അഞ്ച് മിനിട്ട് പോലും ഫോൺ മാറ്റിവയ്ക്കാൻ സാധിക്കാത്തവരാണ് മിക്കവരും. കോളോ, മെസേജോ വന്നില്ലെങ്കിൽ പോലും വെറുതെ ഫോണെടുത്ത് സോഷ്യൽ മീഡിയകളിലൂടെ വിരലോടിക്കുന്നവരേറെയാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ കണ്ണോടിച്ച് ടൈംലൈനിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ വായിക്കുന്നവരുമുണ്ട്.
ഉറങ്ങുന്നതിന് മുമ്പ് അഞ്ച് മിനിട്ട് ഫോൺ നോക്കാമെന്ന് കരുതിയായിരിക്കും എടുക്കുക. എന്നാൽ അതിനാകില്ല. രണ്ടോ മൂന്നോ മണിക്കൂറിന് ശേഷമായിരിക്കും ഫോൺ താഴെ വയ്ക്കുക. ഒരു ദുരന്ത വാർത്ത കണ്ടാൽ അതിനെ ചുറ്റിപ്പറ്റിയുള്ള മറ്റു വാർത്തകളിലേക്ക് പോകും. അവസാനം കിടക്കാൻ നേരം ചിന്ത മുഴുവൻ അവസാനം കണ്ട അല്ലെങ്കിൽ വായിച്ച വാർത്തയെപ്പറ്റിയായിരിക്കും. അതോർത്ത് മനസ് വിഷമിപ്പിക്കും. മോശം വാർത്തകളിങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നതിനെയാണ് 'ഡൂം സ്‌ക്രോളിംഗ്' എന്ന് പറയുന്നത്.
ലോകത്ത് എന്താണ് നടക്കുന്നതെന്നറിയേണ്ടത് പ്രധാനമാണ്. എന്നാൽ അത് ആരോഗ്യപരമായ രീതിയിലൂടെയായിരിക്കണമെന്ന് മാത്രം. ഇത്തരം വാർത്തകൾ നമ്മുടെ ആരോഗ്യത്തിന് ഹാനികരമാകാതിരിക്കാൻ ശ്രദ്ധിക്കണം. വാർത്തകൾ കാണുന്നതിനും കൃത്യമായ അതിർവരമ്പുകൾ വേണം. ഇത് നിങ്ങളുടെ മാനസിക ശാരീരിക ആരോഗ്യത്തെ വലിയ രീതിയിൽ സ്വാധീനിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
എങ്ങനെ ശരിയായ ബാലൻസ് നേടാനാകും?
കിടക്കാൻ പോകുന്നതിന് മുമ്പ് അല്ലെങ്കിൽ കിടക്കയിൽ നിന്ന് ഇത്തരത്തിൽ നെഗറ്റീവ് വാർത്തകൾ കാണുന്നത് ഉറക്കത്തെ ബാധിക്കുമെന്നും ഉത്കണ്ഠയുണ്ടാക്കുമെന്നും ഗവേഷകർ പറയുന്നു. കഴിയുന്നതും ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഫോൺ നോക്കുന്നത് ഒഴിവാക്കുക.
നിരന്തരം വാർത്തകളറിയാൻ നിങ്ങൾ നിർബന്ധിതനാകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കുക. സ്വയം ചോദിക്കുക. മാത്രമല്ല വായിക്കുകയോ കാണുകയോ ചെയ്യുന്നത് സത്യസന്ധമായ വാർത്തകളാണെന്ന് ഉറപ്പിക്കണം. നിങ്ങൾ എന്താണ് കാണുന്നതെന്ന് തീരുമാനിക്കാൻ സോഷ്യൽ മീഡിയ അൽഗോരിതങ്ങളെ അനുവദിക്കുന്നതിന് പകരം കുറച്ച് വിശ്വസനീയമായ സോഴ്‌സുകൾ അല്ലെങ്കിൽ സൈറ്റുകൾ തിരഞ്ഞെടുക്കുക.
നെഗറ്റീവ് വാർത്തകൾ കാണുകയോ വായിക്കുകയോ ചെയ്യുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക. ഉത്കണ്ഠയോ മറ്റോ തോന്നുന്നുണ്ടെങ്കിൽ അത് വിശ്രമിക്കാനുള്ള സൂചനയാണെന്ന് ഓർക്കുക. ഫോൺ മാറ്റിവച്ച് പുസ്തകം വായിക്കുകയോ മറ്റോ ചെയ്യാം.
ഇടയ്ക്കിടെ ഫോൺ നോക്കുന്നതിന് പകരം വാർത്ത അറിയാനായി കുറച്ച് സമയം മാറ്റിവയ്ക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്. അതൊരിക്കലും കിടക്കയിൽ നിന്നോ ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുമ്പോ ആകരുത്.
രാവിലെ കോഫിയോടൊപ്പമോ ഉച്ചഭക്ഷണ ഇടവേളയോ ഒക്കെ വാർത്ത വായിക്കാനായി തിരഞ്ഞെടുക്കാം. അല്ലെങ്കിൽ വൈകുന്നേരമോ വാർത്ത വായിക്കാം. ഉറങ്ങാൻ പോകുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലുമായിരിക്കണം എന്നുമാത്രം.
ലോകം എപ്പോഴും അവിടെത്തന്നെയുണ്ട്. നിമിഷങ്ങളുടെ ഇടവേളയിൽ പലതും സംഭവിക്കുകയും ചെയ്യും. വാർത്ത അറിയാനുള്ള ആകാംക്ഷ നല്ലതാണ്. എന്നുകരുതി അത് നമ്മുടെ മാനസികാവസ്ഥയെ ബാധിക്കാനിടയാവരുത്.
സ്വയം പരിചരിക്കുക
ഇരുപത്തിനാല് മണിക്കൂറും വാർത്തകൾ വായിക്കുകയെന്ന ശീലത്തിൽ നിന്ന് മാറ്റം വരുത്തുകയെന്നാൽ നിങ്ങൾ സ്വയം പരിചരിക്കാൻ പരിശീലിക്കുകയാണെന്നാണ് അർത്ഥം. വാർത്ത അറിയുന്നതിന് ആരോഗ്യകരമായ അതിർവരമ്പുകൾ വയ്ക്കുന്ന ആളുകൾക്ക്, പലപ്പോഴും പ്രധാനപ്പെട്ട വിഷയങ്ങളിൽ അർത്ഥ പൂർണ്ണമായി ഇടപഴകാനും ആവശ്യമുള്ളപ്പോൾ ക്രിയാത്മകമായ നടപടി സ്വീകരിക്കാനും സജ്ജരാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
വാർത്തകൾ വായിക്കുന്ന സമയത്ത് സ്‌ക്രോൾ ചെയ്ത് കളിക്കാതെ ആ വാർത്ത നന്നായി മനസിലാക്കുക. നെഗറ്റീവ് വാർത്തകൾ മാത്രം ശ്രദ്ധിക്കാതെ പോസിറ്റീവായ വാർത്തകളും അനലറ്റിക്കൽ സ്‌റ്റോറീസുമൊക്കെ വായിക്കാൻ ശ്രമിക്കുക. നിങ്ങളുടെ ഫീലിംഗ്സ് സുഹൃത്തുക്കളോടോ മറ്റോ ചർച്ച ചെയ്യാം.
ആരോഗ്യകരമായ ഡിജിറ്റൽ ശീലങ്ങൾ രൂപപ്പെടുത്താൻ സഹായിക്കുന്ന വിവിധ ആപ്പുകൾ ഉണ്ട്. അവ ഉപയോഗിക്കാം. സ്‌ക്രീൻ ടൈം മനേജ്‌മെന്റ് ഫീച്ചറുകളോടെയാണ് ഇപ്പോൾ പല സ്മാർട്ട്‌ഫോണുകളും വരുന്നത്. ഇതും ഉപയോഗിക്കാം.
നിങ്ങൾ ഉൽപ്പാദനക്ഷമതയുള്ള ആപ്പുകളും മറ്റും പരീക്ഷിക്കുകയാണെങ്കിൽ, തുടക്കത്തിൽ തന്നെ സോഷ്യൽ മീഡിയയൊക്കെ ഉപേക്ഷിക്കരുത്. അത് മാനസിക സമ്മർദം കൂട്ടുകയേയുള്ളൂ. പകരം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരികയാണ് ചെയ്യേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |