ചാലക്കുടി: ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്ന് പട്ടാപ്പകൽ 15 ലക്ഷം കവർന്നശേഷം പ്രതി റിജോ ആന്റണി വീട്ടുകാരോടും നാട്ടുകാരോടും ഇടപെട്ടത് യാതൊരു കൂസലുമില്ലാതെ. നാട്ടിലെ ക്ഷേത്രോത്സവത്തിലടക്കം പങ്കെടുത്തു. അതിനിടെ തെളിവുകൾ നശിപ്പിക്കാനും ശ്രമം നടത്തി. കവർച്ചാ സമയത്ത് ധരിച്ചിരുന്ന ബനിയൻ, ഓവർകോട്ട്, ഗ്ലൗസ് എന്നിവ വീടിന്റെ പിൻഭാഗത്തിട്ട് കത്തിച്ചു. പിടിക്കപ്പെടില്ലെന്നായിരുന്നു പ്രതിയുടെ ധാരണ.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു കവർച്ച. തുടർന്ന് സ്‌കൂട്ടറിൽ വീട്ടിലെത്തിയശേഷം വൈകിട്ട് പതിവ് പോലെ പോട്ട ജംഗ്ഷനിൽ പോയി. കടയിൽ നിന്ന് സാധനം വാങ്ങി. മൊബൈൽ ഫോണിൽ ബാങ്ക് കവർച്ചയെപ്പറ്റിയുള്ള ചാനൽ വാർത്തകൾ വീട്ടിലിരുന്ന് കണ്ടു. ശനിയാഴ്ച അന്നനാട് വേലുപ്പിള്ളി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി. ഈ യാത്രയിലാണ് സുഹൃത്ത് ബിനീഷിന്റെ പക്കൽ നിന്ന് വാങ്ങിയ 2.90 ലക്ഷം രൂപ തിരികെ കൊടുത്തത്. അന്നുതന്നെ മേലൂരിലെ തറവാട് വീട്ടിലുമെത്തി.
ഞായറാഴ്ചയും വീട്ടിൽ സന്തോഷവാനായാണ് കുടുംബത്തിലടക്കം ഇടപെട്ടത്. വീട്ടിൽ നടന്ന കുടുംബ സമ്മേളനത്തിലും ഉഷാറായിരുന്നു. ഇതിൽ പങ്കെടുക്കാനെത്തിയവരെ സന്തോഷപൂർവം സ്വീകരിച്ചു. പിന്നീട് മക്കളെ തൊട്ടടുത്ത വീട്ടിൽ ട്യൂഷനും പറഞ്ഞയച്ചു. അതിനിടെ, നേരത്തെ ഇയാൾ പോട്ട പള്ളിയിലെ അമ്പ് തിരുനാളിന്റെ ബാൻഡ് മേളത്തിനിടെ യുവാക്കളുമൊത്ത് നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി.
തെളിവെടുപ്പിൽ 12 ലക്ഷം കണ്ടെത്തി
പ്രതി റിജോ ആന്റണിയെ വീട്ടിലും ബാങ്കിലുമടക്കമെത്തിച്ച് പൊലീസ് തെളിവെടുത്തു. പോട്ട ആശാരിപ്പാറയിലുള്ള വീട്ടിൽ ഒളിപ്പിച്ചുവച്ച കവർച്ചാ പണമായ 12 ലക്ഷവും കവർച്ചാ സമയത്ത് ധരിച്ചിരുന്ന ഹെൽമെറ്റും കണ്ടെടുത്തു. കടംവാങ്ങിയ 2.90 ലക്ഷം രൂപ തിരികെ കൊടുത്ത സുഹൃത്ത് ബിനീഷിന്റെ കാടുകുറ്റിയിലെ വീട്ടിലെത്തിച്ചും തെളിവെടുത്തു. തുടർന്നാണ് ബാങ്കിലെത്തിച്ചത്. ജീവനക്കാരെ കത്തി കാട്ടി ഭയപ്പെടുത്തിയതും കൗണ്ടറിലെ ഗ്ളാസുകൾ തല്ലിത്തകർത്തതും പൊലീസിനോട് വിവരിച്ചു. 20 മിനിറ്റിനകം തെളിവെടുപ്പ് പൂർത്തിയാക്കി. പ്രതിയെ കാണാൻ ജനം തടിച്ചുകൂടിയിരുന്നു. ചാലക്കുടി ഡിവൈ.എസ്.പി കെ.സുമേഷ്, എസ്.എച്ച്.ഒ. എം.കെ.സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
റിജോയുടെ ബാങ്ക് കൊള്ള ഭാര്യയെ പേടിച്ചെന്ന് മൊഴി
കൂട്ടുകാരുമായി മദ്യപിച്ചും ചീട്ടുകളിച്ചും പണം ചെലവാക്കി കടത്തിലായ പ്രതി റിജോ ആന്റണി ഭാര്യ ഗൾഫിൽ നിന്ന് വരുന്നുണ്ടെന്നറിഞ്ഞതോടെ എന്ത് ചെയ്യണമെന്നറിയാതെ വെപ്രാളത്തിലായിരുന്നുവെന്ന് പൊലീസ്. ഭാര്യ അയച്ചുകൊടുത്ത പണം മുഴുവനും ധൂർത്തടിച്ച് കളഞ്ഞതിനാൽ വേറെ വഴിയില്ലാത്തതിനാലാണ് ബാങ്ക് കൊള്ളയടിച്ചതെന്നാണ് ഇയാൾ പറയുന്നത്.
അടുത്ത മാസമാണ് ഭാര്യ എത്തുമെന്ന് അറിയിച്ചിരുന്നത്. ഇതിന് മുമ്പ് പണം കണ്ടെത്തിയില്ലെങ്കിൽ പ്രശ്നാകുമെന്ന പേടിയിലാണ് ബാങ്ക് കൊള്ളയടിക്കാനുള്ള ആലോചനയിലേക്ക് നീങ്ങിയത്. ആഴ്ചകളായി നടത്തിയ ആസൂത്രണം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. അരക്കോടിയിൽ താഴെ കടമുണ്ടെന്നാണ് പൊലീസിനോട് പറഞ്ഞത്.
കുട്ടികളെ സ്കൂളിൽ വിട്ട ശേഷം വീട്ടിൽ ആരുമില്ലാത്ത സമയത്ത് കൂട്ടുകാരുമൊന്നിച്ച് മദ്യപാനവും മറ്റും നടത്തുന്നത് പതിവായിരുന്നു. ഗൾഫിൽ വർഷങ്ങളോളം ഭാര്യയോടൊപ്പം താമസിച്ച റിജോ, കുട്ടികളെ നോക്കാനും അവരുടെ വിദ്യാഭ്യാസത്തിനുമായി നാട്ടിലേക്ക് പോരുകയായിരുന്നു. ഗൾഫിൽ ജോലിയുള്ള ഭാര്യയ്ക്ക് നല്ല ശമ്പളമുണ്ട്. ഇവിടേക്ക് അയക്കുന്ന പണം ഉപയോഗിച്ച് ധൂർത്തടിച്ച് ജീവിക്കുകയാണ് റിജോ ചെയ്തിരുന്നത്.
എന്നാൽ, റിജോ പറഞ്ഞ ഇത്തരം കഥകൾ പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഭാര്യ വരുമ്പോഴേക്കും പണം നൽകാൻ ആരും ബാങ്ക് കൊള്ളയടിച്ച ചരിത്രമില്ല. സിനിമാക്കഥ പോലെ സംഭവം മാറ്റിയെടുക്കാനുള്ള തന്ത്രമാണോയെന്നും പൊലീസ് പരിശോധിക്കുന്നു . എത്ര കടമുണ്ട്, എങ്ങനെയാണ് കടം വരുത്തിയത് എന്നതിനെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |