സോളോ ട്രിപ്പ് പോകുന്നയാളാണ് താനെന്ന് നടൻ വിനീത് കുമാർ. കറക്ട് ഡെസ്റ്റിനേഷൻ വയ്ക്കാതെ യാത്ര ചെയ്യാറുണ്ടെന്ന് അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് മുമ്പ് മഹാത്മാ ഗാന്ധിയുടെ വീട്ടിൽ പോയിട്ടുണ്ടെന്നും വിനീത് പറഞ്ഞു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു ദിവസം രാത്രി പത്തരയോടെ ബസിലാണ് ഞാൻ പോർബന്തറിലെത്തിയത്. ബസ് സ്റ്റാൻഡിനടുത്തുള്ള ഹോട്ടൽ നോക്കി. റൂം കണ്ടപ്പോൾ മെയ്യഴകന്റെ അവസ്ഥയായിരുന്നു. ഈ മുറിയിൽ എങ്ങനെ കിടക്കും. എനിക്ക് ഭയങ്കര പ്രശ്നമായി. അവിടെനിന്നിറങ്ങി, സെർച്ച് ചെയ്തു. അവിടുന്ന് ഒന്നരകിലോമീറ്റർ നടന്ന് മറ്റൊരു ഹോട്ടലിലെത്തി. കുറച്ചൂടെ മെച്ചപ്പെട്ട ഹോട്ടലായിരുന്നു.
രാവിലെ ഗാന്ധിജിയുടെ വീട് കാണാൻ ചെല്ലുകയാണ്. അവിടെ ഒരു മലയാളി ഫാമിലി എന്നെ കണ്ടു. ഞാൻ തന്നെയാണോയെന്ന് അവർക്ക് സംശയം. ഞാൻ അല്ലെന്ന് ഉറപ്പിച്ച് അവർ പോയി. ഞാൻ ഷോർട്ടൊക്കെയായിരുന്നു ഇട്ടത്. ഉള്ളിലൊരു ലിബർട്ടി ഫീലുണ്ട്. ഞാൻ അത് ആസ്വദിച്ച് ഗാന്ധിജിയുടെ വീട് കണ്ടു.
അത് മൂന്ന് നില വീടാണ്. ഗാന്ധിജിയുടെ വീടെന്ന് പറയുമ്പോൾ, നമ്മൾ വിചാരിക്കുന്ന പോലത്തെ വീടല്ല. അത്രയും വലിയ വീടാണ്. ഇപ്പോഴും അതേപോലെ സൂക്ഷിച്ചിട്ടുണ്ട്. മൂന്നാമത്തെ നിലയിൽ അദ്ദേഹം വായിക്കാനും പഠിക്കാനുമൊക്കെ ഉപയോഗിച്ചൊരു മുറിയുണ്ട്.
മുറിയെന്ന് പറയുമ്പോൾ വളരെ ചെറിയ മുറിയാണ്. ഒരു കട്ടിൽ ഇടാൻ പോലും സ്ഥലമില്ലാത്തതാണ് മുറി. കൊടും ചൂടുള്ള സമയത്താണ് ഞാൻ ചെന്നത്. പക്ഷേ അതിനകത്ത് ഭയങ്കര തണുപ്പാണ്. അതിന്റെ ആർക്കിടെക്ചർ രീതികളൊക്കെ നിരീക്ഷിച്ച് ഫോട്ടോകളൊക്കെ എടുത്തു. എയർ സർക്യുലേഷന് വേണ്ടി അവർ ചെയ്ത ചില മെത്തേഡുകൾ ഇവിടെ ഇതുവരെ ആരും ഉപയോഗിച്ചുകണ്ടിട്ടില്ല.'- വിനീത് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |