വാഷിംഗ്‌ടൺ: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ ചങ്ങലകൾ കൊണ്ട് ബന്ധിക്കുന്ന വീഡിയോ പുറത്ത്. സൈനിക വിമാനത്തിൽ കയറ്റുന്നതിന് തൊട്ടുമുമ്പ് ഇന്ത്യക്കാരുടെ കയ്യിലും കാലിലും ചങ്ങലയിടുന്ന ദൃശ്യങ്ങൾ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വൈറ്റ് ഹൗസിലൂടെ പുറത്തുവിടുകയായിരുന്നു. നാടുകടത്തപ്പെട്ടവരോട് കാട്ടിയത് ക്രൂര നടപടിയാണെന്ന് ആരോപിച്ച് രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധമുയർത്തുന്നതിനിടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്.
41 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവിട്ടത്. ഇതിൽ പശ്ചാത്തലത്തിൽ ഒരു വിമാനം കാണാം. ഒരു ഉദ്യോഗസ്ഥ വിമാനത്തിൽ കയറാൻ നിൽക്കുന്നയാളെ പരിശോധിക്കുന്നു. ശേഷം ഇന്ത്യക്കാരൻ മറ്റൊരു ഉദ്യോഗസ്ഥന് മുന്നിലെത്തുന്നു. ഈ ഉദ്യോഗസ്ഥൻ അയാളുടെ കയ്യിലും കാലിലും ശരീരത്തിലുമെല്ലാം ചങ്ങല കൊണ്ട് ബന്ധിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ധാരാളം ചങ്ങലകൾ നിരത്തി വച്ചിരിക്കുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഇങ്ങനെ ബന്ധിക്കപ്പെട്ടവർ പടികൾ കയറി വിമാനത്തിനുള്ളിൽ പ്രവേശിക്കുന്നതും കാണാം. ഇവരുടെ മുഖം വീഡിയോയിൽ വ്യക്തമല്ല.
ഈ മാസം ആദ്യമാണ് അമേരിക്കയിൽ അനധികൃതമായി കുടിയേറിയ 332 ഇന്ത്യൻ പൗരന്മാരെ തിരിച്ചയച്ചത്. കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള മൂന്ന് യുഎസ് സൈനിക വിമാനങ്ങൾ അമൃത്സറിൽ വന്നിറങ്ങി. യാത്രയ്‌ക്കിടെ തങ്ങളെ ചങ്ങലയിൽ ബന്ധിച്ചിരുന്നുവെന്നും ടോയ്‌ലറ്റിൽ പോകാൻ പോലും അനുവദിച്ചില്ലെന്നും തിരിച്ചെത്തിയ കുടിയേറ്റക്കാർ പറഞ്ഞിരുന്നു.
യുഎസ് ബോർഡർ പട്രോൾ (യുബിഎസ്പി) മേധാവി മൈക്കൽ ഡബ്ല്യു ബാങ്ക്സ് നേരത്തെ ഒരു വീഡിയോ പങ്കുവച്ചിരുന്നു. കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് അയക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അവ. ഇതിന് പിന്നാലെ, ഇന്ത്യക്കാരോട് കാട്ടിയത് മനുഷ്യത്വ രഹിതമായ പെരുമാറ്റമാണെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചിരുന്നു.
എന്നാൽ, നാടുകടത്തപ്പെട്ടവരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് യുഎസിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തിന്റെ (എസ്ഒപി) ഭാഗമാണെന്നും മുൻ വർഷങ്ങളിലും ചങ്ങലയിൽ ബന്ധിച്ചാണ് കുടിയേറ്റക്കാരെ ഇന്ത്യയിലെത്തിച്ചതെന്നുമാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പാർലമെന്റിൽ പറഞ്ഞത്. പുരുഷന്മാരോട് മാത്രമാണ് ഇങ്ങനെ കാട്ടിയത്. സ്‌ത്രീകളോടും കുട്ടികളോടും അവർ മോശമായി പെരുമാറിയിട്ടില്ലെന്നും ജയ്‌ശങ്കർ വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |