കോട്ടയം: ശശി തരൂരിന്റെ ലേഖനം വസ്തുതകളെ തുറന്നുകാണിക്കുന്നതാണന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വസ്തുതാപരമായ കാര്യങ്ങൾ തുറന്നുപറഞ്ഞതിൽ ശശി തരൂരിനെ അഭിനന്ദിക്കുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന ഭരണത്തെ പ്രശംസിച്ചുകൊണ്ടുള്ള കോൺഗ്രസ് എംപി ശശി തരൂരിന്റെ വാക്കുകൾ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പടെ നേരത്തെ രംഗത്തെത്തിയിരുന്നു.
എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തെ കുറിച്ചും, കേരളത്തിലെ വ്യവസായ അന്തരീക്ഷത്തെ കുറിച്ചും പറഞ്ഞ കാര്യങ്ങളിൽ പിന്നോട്ടില്ലെന്ന നിലപാടാണ് ശശി തരൂരിന്. മോദിയുടെ യുഎസ് സന്ദർശനം പ്രതീക്ഷ നൽകുന്നതാണെന്നും രണ്ട് മിനിറ്റ് കൊണ്ട് വ്യവസായം തുടങ്ങാനുള്ള സംവിധാനം കേരളത്തിൽ അത്ഭുതകരമായ മാറ്റമാണെന്നുമായിരുന്നു തരൂരിന്റെ ലേഖനം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നല്ലത് ചെയ‌്താൽ നല്ലതെന്നും, മോശം കാര്യങ്ങൾ ചെയ‌്താൽ മോശമെന്നും പറയാൻ മടിക്കാത്ത ആളാണ് താൻ. നമ്മുടെ കുട്ടികളുടെ ഭാവിക്ക് വേണ്ടി ഇവിടെ നിക്ഷേപം ആവശ്യമാണ്. സംരംഭങ്ങൾ വേണ്ടതാണ്. രാഷ്‌ട്രീയത്തിന് അതീതമായി ചില കാര്യങ്ങൾ കാണണം. കേരളത്തിലുള്ളവർ രാഷ്‌ട്രീയം കൂടുതൽ കണ്ടിട്ടുണ്ട്, പക്ഷേ വികസനം കണ്ടത് പോരാ.
എല്ലാ കണക്കുകളും നോക്കിയാണ് താൻ പറഞ്ഞത്. പ്രതിപക്ഷ നേതാവിനോട് തന്റെ ആർട്ടിക്കിൾ വായിക്കാൻ പറയണം. മുൻപ് തടസങ്ങൾ മാത്രം കൊണ്ടുവന്നുകൊണ്ടിരുന്ന ഒരു വിഭാഗം ഇപ്പോൾ കാര്യങ്ങൾ ചെയ്യുന്നതിനെ കുറിച്ചാണ് ചൂണ്ടിക്കാട്ടിയത്. അത് കാണാതിരിക്കാൻ കഴിയില്ല. ജനങ്ങൾക്ക് വേണ്ടി രാഷ്‌ട്രീയത്തിന് അതീതമായി ചിന്തിക്കണം. ഭരണപക്ഷം എന്തുചെയ‌്താലും തെറ്റാണെന്ന് പ്രതിപക്ഷം പറയുന്നതിൽ അർദ്ധമില്ലെന്ന് തരൂർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |