തിരുവനന്തപുരം : പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപപകരണങ്ങളും നൽകാമെന്ന് പറഞ്ഞ് കോടികൾ തട്ടിച്ച കേസിൽ അന്വേഷണ സംഘത്തിന്റെ നിർണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സമാഹരിച്ച പണത്തിൽ നിന്ന് രണ്ടുകോടി രൂപ സായിഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിന് നൽകിയെന്ന് അനന്തുകൃഷ്ണൻ മൊഴി നൽകി. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പരിശോധിച്ചതിൽ നിന്ന് ഇക്കാര്യം വ്യക്തമായതായും പൊലീസ് അറിയിച്ചു.
കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിലെയും എറണാകുളത്തെയും വിവിധ രാഷ്ട്രീയ നേതാക്കൾക്ക് അനന്തു പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്. പലരുടെയും ഓഫീസ് സ്റ്റാഫുകൾ വഴിയാണ് പണം കൈമാറിയത്. തിരഞ്ഞെടുപ്പ് ഫണ്ടിന്റെ പേരിൽ ഉൾപ്പെടെയാണ് എറണാകുളത്തെയും മൂവാറ്റുപുഴയിലെയും ഇടുക്കിയിലെയും പല നേതാക്കൾക്കും ലക്ഷങ്ങൾ നൽകിയത്. അനന്തുവിന്റെ വാട്സ്ആപ്പ് ചാറ്റ്, വോയ്‌സ് മെസേജുകൾ എന്നിവ അന്വേഷണ സംഘം പരിശോധിച്ചു. പലരും പണം കൈപ്പറ്റിയത് സഹകരണ ബാങ്കുകളിലെ അക്കൗണ്ടുകൾ വഴിയാണ്. ഇതിന്റെ വിശദാംശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു.
അതേസമയം തട്ടിപ്പ് കേസിൽ ലാലി വിൻസെന്റിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞുകൊണ്ട് ഉത്തരവിട്ടിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയാകുന്നതു വരയൊണ് അറസ്റ്റ് തടഞ്ഞത്. കേസിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് കെ.എൻ. ആനന്ദകുമാറും മാദ്ധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അനന്തുകൃഷ്ണനെ തനിക്ക് പരിചയപ്പെടുത്തിയത് ലാലി വിൻസെന്റാണെന്നും അനന്തു കൃഷ്ണൻ നടത്തുന്നത് തട്ടിപ്പാണന്ന് നേരത്തെ തന്നെ ബോദ്ധ്യപ്പെട്ടിരുന്നെന്നും ആനന്ദ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |