
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായി ഉയർന്ന മൂന്നാമത്തെ ലൈംഗിക പീഡന പരാതിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. വിദേശത്ത് സ്ഥിരതാമസമാക്കിയ തിരുവല്ല സ്വദേശിനിയാണ് മുഖ്യമന്ത്രിക്ക് പരാതി അയച്ചത്. ഈ പരാതി മുഖ്യമന്ത്രി പൊലീസിന് കൈമാറുകയായിരുന്നു. പരാതിയിൽ വീഡിയോ കോൺഫറൻസ് വഴിയാണ് പ്രത്യേക അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്.
2024 ഏപ്രിൽ 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബലാത്സംഗവും ഗർഭഛിദ്രവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. പത്തനംതിട്ട എആർ ക്യാമ്പിൽ ചോദ്യം ചെയ്യലിന് വിധേയനായ രാഹുലിനെ കോടതിയിൽ ഹാജരാക്കാനുള്ള നടപടി തുടരുകയാണ് പൊലീസ്. ഇതിനായി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രാഹുലിനെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചിരിക്കുകയാണ്. ആശുപത്രിയിക്കുമുന്നിൽ വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണുണ്ടായത്.
കോടതിയിൽ രാഹുലിന് ജാമ്യം തേടാൻ അഭിഭാഷകരെത്തുമെന്നാണ് സൂചന. ഈ സമയത്ത് കോടതിയിൽ അന്വേഷണ സംഘം നിർണായക തെളിവുകൾ ഹാജരാക്കുമെന്നാണ് വിവരം. ഇതിനായി കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമാണ് പൊലീസ് ഒരു സൂചനയും നൽകാതെ രാഹുലിനെ അറസ്റ്റ് ചെയ്തത്. കോൾ റെക്കോഡിംഗുകൾ, ശബ്ദരേഖകൾ, ചാറ്റിംഗ് റെക്കോഡുകളടക്കം നിരവധി ഡിജിറ്റൽ തെളിവുകൾ പരാതിക്കാരി പൊലീസിന് കൈമാറിയിട്ടുണ്ട്. അതിനൊപ്പം മെഡിക്കൽ രേഖകളും കൈമാറിയിട്ടുണ്ടെന്നാണ് വിവരം. ഗർഭാവസ്ഥയിൽ ഡോക്ടറെ കണ്ടതും ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട ചികിത്സാ രേഖകളുമെല്ലാം പരാതിക്കാരി കൈമാറിയിട്ടുണ്ട്. അലസിപ്പോയ ഗർഭത്തിന്റെ ഭ്രൂണാവശിഷ്ടം തെളിവിനായി സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നാണ് പരാതിക്കാരി മൊഴിയിൽ പറയുന്നത്.
ഈ സമയത്ത് പാലക്കാടായിരുന്ന രാഹുൽ തമിഴ്നാട്ടിലേക്ക് ഒളിവിൽ പോകാനുള്ള സാദ്ധ്യതയും പൊലീസ് മുൻകൂട്ടി കണ്ടിരുന്നു. അതിനാൽ തന്നെ ആരെയും വിവരമറിയിക്കാതെ ചുരുക്കം ചില പൊലീസുകാരെ മാത്രം വച്ചുകൊണ്ട് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് രാഹുലിനെ പഴുതടച്ച് അറസ്റ്റ് ചെയ്തത്. അതേസമയം, ഈ തെളിവുകളെല്ലാം രാഹുൽ മാങ്കൂട്ടത്തിൽ നിഷേധിച്ചിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |