കോഴിക്കോട്: എൽപി സ്‌കൂൾ അദ്ധ്യാപികയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. താമരശേരി കോടഞ്ചേരി സെന്റ് ജോസഫ് എൽപി സ്‌കൂൾ അദ്ധ്യാപിക അലീന ബെന്നിയെയാണ് (29) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിപ്പാറയിലെ സ്‌കൂളിൽ അഞ്ച് വർഷം ജോലി ചെയ്ത അലീന കഴിഞ്ഞ ഒരു വർഷമായി കോടഞ്ചേരിയിലാണ് ജോലി ചെയ്യുന്നത്. കട്ടിപ്പാറയിലെ വീട്ടിലെ മുറിയിലാണ് അലീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് അലീന സ്‌കൂളിൽ പോയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. സ്‌കൂളിൽ എത്താത്തിനെ തുടർന്ന് അധികൃതർ പിതാവ് ബെന്നിയെ വിളിച്ച് കാര്യം അന്വേഷിക്കുകയായിരുന്നു. മൂന്ന് മണിയോടെ ബെന്നി വീട്ടിലെത്തിയപ്പോഴാണ് അലീനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോർപ്പറേറ്റ് മാനേജ്‌മെന്റിന് കീഴിലാണ് അലീന ജോലി ചെയ്തിരുന്നത്. അലീനയ്ക്ക് ജോലി സ്ഥിരപ്പെടുകയോ ശമ്പളം ലഭിക്കുകയോ ചെയ്തിരുന്നില്ല. ഇതിന്റെ മനോവിഷമത്തിലാണ് അലീന ജീവനൊടുക്കിയതെന്ന് പിതാവ് ബെന്നി പറഞ്ഞു.
കട്ടിപ്പാറയിൽ ജോലി ചെയ്ത കാലയളവിലെ അഞ്ച് വർഷത്തെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലെന്ന് കോർപ്പറേറ്റ് മാനേജർ എഴുതി വാങ്ങിയിരുന്നുവെന്നും പിതാവ് ആരോപിച്ചു. ശമ്പള കുടിശിക കിട്ടാതെ വന്നതോടെ അലീന മാനസികമായി തളർന്നുവെന്നും ബെന്നി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |