കൊച്ചി: കരിയും (ആന) കരിമരുന്നും വേണ്ടെന്ന ഗുരുവചനം ഉൾക്കൊണ്ട്, ഗുരുദേവൻ പ്രതിഷ്ഠ നിർവഹിച്ച പൂത്തോട്ട ശ്രീനാരായണവല്ലഭ ക്ഷേത്രത്തിൽ ഇക്കൊല്ലം മുതൽ ആനയെഴുന്നള്ളത്ത് അവസാനിപ്പിച്ച് രഥോത്സവമാക്കി. മാർച്ച് 7, 8, 9 തീയതികളിലാണ് രഥത്തിന്റെ കന്നി എഴുന്നള്ളത്ത്. അടുത്ത വർഷം മുതൽ മൂന്ന് രഥങ്ങളുണ്ടാകും.
ആദ്യ രഥോത്സവത്തിന് പാലക്കാട്ട് നിന്ന് രഥം വലിക്കുന്നവർ എത്തും. അടുത്തവർഷം മുതൽ പൂത്തോട്ടക്കാർ തന്നെ മൂന്നു രഥങ്ങളും വടംകെട്ടി വലിക്കും. മൂന്ന് ആനപ്പുറത്തായിരുന്നു ശ്രീനാരായണവല്ലഭന് എഴുന്നള്ളത്ത്. പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷിന്റെ സഹോദരൻ ഡാവിഞ്ചി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂരിലെ പണിശാലയിലാണ് രഥനിർമ്മാണം. ചക്രങ്ങൾ ഉൾപ്പെടെ പൂർണമായും തേക്കിൽ. പൂത്തോട്ടയിൽ എത്തിച്ച് കൂട്ടിയോജിപ്പിക്കും.
ഉത്സവത്തിന് 100 കതിനകൾ ഉപയോഗിക്കുന്നത് നാമമാത്രമാക്കാനും ആലോചിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖാ സെക്രട്ടറി കെ.കെ. അരുൺകാന്ത് പറഞ്ഞു.
പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം
ഗുരുദേവൻ മൂന്നാമത് പ്രതിഷ്ഠ നിർവഹിച്ച ക്ഷേത്രം. 1893 ഫെബ്രുവരി 20ന് പ്രതിഷ്ഠയ്ക്ക് ശേഷം ഗുരു പറഞ്ഞത് ഇവിടെ വിദ്യാലയങ്ങൾ ഉണ്ടാകണമെന്നാണ്. ലാ കോളേജ്, ബി.എഡ് കോളേജ്, സ്വാശ്രയ കോളേജുകൾ, സ്റ്റേറ്റ്, സി.ബി.എസ്.ഇ സ്കൂളുകൾ ഉൾപ്പെടെ ഡസനിലേറെ വിദ്യാലയങ്ങൾ ഇപ്പോൾ ക്ഷേത്രത്തിന് ചുറ്റുമുണ്ട്. പൂത്തോട്ട ശാഖയുടെ കീഴിലാണിവ.
കഴിഞ്ഞ ജൂലായിൽ ചേർന്ന പൊതുയോഗത്തിൽ വിഷയം അവതരിപ്പിച്ചു. എതിർപ്പുകളും ദേവഹിതം വേണമെന്ന ആവശ്യങ്ങളും ഉയർന്നെങ്കിലും തീരുമാനം ഗുരുദേവഹിതമാണെന്ന നിലപാടിൽ എല്ലാവരും എത്തി.
-ഡി. ഉണ്ണികൃഷ്ണൻ,
പ്രസിഡന്റ്,
യോഗം പൂത്തോട്ട ശാഖ
ഗുരുദേവ നിയോഗമാണ് ഈ ദൗത്യം. മണത്തല വിശ്വനാഥക്ഷേത്രം, കൊടകര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങി നാല് ക്ഷേത്രങ്ങൾ രഥത്തെക്കുറിച്ച് വിവരങ്ങൾ തേടിയിട്ടുണ്ട്.
-ഡാവിഞ്ചി ഉണ്ണികൃഷ്ണൻ, ശില്പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |