കേരളം പലവിധ തട്ടിപ്പുകളുടെയും വിളനിലമാണിന്ന്. ആർക്കും ആരെയും അനായാസം കബളിപ്പിച്ച് പണം തട്ടിയെടുക്കാനാവും. എന്നെ ഒന്നു പറ്റിച്ചിട്ടു പോകൂ എന്ന മട്ടിലാണ് പലരുടെയും നില്പ്. മുൻപൊക്കെ നേരിട്ടുള്ള തട്ടിപ്പുകളാണ് നടന്നിരുന്നതെങ്കിൽ സാങ്കേതികവിദ്യയുടെ വളർച്ചയോടെ തട്ടിപ്പിന്റെ രൂപവും ഭാവവുമൊക്കെ മാറി. അദ്ധ്വാനമൊന്നുമില്ലാതെ, പരസ്പരം നേരിൽപ്പോലും കാണാതെ എത്ര വലിയ തുകയും തട്ടിയെടുക്കാൻ ഇന്നു സാധിക്കും. സർക്കാരുകളും പൊലീസും സൈബർ വിദഗ്ദ്ധന്മാരുമടക്കം പല കേന്ദ്രങ്ങളിൽ നിന്ന് തുടർച്ചയായി ഓൺലൈൻ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. എന്നാൽ തട്ടിപ്പുകൾ കൂടുന്നതല്ലാതെ കുറയുന്നില്ല. ബാങ്ക് നിക്ഷേപത്തിൽ നിന്ന് പലർക്കും ഇത്തരത്തിൽ പണം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ചേർത്തല സ്വദേശികളായ ഡോക്ടർ ദമ്പതികളിൽ നിന്ന് ഏഴരക്കോടിയിൽപ്പരം രൂപ അതിവിദഗ്ദ്ധമായി ഓൺലൈൻ വഴി കബളിപ്പിച്ചെടുത്ത തയ്‌വാൻകാരായ യുവാവിനെയും യുവതിയെയും പൊലീസ് പിടികൂടിയത് സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലത്തെ കേസാണ്. ഗുജറാത്തിലെ സബർമതിയിൽ സമാന കേസിൽ നേരത്തെ പിടികൂടിയ തട്ടിപ്പുകാരിൽ നിന്നു ലഭിച്ച സൂചനകളാണ് തയ്‌വാൻകാരിലേക്ക് കേരള പൊലീസിനെ എത്തിച്ചത്. വാട്സ്ആപ്പ് ചാറ്റിലൂടെ ഡോക്ടർ ദമ്പതികളുമായി അടുപ്പം സ്ഥാപിച്ച് നിക്ഷേപത്തിന് വളരെ ഉയർന്ന ലാഭം വാഗ്ദാനം ചെയ്തായിരുന്നു തയ്‌വാൻകാരുടെ തട്ടിപ്പ്. ഇത്തരത്തിൽ രണ്ടുതവണയായി 7.65 കോടി രൂപയാണ് ഡോക്ടർ ദമ്പതികളിൽ നിന്ന് അവർ കബളിപ്പിച്ചെടുത്തത്. ഒടുവിൽ തട്ടിപ്പ് ബോദ്ധ്യമായപ്പോൾ ദമ്പതികൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. നൽകിയ പണം തിരികെ ചോദിച്ചപ്പോൾ രണ്ടുകോടി രൂപ കൂടി നൽകിയാൽ നിക്ഷേപത്തുക മടക്കി നൽകാമെന്ന നിലപാടെടുത്തു. അതും നഷ്ടപ്പെടുമെന്ന് മനസിലായപ്പോഴാണ് പൊലീസ് സഹായം തേടിയത്.
അറിവും വിദ്യാഭ്യാസവുമുള്ളവരെപ്പോലും നിഷ്‌പ്രയാസം പറഞ്ഞു വിശ്വസിപ്പിച്ച് സൈബർ കുറ്റവാളികൾ വശത്താക്കുമെന്നതിന്റെ നല്ല തെളിവാണ് ചേർത്തലയിലെ ഡോക്ടർ ദമ്പതികൾക്കുണ്ടായ ധനനഷ്ടം. കൈയിലുള്ള പണം ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ പല മടങ്ങായി വർദ്ധിക്കുന്നതു കാണാനുള്ള ആർത്തിയാണ് ഇത്തരം കുരുക്കിൽ ചെന്നു വീഴാൻ പലരെയും പ്രേരിപ്പിക്കുന്നത്. രാജ്യത്ത് സൈബർ തട്ടിപ്പുകൾ വർദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് നിത്യേന വാർത്തകൾ വരുന്നുണ്ട്. അതൊന്നും കാണാത്തവരൊന്നുമല്ല തട്ടിപ്പുകൾക്ക് ഇരയാകുന്നത്. തട്ടിപ്പുകാരുടെ കെണിയിൽ ചെന്നു വീഴുന്നതിനു പ്രധാന കാരണം ദുരാഗ്രഹം തന്നെയാണ്. വെർച്വൽ അറസ്റ്റ് എന്നൊരു ഏർപ്പാട് രാജ്യത്തില്ലെന്നും ഒരു അന്വേഷണ ഏജൻസിയും അത്തരത്തിലുള്ള നടപടിക്കു മുതിരാറില്ലെന്നും ജനങ്ങളെ അറിയിക്കാൻ പ്രധാനമന്ത്രി തന്നെ മുന്നോട്ടുവന്നിരുന്നു. ഇതിനുശേഷവും എത്രയോ വെർച്വൽ അറസ്റ്റുകളും അതിനു നിന്നുകൊടുത്തവർക്ക് വലിയ പണ നഷ്ടവുമാണ് സംഭവിച്ചിട്ടുള്ളത്.
കണ്ടാലും കൊണ്ടാലും ആളുകൾ പഠിക്കുകയില്ലെന്നതിന്റെ ഉദാഹരണമാണ് ഇത്. ഓൺലൈൻ വഴിയുള്ള പണമിടപാടുകൾ സാധാരണമായപ്പോഴാണ് അതിൽ വൈദഗ്ദ്ധ്യം നേടിയ തട്ടിപ്പുകാർക്കും കൊയ‌്‌ത്തുകാലം തുടങ്ങിയത്. തട്ടിപ്പുകാർക്കെതിരെ ജനങ്ങൾ സ്വയം ജാഗ്രത പാലിക്കുക മാത്രമാണ് ഇതിൽനിന്നു രക്ഷപ്പെടാനുള്ള മാർഗം. അമിത ലാഭം വാഗ്ദാനം ചെയ്യുന്ന ഏതു സന്ദേശത്തിനു പിന്നിലും അതിവിദഗ്ദ്ധരായ തട്ടിപ്പുകാർ പതിയിരിപ്പുണ്ടെന്ന് മനസിലാക്കാനുള്ള വിവേകം ജനങ്ങൾക്കുണ്ടാകണം. കുരുക്കിലേക്കാണ് അങ്ങേ തലയ്ക്കലുള്ളവർ തങ്ങളെ നയിക്കുന്നതെന്ന് തിരിച്ചറിഞ്ഞാലുടൻ വിവരം സൈബർ ക്രൈമിനെയോ പൊലീസിനെയോ അറിയിക്കണം. പണം നഷ്ടപ്പെടുമ്പോഴല്ല, അതിലേക്കു നയിക്കുന്ന വിദ്യകളെക്കുറിച്ച് സൂചന ലഭിക്കുമ്പോൾത്തന്നെ ബന്ധപ്പെട്ട കേന്ദ്രങ്ങളെ അറിയിക്കേണ്ടതുണ്ട്. ഇതൊക്കെയാണെങ്കിലും തട്ടിപ്പിന് നിന്നുകൊടുക്കാതിരിക്കുക എന്നതാണ് ഏറ്റവും അഭികാമ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |