പാലക്കാട്: കഞ്ചിക്കോട് അഹല്യ കാമ്പസിലെ മഴവെള്ള സംഭരണികൾ സന്ദർശിച്ച് മന്ത്രി എം.ബി. രാജേഷ്. എലപ്പുള്ളിയിൽ മദ്യനിർമ്മാണ കമ്പനി മഴവെള്ള സംഭരണി നിർമ്മിക്കുമെന്ന് പറഞ്ഞതിനെ പരിഹസിച്ചവർ അഹല്യയിൽ വന്ന് പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. മദ്യക്കമ്പനി ഭൂഗർഭജലം ഉപയോഗിക്കില്ലെന്ന് സർക്കാർ ഉറപ്പുവരുത്തിയിട്ടുണ്ട്. ഒയാസിസ് കമ്പനിയുടെ വക്താവല്ലെന്നും സർക്കാരിനെതിരെ ആരോപണം വന്നതുകൊണ്ടാണ് മറുപടി പറയുന്നതെന്നും മന്ത്രി പറഞ്ഞു. അഹല്യയിൽ ഇത്രയും വെള്ളം സംഭരിക്കാമെങ്കിൽ നിയുക്ത ഒയാസിസ് പ്ലാന്റിലും വെള്ളം സംഭരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
കഞ്ചിക്കോട് ആരംഭിച്ച വേസ്റ്റ് ടു എനർജി പ്ലാന്റും മന്ത്രി സന്ദർശിച്ചു. അഹല്യ കാമ്പസിൽ ഒന്നരക്കോടി മുതൽ ഏഴരക്കോടി ലിറ്റർവരെ ജലം സംഭരിക്കാൻ ശേഷിയുള്ള 15 ജലസംഭരണികൾ ഉണ്ട്. ഇതിൽ നാലെണ്ണമാണ് മന്ത്രി സന്ദർശിച്ചത്. 33 കോടി ലിറ്റർ വെള്ളം സംഭരിക്കുന്നുണ്ടെന്ന് അഹല്യ മാനേജ്‌മെന്റ് പ്രതിനിധികൾ മന്ത്രിയോട് പറഞ്ഞു.
ബ്രൂവറി വിഷയത്തിൽ പ്രതിപക്ഷം പറഞ്ഞ കള്ളങ്ങൾ ഒന്നൊന്നായി പൊളിഞ്ഞതുകൊണ്ടാണ് അവർക്ക് മൗനത്തിലേക്ക് ഉൾവലിയേണ്ടി വന്നത്. അവാസ്തവം പ്രചരിപ്പിക്കുക എന്നത് പ്രതിപക്ഷം അജൻഡയായി സ്വീകരിച്ചിരിക്കുകയാണ്. വാസ്തവം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുകയും ചെയ്യുന്നു. ശശി തരൂർ പോലും ഇതിന് ഇരയായി. എലപ്പുള്ളിയിലെ ഒയാസിസ് ബ്രൂവറി തുടങ്ങുക തന്നെ ചെയ്യും. കാര്യങ്ങൾ ജനങ്ങളെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും. വ്യവസായ വികസന നയം അട്ടിമറിക്കാൻ ഒരിക്കലും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു.
സ്വരാജ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം,
കോർപ്പറേഷൻ തിരുവനന്തപുരം
തൃശൂർ: മികച്ച തദ്ദേശ സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് പുരസ്കാരങ്ങൾ മന്ത്രി എം.ബി.രാജേഷ് പ്രഖ്യാപിച്ചു. മികച്ച ജില്ലാ പഞ്ചായത്ത് കൊല്ലം. മികച്ച കോർപ്പറേഷൻ തിരുവനന്തപുരം. നഗരസഭ ഗുരുവായൂർ. മികച്ച ബ്ലോക്ക് പഞ്ചായത്ത് മലപ്പുറത്തെ പെരുമ്പടപ്പ്. മികച്ച പഞ്ചായത്ത് കോട്ടയത്തെ വെളിയന്നൂർ.
ജില്ലാ പഞ്ചായത്തുകളിൽ രണ്ടാംസ്ഥാനം തിരുവനന്തപുരത്തിന്. നഗരസഭകളിൽ തൃശൂരിലെ വടക്കാഞ്ചേരിക്ക് രണ്ടാംസ്ഥാനം. കണ്ണൂർ ആന്തൂർ മുനിസിപ്പാലിറ്റിക്ക് മൂന്നാംസ്ഥാനം. ബ്ളോക്കിൽ തൃശൂരിലെ കൊടകര രണ്ടാമതും കാസർകോട്ടെ നീലേശ്വരം മൂന്നാമതുമെത്തി. പഞ്ചായത്തുകളിൽ തിരുവനന്തപുരം ഉഴമലയ്ക്കലിനാണ് രണ്ടാംസ്ഥാനം. തൃശൂർ മറ്റത്തൂരിന് മൂന്നാംസ്ഥാനം.
മഹാത്മാ അയ്യങ്കാളി പുരസ്കാരത്തിൽ ഒന്നാംസ്ഥാനം തൃശൂർ വടക്കാഞ്ചേരി മുനിസിപ്പാലിക്ക്. കോർപ്പറേഷനിൽ കൊല്ലം. ലൈഫ് മിഷൻ പുരസ്കാരം- മികച്ച പഞ്ചായത്ത് മലപ്പുറം അമരമ്പലം, രണ്ടാമത് കൊല്ലം കുളത്തൂപ്പുഴ. നഗരസഭകളിൽ ഒന്നാംസ്ഥാനം പെരിന്തൽമണ്ണയ്ക്ക്. രണ്ടാംസ്ഥാനം തിരുവനന്തപുരം കോർപ്പറേഷനും ഒറ്റപ്പാലം മുനിസിപ്പാലിറ്റിക്കും.
ഒന്നാം സ്ഥാനക്കാർക്ക് അമ്പത് ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 40 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 30 ലക്ഷം രൂപയും ലഭിക്കും. ജില്ലാ തലത്തിൽ ഒന്നാംസ്ഥാനം നേടിയ പഞ്ചായത്തിന് 20 ലക്ഷവും രണ്ടാം സ്ഥാനക്കാർക്ക് 10 ലക്ഷവും നൽകും. 19ന് ഗുരുവായൂരിൽ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിന്റെ സമാപന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മഹാത്മാ പുരസ്കാരം
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പെരുങ്കടവിള ബ്ളോക്കിനാണ് മഹാത്മാ പുരസ്കാരം. രണ്ടാംസ്ഥാനം നീലേശ്വരത്തിന്. മൂന്നാം സ്ഥാനം അട്ടപ്പാടി ബ്ളോക്കിന്. പഞ്ചായത്ത് തലത്തിൽ ഒന്നാമതെത്തിയത് ഒറ്റശേഖരമംഗലം. രണ്ടാമത് മുട്ടാർ, മൂന്നാമത് കള്ളിക്കാട്. തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലാതലത്തിൽ മികച്ച പഞ്ചായത്തുകളെയും സ്വരാജ് പുരസ്കാരത്തിന് ജില്ലാതലത്തിൽ മികച്ച പഞ്ചായത്തുകളെയും പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |