തിരുവനന്തപുരം: ടി.പി. ശ്രീനിവാസനെ തല്ലിയത് മഹാഅപരാധമല്ലെന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയുടെ പ്രസ്താവനയെ തള്ളി മന്ത്രി ആർ.ബിന്ദു. ആർക്കും ആരെയും തല്ലാൻ അധികാരമില്ല. അതിനെ ന്യായീകരിക്കുന്നില്ല. റാഗിംഗിന്റെ പഴി എസ്.എഫ്.ഐയുടെ തലയിൽ കെട്ടിവയ്ക്കരുത്. വസ്തുതകൾ പരിശോധിക്കണം.
എസ്.എഫ്.ഐ ഇല്ലാത്ത ക്യാമ്പസുകളിലും റാഗിംഗ് നടക്കുന്നുണ്ട്. എന്നിട്ട് അതെല്ലാം എസ്.എഫ്.ഐയാണെന്ന് പ്രചരിപ്പിക്കും. കുട്ടികളുടെ ആന്തരിക, വൈകാരിക സംഘർഷം അവരെ ഹിംസാത്മക പ്രവർത്തനങ്ങളിലേക്ക് നയിക്കും. അവർക്ക് കാര്യങ്ങൾ ആരോടും തുറന്നുപറയാനാവുന്നില്ല. സ്നേഹവും സാഹോദര്യവുമുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് വേണ്ടത്. റാഗിംഗിനെതിരെ എല്ലാ ക്യാമ്പസുകളിലും ബോധവത്കരണം നടത്തും. ശക്തമായ നടപടികളെടുക്കും. ഇതിനായി പ്രിൻസിപ്പൽമാരുടെ യോഗം വിളിക്കും.
സ്വകാര്യ സർവകലാശാല:
ചർച്ചയ്ക്ക് തയ്യാറെന്ന് മന്ത്രി
തിരുവനന്തപുരം: സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതിനെക്കുറിച്ച് വിദ്യാർത്ഥി സംഘടനകളുമായടക്കം ചർച്ചയ്ക്ക് തയ്യാറാണെന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു. ആരോഗ്യകരമായ മത്സരത്തിന് പൊതു സർവകലാശാലകൾക്ക് കെൽപ്പുണ്ടെന്ന് ഉറപ്പാക്കിയിട്ടാണ് സ്വകാര്യ സർവകലാശാലാ ബിൽ കൊണ്ടുവന്നത്. ഒരു തിടുക്കവും കാട്ടിയിട്ടില്ല. നാലുവർഷം ഇതേക്കുറിച്ച് പഠിച്ചു. പൊതുസമൂഹം വിശദമായി ചർച്ച ചെയ്തതാണ്. സെലക്ട് കമ്മിറ്റിക്ക് വിടണോയെന്ന് തീരുമാനിക്കേണ്ടത് നിയമസഭയാണ്.
തദ്ദേശസ്ഥാ പനങ്ങൾക്ക്
1905 കോടി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങൾക്ക് വികസന ഫണ്ടിന്റെ മൂന്നാം ഗഡുവായി 1905 കോടിരൂപ അനുവദിച്ചു. ഇതിൽ 1000 കോടി ഗ്രാമപഞ്ചായത്തുകൾക്കും 245കോടി വീതം ജില്ലാ, ബ്ളോക്ക് പഞ്ചായത്തുകൾക്കും 193 കോടി മുനിസിപ്പാലിറ്റികൾക്കും 222 കോടി കോർപറേഷനുകൾക്കും കിട്ടും.
ഡിജിറ്റൽ റീസർവെ ലോകത്തിന്
മാതൃക: മന്ത്രി കെ.രാജൻ
തിരുവനന്തപുരം: ഡിജിറ്റൽ റീ സർവേയിലൂടെ കേരളം ലോകത്തിന് മാതൃകയായി മാറുകയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. സർവെ ഒഫ് ഇന്ത്യയുമായി ചേർന്ന് റവന്യൂ വകുപ്പ് നടപ്പാക്കുന്ന 'നക്ഷ' (നാഷണൽ ജില്ലാ സ്പേഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവെ ഒഫ് അർബൻ ഹാബിറ്റേഷൻ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ 100 നഗരങ്ങളിലാണ് സർവെ ഓഫ് ഇന്ത്യ നക്ഷ നടപ്പാക്കുന്നത്. കേരളത്തിലെ 10 നഗരങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിജിറ്റൽ റീ സർവെ മൂന്നം ഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. കയ്യൂക്കു കൊണ്ടും പണാധിപത്യം കൊണ്ടും ആർക്കും പിഴുതു മാറ്റുവാൻ കഴിയാത്ത ഡിജിറ്റൽ വേലിയായി ഭൂരേഖകൾ മാറും. ഈ സർക്കാരിന്റെ കാലത്തു തന്നെ സെറ്റിൽമെന്റ് ആക്ട് നടപ്പാക്കും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷനായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |