ന്യൂഡൽഹി: ഇന്നലെ പുലർച്ചെ 5.36ന് വൻ ശബ്‌ദത്തോടെയുണ്ടായ ഭൂചലനം ഡൽഹിയിൽ പരിഭ്രാന്തി പരത്തി. ആളപായമോ പരിക്കോ റിപ്പോർട്ട് ചെയ്‌തില്ല. റിക്‌ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തി.
ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഡൽഹിയിലെ ദൗളക്കുവയിലെ ഝീൽ പാർക്കാണെന്ന് നാഷണൽ സെന്റർ ഒഫ് സീസ്‌മോളജി (എൻ.സി.എസ്) കണ്ടെത്തി. രാവിലെ എട്ടുമണിയോടെ ബിഹാറിൽ തുടർ ഭൂചലനം അനുഭവപ്പെട്ടു.
ഉറക്കത്തിലായിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ പലരും വീടിന് പുറത്തേക്കോടി. വീടുകളും ഫ്ളാറ്റുകളും കുലുങ്ങുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നു. ജാഗ്രത പാലിക്കണമെന്നും സ്ഥിതിഗതികൾ പരിശോധിച്ചു വരികയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ കുറിച്ചു.
ഉയർന്ന ഭൂകമ്പ സാദ്ധ്യതയുള്ള സീസ്മിക് സോൺ 4ലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ദൗളക്കുവ പ്രദേശത്ത് രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ ചെറിയ ഭൂചലനങ്ങൾ പതിവാണ്. 2007ൽ 4.7, 2015 ൽ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |