്ള സിനിമകൾക്ക് ചുരുങ്ങിയ നാൾ കൊണ്ട് അത്രയ്ക്കു കളക്ഷൻ കിട്ടൂ, അവ മറ്റുനാടുകളിലെ അതിലും വലിയ സിനിമകൾക്കൊപ്പമെത്തുകയും ചെയ്യുന്നതിൽ സന്തോഷിക്കുകയും ആ സന്തോഷം പങ്കിടുകയും ചെയ്യുന്നതിൽ അപാകതയില്ലെന്നാണ് എന്റെ അഭിപ്രായം. അതിനെയൊക്കെ ചോദ്യം ചെയ്തും അധിക്ഷേപിച്ചും അപരാധമെന്നോണം വ്യാഖ്യാനിച്ചും ശ്രീ സുരേഷ് കുമാർ സംസാരിച്ചതിന്റെ ചേതോവികാരവും അവ്യക്തമാണ്.


സംഘടനയുടെ പ്രസിഡന്റായിരിക്കെ ശ്ളാഘനീയമായ ഒട്ടേറെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ കഴിവുറ്റ ഒരാളാണ് ശ്രീ സുരേഷ്‌കുമാർ എന്നതിൽ ആർക്കും തർക്കമില്ല. എന്നാൽ, സുഹൃത്തും നിർമ്മാതാവുമായ ശ്രീ ആന്റോ ജോസഫ് പ്രസിഡന്റായിരിക്കെ, ശ്രീ സുരേഷ്‌കുമാർ ഇങ്ങനെ സഹജീവികൾക്കെതിരേയും സ്വന്തം വ്യവസായത്തിനെതിരേയുമുള്ള ആരോപണങ്ങളുമായി മുന്നോട്ടുവന്നതെന്തുകൊണ്ട്, എങ്ങനെ എന്നു മനസിലാവുന്നില്ല. അവരൊന്നും ഇതേപ്പറ്റി യാതൊന്നും പറഞ്ഞതായി കേട്ടില്ല. ശ്രീ സുരേഷ്‌കുമാറിന്റേത് സംഘടനയുടെ ഭാഷ്യമാണെങ്കിൽ ശ്രീ ആന്റോ ജോസഫിനെപ്പോലുള്ളവരും അദ്ദേഹത്തെ പിന്തുണച്ചു രംഗത്തുവരേണ്ടതായിരുന്നില്ലേ എന്നാരെങ്കിലും സംശയിച്ചു പോയാൽ തെറ്റില്ല. സംഘടനയിലെ ആഭ്യന്തരകാര്യങ്ങളെപ്പറ്റി പറയാൻ ഞാനളല്ല. പക്ഷേ ശ്രീ ആന്റോയെ പോലുള്ളവരുടെ മൗനത്തിൽ നിന്ന് ഞാൻ മനസിലാക്കുന്നത് അവർക്കും ശ്രീ സുരേഷ്‌കുമാർ പറഞ്ഞ കാര്യങ്ങളോടും രീതിയോടും അഭിപ്രായവ്യത്യാസമുണ്ടായിരിക്കുമെന്നാണ്. ഇതൊക്കെ സംഘടനയുടെ തീരുമാനങ്ങളാണെങ്കിൽ, പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ ദീർഘകാല അംഗമായ ഞാനടക്കമുള്ളവർ അത്തരം നിർണായകമായ തീരുമാനങ്ങളെപ്പറ്റി അറിയേണ്ടതാണ്. കാലാകാലങ്ങളിൽ പിന്തുടരുന്ന സംഘടാനതല കീഴ്‌വഴക്കമതാണ്. അത്തരത്തിൽ ചർച്ചചെയ്ത് ഭിന്നസ്വരങ്ങൾ കൂടി കണക്കിലെടുത്തും അഭിപ്രായസമന്വയമുണ്ടാക്കിയും മുന്നോട്ടു പോവുക എന്നതാണ് ഏതൊരു ജനാധിപത്യസംവിധാനത്തിന്റെയും കാതൽ എന്നാണ് ഞാൻ വിശ്വസിക്കുന്നത്.


ഒരു നടൻ ഒരു സിനിമ നിർമ്മിച്ചാൽ ആ സിനിമ കേരളത്തിൽ പ്രദർശിപ്പിക്കില്ല എന്നൊക്കെ ശ്രീ സുരേഷ് കുമാർ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് മനസിലാവുന്നില്ല. ഇതൊക്കെ നമ്മുടെ നാട്ടിൽ നടക്കാൻ പോകുന്ന കാര്യമാണെന്ന വിശ്വാസവുമെനിക്കില്ല. കാരണം, ഓരോരുത്തർക്കും അവരവരുടെ ഇഷ്ടത്തിനും വിശ്വാസത്തിനുമനുസരിച്ചു നിയമവിധേയമായി ജീവിക്കാൻ സ്വാതന്ത്ര്യമുള്ളൊരു രാജ്യമാണിത്. ഇവിടെ സിനിമ പോലൊരു വ്യവസായം ഇങ്ങനെ അദ്ദേഹത്തിന് ഇഷ്ടമുള്ള രീതിയിൽ പ്രവർത്തിക്കണമെന്ന മട്ടിലൊക്കെ പറഞ്ഞാൽ ആരാണ് പിന്തുണയ്‌ക്കെത്തുക? അതൊന്നുമോർക്കാതെ അദ്ദേഹം ഇവ്വിധം ആരോപണങ്ങളുയർത്താൻ തയാറായതെന്തുകൊണ്ട് എന്നാണറിയാത്തത്. ഞാനൊക്കെ ഏറെ ആദരിക്കുന്ന, ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നിർമ്മാതാവാണ് ശ്രീ സുരേഷ്‌കുമാർ. അദ്ദേഹത്തെപ്പോലൊരാൾ ഇത്തരത്തിൽ ബാലിശമായി പെരുമാറുമ്പോൾ, അദ്ദേഹത്തിന് എന്തു പറ്റി എന്നാണ് മനസിലാക്കാനാവാത്തത്. ഭാവിയിലെങ്കിലും ഇത്തരം അനാവശ്യമായ ആരോപണങ്ങളുമായി മുന്നോട്ടുവരുമ്പോൾ അദ്ദേഹം ഒരുവട്ടം കൂടി ഒന്നാലോചിക്കണമെന്നു മാത്രമാണ് എനിക്കപേക്ഷിക്കാനുള്ളത്.


ഇത്രയും സംഘടനാപരമായിട്ടുള്ളത്. ഇനി വ്യക്തിപരമായ ചിലതു കൂടി. ആശിർവാദ് സിനിമാസിന്റെ എംപുരാൻ എന്ന സിനിമയുടെ ബജറ്റിനെക്കുറിച്ച് പൊതുസമക്ഷം അദ്ദേഹം സംസാരിച്ചതിന്റെ ഔചിത്യബോധമെന്തെന്ന് എത്രയാലോചിച്ചിട്ടും മനസിലാവുന്നില്ല. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാവാത്തൊരു സിനിമയുടെ ചെലവിനെപ്പറ്റി പൊതുവേദിയിൽ പരസ്യചർച്ചയ്ക്കു വിധേയമാക്കിയതെന്തിനാണ്? എന്റെ സിനിമകളുടെ ബജറ്റിനെപ്പറ്റിയോ കളക്ഷനെപ്പറ്റിയോ ഒരിക്കലും ഞാൻ പരസ്യമായി സംസാരിച്ചിട്ടില്ല; എന്റെ ബിസിനസുകളെക്കുറിച്ചും. ആ നിലയ്ക്ക് എന്താവേശത്തിലും വികാരത്തിലുമാണ് അദ്ദേഹം ഇങ്ങനെ പബ്ളിക്കായി സംസാരിച്ചത് എന്നും, ഇതൊക്കെ അദ്ദേഹം വ്യവസായത്തെ നന്നാക്കാൻ പറഞ്ഞതാണോ നെഗറ്റീവാക്കി പറഞ്ഞതാണോ എന്നും സത്യസന്ധമായി പറഞ്ഞാൽ തിരിച്ചറിയാൻ സാധിക്കുന്നില്ല.


എംപുരാനെപ്പറ്റി പറയുകയാണെങ്കിൽ, വൻ മുടക്കുമതലിൽ നിർമ്മിക്കപ്പെട്ട കെ ജി എഫ് പോലൊരു സിനിമ ദേശഭാഷാതിരുകൾക്കപ്പുറം മഹാവിജയം നേടിയതോടെ കന്നഡ ഭാഷാസിനിമയ്ക്കു തന്നെ അഖിലേന്ത്യാതലത്തിൽ കൈവന്ന പ്രാമാണ്യത്തെപ്പറ്റി നമുക്കെല്ലാമറിയാം. അത്തരത്തിലൊരു വിജയം ഇന്നേവരെ ഒരു മലയാള ചിത്രത്തിനും സാധ്യമായിട്ടില്ല. അത്തരത്തിലൊരു ബഹുഭാഷാ വിജയം സ്വപ്നം കണ്ടുകൊണ്ടാണ് ആശിർവാദിന്റെ പരിശ്രമം എന്നതിൽ അഭിമാനിക്കുന്നയാളാണ് ഞാൻ. അതു ലക്ഷ്യമിട്ട് കഴിഞ്ഞ രണ്ടുവർഷമായി അത്രമേൽ അർപണബോധത്തോടെ പ്രവർത്തിക്കുകയാണ് അതിന്റെ സംവിധായകനടക്കമുള്ള പിന്നണിപ്രവർത്തകർ. ലാൽസാറിനെപ്പോലൊരു മഹാനടനും ഇക്കാലമത്രയും അതുമായി സഹകരിച്ചുപോരുന്നുണ്ട്. ലൈക പോലൊരു വൻ നിർമ്മാണസ്ഥാപനവുമായി സഹകരിച്ചാണ് ഞങ്ങളീ സ്വപ്നം മുന്നോട്ടു കൊണ്ടുപോകുന്നത്. പല കാര്യങ്ങളിലും വിട്ടുവീഴ്ച ചെയ്താണ് ആർട്ടിസ്റ്റുകളും സാങ്കേതികവിദഗ്ധരുമടക്കമുള്ള ഒരു വലിയസംഘം അതിനു പിന്നിൽ അഹോരാത്രം പണിയെടുക്കുന്നത്. നമ്മുടെ ഭാഷയിൽ നിന്ന് ബഹുഭാഷാ വിജയം കൈയാളുന്ന വൻ ക്യാൻവാസിലുളെളാരു ചിത്രമാക്കി ഇതിനെ മാറ്റുക എന്ന ഒറ്റലക്ഷ്യത്തിനുവേണ്ടിയാണിതെല്ലാം. അത്തരം ഒരു സംരംഭത്തെ പ്രൊഡ്യസേഴ്സ് അസോസിയേഷൻ അകമഴിഞ്ഞു പിന്തുണയ്‌ക്കേണ്ടതിനു പകരം, അതിന്റെ ഉദ്ദേശ്യശുദ്ധി തിരിച്ചറിയാതെ പ്രവർത്തിക്കുന്നു എന്നത് വളരെ നിരാശയും സങ്കടവും നൽകുന്ന കാര്യമാണ്. അതിന്റെ ചെലവെത്രയെന്ന് അറിഞ്ഞൂകൂടാത്ത ശ്രീ സുരേഷ് കുമാർ സാറിന് ഇത്ര ആധികാരികമായി അതേപ്പറ്റിയൊക്കെ എങ്ങനെ പറയാനായി എന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസിലാവുന്നില്ല. നിർമ്മാണപൂർവ പ്രവർത്തനങ്ങളുടെ അവസാനഘട്ടത്തിലുള്ള ഒരു സിനിമയാണതെന്നു കൂടി ഓർക്കണം.


ജനുവരിയിലെ കണക്കു മാത്രം വച്ചുകൊണ്ടാണ് ശ്രീ സുരേഷ് കുമാർ സ്വന്തം ഭാഷാ സിനിമകളെപ്പറ്റി രൂക്ഷമായഭാഷയിൽ അനഭിലഷണീയമായ ശൈലിയിൽ വിമർശിച്ചത്. എന്നാൽ കഴിഞ്ഞവർഷം ലോകാസമ്പത്തികമാധ്യമങ്ങൾ വരെ ആഘോഷിച്ചതാണ് മലയാള സിനിമ നേടിയ വിജയത്തിന്റെ കണക്കുകൾ. മികച്ച ഉള്ളടക്കത്തിന്റെ പേരിൽ അന്യഭാഷാ സിനിമാക്കാരും പ്രേക്ഷകരും വരെ നമ്മുടെ സിനിമയെ ഉറ്റുനോക്കുകയും നമ്മുടെ തീയറ്ററുകളെല്ലാം പരീക്ഷാക്കാലത്തും വ്രതക്കാലത്തുമൊക്കെ നിറഞ്ഞുകവിഞ്ഞതും കഴിഞ്ഞവർഷം നാം നേരിലറിഞ്ഞതാണ്. ഉയർച്ചതാഴ്ചകളും വിജയപരാജയങ്ങളും സിനിമയുണ്ടായ കാലം മുതൽ സംഭവിക്കുന്നതാണ്. പുതുവർഷം പിറന്ന് ഒരു മാസമാവുന്നതിനു മുമ്പ് ആ മാസത്തെ വരവിനെ മാത്രം ഉയർത്തിക്കാണിച്ചുകൊണ്ട് സിനിമാമേഖലയെ ഒട്ടാകെ വിമർശിക്കാൻ ഒരുമ്പെട്ടത് തീർച്ചയായും ആരോഗ്യകരമായ, പക്വമായ ഒരിടപെടലായി എനിക്കനുഭവപ്പെടുന്നില്ല, അതും അദ്ദേഹത്തേപ്പോലെ ലബ്ധപ്രതിഷ്ഠനായൊരു നിർമ്മാതാവിൽ നിന്ന്. സിനിമയിൽ എല്ലാവർക്കും വിജയിക്കാനായിട്ടില്ല. പലർക്കും അതിൽ നിന്ന് തിരിച്ചടികളുണ്ടായിട്ടുണ്ട്. അതൊക്കെ പരമാർത്ഥങ്ങളാണ്. അവ അവതരിപ്പിക്കപ്പെടേണ്ടതും അഭിസംബോധനചെയ്യപ്പെടേണ്ടതും തന്നെയാണെന്നതിലും തർക്കമില്ല. പക്ഷേ അപ്പോഴും ആ വിഷയങ്ങൾ അവതരിപ്പിക്കുന്നതിൽ കുറേക്കൂടി പക്വവും നിഷ്പക്ഷവുമായൊരു ശൈലി സ്വീകരിക്കണമായിരുന്നു എന്നു തന്നെയാണ് എന്റെ അഭിപ്രായം. ഇത് എന്റെ മാത്രം അഭിപ്രായമാണ്.


തീയറ്ററുകൾ അടച്ചിടുകയും സിനിമകൾ നിർത്തിവയ്ക്കുകയും ചെയ്യുമെന്ന് വ്യക്തികൾ തീരുമാനമെടുക്കുന്ന ഒരു രാജ്യത്തല്ല നമ്മളാരും സംഘടനാപരമായി നിലനിൽക്കുന്നത്. അത് സംഘടനയിൽ കൂട്ടായി ആലോചിച്ചു മാത്രം തീരുമാനിക്കേണ്ടതും പ്രഖ്യാപിക്കേണ്ടതുമായ കാര്യങ്ങളാണ്. അതല്ല, മറ്റേതെങ്കിലും സംഘനകളിൽ നിന്നോ വ്യക്തികളിൽ നിന്നോ ലഭിച്ച ആധികാരികമല്ലാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അദ്ദേഹമിതൊക്കെ പറഞ്ഞതെങ്കിൽ സത്യം തിരിച്ചറിയാനും തിരുത്തിപ്പറയാനുമുള്ള ആർജ്ജവവും ഉത്തരവാദിത്തവും പക്വതയും അദ്ദേഹത്തെപ്പോലൊരാൾ കാണിക്കേണ്ടതുണ്ട് എന്നു മാത്രം പറയട്ടെ. സംഘടനയിലും പുറത്തും തെറ്റുകൾ ആർക്കും സംഭവിക്കാവുന്നതാണ്. എന്നാൽ ആ തെറ്റുകൾ തിരുത്തിക്കാനുള്ള ജനാധിപത്യ ഉത്തരവാദിത്തം സംഘടനാഭാരവാഹികൾക്കുണ്ട് എന്നു ഞാൻ കരുതുന്നു.അത്തരത്തിലൊരു ശ്രമം ശ്രീ ആന്റോ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളിൽ നിന്നുണ്ടാവുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.
സ്‌നേഹത്തോടെ
നിങ്ങളുടെ ആന്റണി പെരുമ്പാവൂർ''

TAGS: ANTONY PEUMBAVOOR, SURESH KUMAR, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.