ഒടുവിൽ കേരളവും, രാജ്യത്തെ മറ്റ് 26 സംസ്ഥാനങ്ങളിലും ദേശീയതലത്തിലും നിലവിലുള്ളതുപോലെ സ്വകാര്യ മൂലധനത്താൽ ആവിഷ്‌കരിക്കപ്പെട്ടു നടത്തുന്ന 'സ്വകാര്യ – സന്നദ്ധ" സർവകലാശാലകളെ നിയമം മൂലം സൃഷ്ടിക്കുകയാണ്. കേരളവും സർവകലാശാലാ നിർമ്മിതികൾക്ക് സ്വകാര്യ മൂലധനം അനുവദിക്കുന്നു, എന്ന കൗതുകമേ ഇതിലൂള്ളൂ. ബില്ലിൽ വ്യവസ്ഥ ചെയ്യപ്പെടുന്നതുപോലെ 40 ശതമാനം വിദ്യാർത്ഥി അവസരം സ്റ്റേറ്റിന്റെ സംവരണ നയത്താലും, ഗുണനിലവാരം യു.ജി.സിയുടെ പൊതു നിബന്ധനകളാലും ബന്ധിതമായതുകൊണ്ട് പ്രവർത്തനത്തിൽ ഒരു സ്വകാര്യ സർവകലാശാല മൗലികമായി തീർത്തും ഒരു വ്യത്യസ്ത സ്ഥാപനമാണെന്നും, അത് നമ്മുടെ ഭരണഘടനയെയും പൊതുനയത്തെയും അട്ടിമറിക്കുന്ന ഒന്നായി പ്രവർത്തിക്കുമെന്നും തീരെ കരുതാനാവില്ല.
മാത്രമല്ല, മികവുള്ള ഏറെ അക്കാദമിക, ഗവേഷണ മാതൃകകളും സ്വകാര്യ മൂലധനം ചലിപ്പിക്കുന്ന സർവകലാശാലകൾ രാജ്യത്ത് കൈവരിച്ചിരിക്കുന്നു. പൊതു- സ്വകാര്യ സന്നദ്ധ സംരംഭങ്ങളും ഇന്ന് അക്കാഡമിക് രംഗത്ത് അസാധാരണമല്ല. തിരഞ്ഞെടുക്കപ്പെട്ട മികച്ച സ്വകാര്യ സർവകലാശാലകളെ ഉന്നതവിദ്യാഭ്യാസ വകുപ്പും ഹയർ എഡ്യുക്കേഷൻ കൗൺസിലും മറ്റും ക്ഷണിച്ചുവരുത്തുന്നതും അവർക്കാവശ്യമുള്ള ഭൗതിക സൗകര്യം ഉറപ്പു നൽകുന്നതും കരണീയമായിരിക്കും. കേരളത്തിൽ പ്രവർത്തിക്കുന്ന മുപ്പതിലധികം സ്വകാര്യ വിദ്യാഭ്യാസ കോർപ്പറേറ്റ് മാനേജർമാർക്കെങ്കിലും നിഷ്പ്രയാസം സ്വന്തം സ്ഥാപനങ്ങൾ സർവകലാശാലാ പദവിയിലേക്ക് ഉയർത്താം. ഇതിലൂടെയെല്ലാം ഇരുപതു സർവകലാശാലകൾ ആകെ വന്നാലും 20,000 മുതൽ ഒരു ലക്ഷം വരെ വിദ്യാർത്ഥികൾക്ക് അടുത്ത അഞ്ചു വർഷം സംസ്ഥാനത്ത് പഠനാവസരവും 40 ശതമാനം വിദ്യാർത്ഥികൾക്ക് സംവരണ സീറ്റുകളും എന്നത് ചെറിയ നേട്ടമല്ല.
പല വഴിക്കും
മുതൽക്കൂട്ട്
അതിവൈദഗ്ദ്ധ്യത്തോടെ ചെയ്തുതീർത്താൽ നല്ല സ്വകാര്യ സർവകലാശാലകൾ നാടിന് ദീർഘകാലാടിസ്ഥാനത്തിൽ മുതൽക്കൂട്ടാകും. അന്യസംസ്ഥാനങ്ങളിലെയും മറ്റു രാജ്യങ്ങളിലെയും വിദ്യാർത്ഥികളെ പൂനെയിലും ഡൽഹിയിലുമെല്ലാമുള്ള സ്വകാര്യ സർവകലാശാലകൾ വലിയ തോതിൽ ആകർഷിക്കുന്നുണ്ട്. മെച്ചപ്പെട്ട ക്രമസമാധാനവും അനുകൂല പരിസ്ഥിതിയും കാലാവസ്ഥയുമുള്ള കേരളത്തിനും ഇതാകുമെന്ന കാര്യത്തിൽ സംശയമില്ല. സ്ഥാപനങ്ങൾ നിലവിൽ വരുന്നിടത്തെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കു ലഭിക്കുന്ന കുതിപ്പും, സൃഷ്ടിക്കുന്ന പ്രത്യക്ഷ- പരോക്ഷ തൊഴിലുകളും സേവന വ്യവസായ സമമായ നേട്ടമാണ്.
ഇതെല്ലാം ഗുണവശത്തുള്ളപ്പോൾത്തന്നെ പുതുതായി സൃഷ്ടിക്കുന്ന 60 ശതമാനം സീറ്റുകളിൽ വിദ്യാർത്ഥികൾ സർവകലാശാലാ നിർമ്മിതിയുടെ അധിക ബാദ്ധ്യതയും സ്ഥാപനം നടത്തിപ്പിന്റെ ആവർത്തനച്ചെലവും പേറിയാണ് അവരുടെ ഉന്നതവിദ്യാഭ്യാസം നിർവഹിക്കുക എന്നത് മറന്നുകൂടാ. സത്യത്തിൽ ഈ 60 ശതമാനം വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസിൽ നിന്നാണ് പുതിയ സ്വകാര്യ സർവകലാശാല സാമ്പത്തിക സ്വയംപര്യാപ്തത നേടുന്നത്. പഠിതാക്കളാണ് ഫലത്തിൽ മുതൽ മുടക്കുന്നത്. നിലവിലെ പശ്ചാത്തല സൗകര്യ നിബന്ധനകളനുസരിച്ച് കൈകാര്യം ചെയ്യുന്ന വിഷയ സങ്കേതങ്ങളുടെ നിബന്ധനയാലും, മെഡിക്കൽ- എൻജിനിയറിംഗ് കോഴ്സുകൾ ഇല്ലാത്തതാണെങ്കിലും 50,100 കോടി രൂപ മൂലധനച്ചെലവ്, സ്ഥലച്ചെലവിനു പുറമേ സർവകലാശാലയ്ക്കായി വരും. 100 അദ്ധ്യാപകരുള്ള സ്ഥാപനത്തിന് 25 ഭരണ സ്റ്റാഫും ചേർത്ത് കുറഞ്ഞത് 30 കോടി രൂപയെങ്കിലും വാർഷിക ആവർത്തനച്ചെലവും വരും.
മൂലധനവും
ഫീസ് ഘടനയും
അതായത്, തുടക്കത്തിൽ 1:10 എന്ന വിദ്യാർത്ഥി അനുപാതം സൃഷ്ടിക്കുന്ന സ്വകാര്യ സർവകലാശാലയിലെ ശരാശരി വിദ്യാർത്ഥി ഫീസ് പ്രതിവർഷം മൂന്നു ലക്ഷം രൂപയിൽ കുറയില്ല. ഇങ്ങനെ നോക്കിയാൽ 1:20 വിദ്യാർത്ഥി അനുപാതമുള്ള ആർട്സ്, നിയമ കോഴ്സുകൾക്ക് പ്രതിവർഷം 25 ലക്ഷം രൂപ വരെയും എൻജിനിയറിംഗ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് 510 ലക്ഷം രൂപ വരെയും മെഡിക്കൽ അനുബന്ധ (ക്ലിനിക്കൽ) കോഴ്സുകൾക്ക് 1025 ലക്ഷം രൂപവരെയും ആവർത്തനച്ചെലവും മൂലധന തിരിച്ചടവും കാണേണ്ട ഒരു സംരംഭകന് അപ്രകാരമുള്ള ഫീസ് ഘടന ഏർപ്പെടുത്തേണ്ടിവരും.
മുഴുവൻ ഫീസും നൽകുന്ന വിഭാഗങ്ങളിൽ ഇത് ശരാശരി 230 ലക്ഷം വരെയായിരിക്കും. എന്നാൽ ഇത് വേണ്ടതിൽ അധികമാണ് എന്നു കാണുന്നില്ല. പുതിയ സർവകലാശാല നൽകുന്ന ബിരുദം തൊഴിൽ മാർക്കറ്റിൽ ആശാസ്യമാണ്, കൂടുതൽ സാദ്ധ്യതയുള്ളതാണ് എന്നു കാണുന്നതിനാലും പൊതു സ്ഥാപനങ്ങൾ നേരിടുന്നതായ അക്കാഡമിക ബാഹ്യപ്രശ്നങ്ങളാലും സമ്പന്നരും എൻ.ആർ.ഐകളും മറ്റുമായ മാതാപിതാക്കൾ പലരും തയ്യാറായേക്കും. പുതിയ സ്വകാര്യ സർവകലാശാലകൾ പലതരം വിദേശബന്ധങ്ങളുടെയും വിദേശ ബിരുദങ്ങളുടെയും വിദേശീയ പഠനാവസരങ്ങളുടെയും അനുഭവങ്ങളും കോഴ്സുകളിൽ ഇഴചേർക്കാനിടയുണ്ട്.
ഇപ്പോൾത്തന്നെ ഇന്ത്യയിലെ നിരവധി സ്വകാര്യ സർവകലാശാലകളും പൊതുസ്ഥാപനങ്ങളും പിഎച്ച്.ഡി തലത്തിലും മാസ്റ്റർ തലത്തിലും ഒരു സെമസ്റ്റർ അഥവാ ഒരു വർഷം, പങ്കാളിയായ വിദേശ സർവകലാശാലകളിൽ ചെലവിടാനുള്ള അവസരം ഒരുക്കുന്നുണ്ട്. കൂടുതൽ ഇന്റേൺഷിപ്പ്, തൊഴിൽ പരിചയ അവസരങ്ങളും സാദ്ധ്യമാകും. ഇപ്രകാരം ശാക്തീകരിച്ച് ആകർഷകമാക്കിയതും വിദേശത്ത് തൊഴിൽ പരിചയം കൂടി ലഭിക്കുന്നതുമായ 'എമിഗ്രേഷൻ റെഡി" കോഴ്സുകൾക്ക് പ്രതിവർഷം 30 ലക്ഷത്തിനപ്പുറം പ്രീമിയം ഫീസും ഒരു യാഥാർത്ഥ്യമായിരിക്കും. അപ്പോൾ വ്യവസായ സമാനമായി ഇമിഗ്രേഷൻ അന്താരാഷ്ട്ര കരിയർ റെഡി പ്രോഗ്രാമുകളുടെ ഒരു വേലിയേറ്റം കൂടി സ്വകാര്യമേഖലയിൽ പ്രതീക്ഷിക്കാം. ഇതും വലിയൊരു അവസരമായിട്ടാണ് വരിക.
ഒരു ചോദ്യവും
ഒരു സന്ദേഹവും
ഇതിലൊക്കെ എന്ത് അപകടം; എല്ലാം നല്ലതിനല്ലേ എന്ന ചോദ്യമാകാം ആദ്യം ഉയരുന്നത്. ഒറ്റനോട്ടത്തിൽ, ഇതര സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും നിലവിൽ നിക്ഷേപിക്കപ്പെടുന്ന മുലധനമല്ലേ സ്വകാര്യ സർവകലാശാല ഒഴിവാക്കുന്നത് എന്നും സംശയിക്കാം. 90 ശതമാനവും അതാകാനും സാദ്ധ്യതയുണ്ട്. പുറത്തേക്കൊഴുകുന്ന മൂലധനം, ആവർത്തനച്ചെലവ്, വിദേശത്തെ ചെറു പട്ടണങ്ങൾക്കു ലഭിക്കുന്ന വാണിജ്യ ഉത്തേജനം എന്നിവ നമ്മുടെ ചെറു പട്ടണങ്ങളിലും പിന്നാക്ക ജില്ലകൾക്കും ലഭിക്കുന്നത് ഗുണകരമാവുമെന്നും കാണാം.
എന്നാൽ മാറി വിന്യസിക്കപ്പെടുന്ന, നേരത്തേ പറഞ്ഞ, 230 ലക്ഷം രൂപ വരെ വാർഷിക ഫീസ് നിലവിലുള്ള നാലു ലക്ഷം സീറ്റുള്ള പൊതു സബ്സിഡി ശൃംഖലയെ എങ്ങനെ ബാധിക്കുമെന്നതിന് നമുക്ക് ഒരു സാമ്പത്തിക മാതൃക തയ്യാറായി കയ്യിലില്ല. ഒറ്റയടിക്ക് ശരാശരി 10 ലക്ഷം രൂപ ചെലവുള്ള ഒരു ലക്ഷം സീറ്റ് സംസ്ഥാനത്ത് സ്വകാര്യ സംരംഭകർ സൃഷ്ടിച്ച് അതിൽ 80 ശതമാനം എൻറോൾമെന്റ് വന്നാൽ അതിലൂടെ സ്വകാര്യ സംരംഭകരുടെ വാർഷിക വരുമാനം 4800 കോടി രൂപയാണ്. അതായത്, ആകെ പൊതു സർവകലാശാലാ ധനവിനിയോഗത്തിലും കൂടുതൽ ഇതിൽ മുതൽ മുടക്കപ്പെടും. കുറഞ്ഞത്, ഇതിന്റെ പകുതിയെങ്കിലും ലഭിക്കും. ഇവിടെയാണ് ശരാശരി 10,000 രൂപ പോലും ഫീസ് ഈടാക്കാതെ പൊതു സർവകലാശാലകൾ നടത്തുന്ന എം.ബി.ബി.എസ്, എം.ഡി അടക്കമുള്ള വലിയ മൂലധന, നടത്തിപ്പു ചെലവുള്ള സർക്കാർ കോഴ്സുകളുടെ ധനകാര്യം ഒരു 'അനോമലി" ആവുക!
(നാളെ പൂർണമാകും)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |