തിരുവനന്തപുരം: പിണറായി സർക്കാർ സൃഷ്ടിച്ച മികച്ച വ്യവസായ അന്തരീക്ഷത്തെ പ്രശംസിച്ചും പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തെ പ്രകീർത്തിച്ചും കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ശശി തരൂർ നടത്തിയ പ്രതികരണം പാർട്ടിയെ വെട്ടിലാക്കി. സംസ്ഥാന നേതാക്കൾ തരൂരിനെതിരെ ഹൈക്കമാൻഡിന് പരാതി നൽകി. എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരസ്യമായി തള്ളിപ്പറഞ്ഞു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ ആസന്നമായിരിക്കെ, കേരളം വ്യവസായ കുതിപ്പിലെന്ന സർക്കാരിന്റെ അവകാശവാദത്തെ
നിയമസഭയ്ക്ക് അകത്തും പുറത്തും എതിർക്കുകയാണ് പ്രതിപക്ഷം. അതിനിടെയാണ്, കഴിഞ്ഞ 18 മാസത്തിനിടെ സംസ്ഥാനത്ത് 300 വ്യവസായ സംരംഭങ്ങൾ തുടങ്ങിയതിനെയും കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിച്ചതിനെയും കണക്കുകൾ ഉദ്ധരിച്ചാണ് തരൂർ ഇന്ത്യൻ എക്സ്പ്രസിലെ ലേഖനത്തിൽ പ്രശംസിച്ചത്. സ്റ്റാർട്ടപ്പിൽ കേരളം മാതൃകയാണെന്നും പറഞ്ഞു. നല്ലത് ആരു ചെയ്താലും നല്ലതായി കാണണമെന്ന് പിന്നീട് വാർത്താ ലേഖകരോടും തരൂർ ആവർത്തിച്ചു.
അന്ധാളിച്ച് കോൺ. നേതാക്കൾ
പ്രതിപക്ഷ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന തരൂരിന്റെ പ്രശംസ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ചു. തരൂരിനെ തള്ളിയ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അസംബന്ധ കണക്കുകൾ എവിടെ നിന്ന് കിട്ടിയെന്നാണ് ചോദിച്ചത്. തന്റെ ലേഖനം വായിച്ച് നോക്കാനായിരുന്നു തരൂരിന്റെ മറുപടി. ലേഖനം വായിച്ചില്ലെന്നുപറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഒഴിഞ്ഞു മാറി. സാധാരണ കോൺഗ്രസ് പ്രവർത്തകനായ താൻ തരൂരിനോട് പ്രതികരിക്കാൻ ആളല്ലെന്നായിരുന്നു കെ.മുരളീധരന്റെ പരിഹാസം. തരൂരിന്റെ വാദങ്ങൾ യാഥാർത്ഥ്യ ബോധത്തോടെയുള്ളതല്ലെന്നായിരുന്നു കെ.സിയുടെ പ്രതികരണം.
അഭിനന്ദിച്ച് മുഖ്യമന്ത്രി, സി.പി.എം
വസ്തുതകൾ തുറന്ന് കാട്ടുകയാണ് തരൂർ ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. പിണറായി സർക്കാരിന് കീഴിൽ നേടിയ വികസനത്തിന്റെ ശരിയായ വിശകലനമാണ് തരൂരിന്റേതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു.
വസ്തുതകൾ തിരിച്ചറിഞ്ഞ പ്രതികരണം - പി. രാജീവ്
കൊച്ചി: കേരളത്തിലെ വ്യവസായ പുരോഗതി എടുത്തുപറഞ്ഞുള്ള മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂരിന്റെ പ്രശംസ നാടിനെ സ്‌നേഹിക്കുന്ന ആളുകളുടെ പ്രതികരണമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. വസ്തുതകളെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നയാളാണ് ശശി തരൂർ. എൽ.ഡി.എഫിനെയോ മുഖ്യമന്ത്രിയെയോ അല്ല അദ്ദേഹം പ്രശംസിച്ചത്. കേരളത്തിന് അവകാശപ്പെട്ടതാണത്. അതിന്റെയൊരു വിഹിതം പ്രതിപക്ഷത്തിനുള്ളതാണ്. വിഴിഞ്ഞം കോൺക്ലേവിൽ മുഴുവൻ സമയവും പങ്കെടുത്ത അദ്ദേഹം നാടിനോടുള്ള താത്പര്യമാണ് പ്രകടിപ്പിച്ചത്. ആ ഉത്തരവാദിത്വം സങ്കുചിത രാഷ്ട്രീയതാത്പര്യത്താൽ മറന്നുപോകുന്നവരുണ്ട്. വൈകാതെ അവരും ശരിയായ പാതയിലേക്ക് വരുമെന്നും മന്ത്രി പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി കൊച്ചിയിൽ സംഘടിപ്പിച്ച കോൺക്ലേവിന് ശേഷമായിരുന്നു പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |