തിരുവനന്തപുരം: ചികിത്സാ, ഗവേഷണ അക്കാഡമിക് രംഗങ്ങളിൽ രാജ്യത്തെ വിശ്വാസ്യയോഗ്യമായ സ്ഥാപനമാണ് ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് പറഞ്ഞു. പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പ്രകാരം തിരുവനന്തപുരം ശ്രീചിത്രയിൽ നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ശ്രീചിത്ര രാജ്യത്തിന് മാതൃകയാണ്. തദ്ദേശീയമായ വൈദഗ്ദ്ധ്യം പ്രോത്സാഹിപ്പിക്കുകയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാഴ്ചപ്പാട് അനുസരിച്ചാണ് ശ്രീചിത്രയുടെ പ്രവർത്തനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശ്രീചിത്രയുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇപ്പോൾ സാദ്ധ്യമായതെന്ന് കേന്ദ്രമന്ത്രി ജഗത് പ്രകാശ് നദ്ദ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാഥിതിയായി. സംസ്ഥാന ആരോഗ്യമന്ത്രി വീണാജോർജ്, ഡോ. ശശി തരൂർ എം.പി, നിതി ആയോഗ് അംഗം ഡോ. വി.കെ.സാരസ്വത്, മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അഭയ് കരണ്ടികർ, വാർഡ് കൗൺസിലർ ഡി.ആർ.അനിൽ തുടങ്ങിയവർ പങ്കെടുത്തു. ശ്രീചിത്ര ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി സ്വാഗതവും ബയോമെഡിക്കൽ ടെക്‌നോളജി വിഭാഗം മേധാവി ഡോ. ഹരികൃഷ്ണ വർമ്മ നന്ദിയും പറഞ്ഞു.
ഒൻപത് നിലകളിലായി പൂർണമായും ശിതീകരിച്ച കെട്ടിടത്തിൽ തീവ്രപരിചരണ സേവനങ്ങൾക്കായി 130 കിടക്കകളും 40 പേവാർഡ് മുറികളും സജ്ജീകരിച്ചിട്ടുണ്ട്.
വി.എസിനും ശ്രീമതിക്കും ആദരം
മുൻമുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും മുൻ ആരോഗ്യമന്ത്രി പി.കെ.ശ്രീമതിക്കും ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. അച്യുതാനന്ദന് വേണ്ടി മകൻ വി.എ.അരുൺകുമാർ ഉപഹാരം ഏറ്റുവാങ്ങി. വി.എസ്.അച്യുതാന്ദൻ സർക്കാരിന്റെ കാലത്താണ് ഇപ്പോൾ പൂർത്തിയായ കെട്ടിടം പണിയുന്നതിനുള്ള സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെ നടന്നത്.
സ്വാഗതം പറഞ്ഞ ഡോ. സഞ്ജയ് ബെഹാരി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരും പരാമർശിച്ചു. മെഡിക്കൽ കോളേജ്, ആർ.സി.സി എന്നിവിടങ്ങളിൽ നിന്ന് പിന്തുണ നൽകിയവരെയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ താഴെ തലം മുതൽ വിവിധ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച ജീവനക്കാരുടെ പേരും അദ്ദേഹം സ്വാഗതപ്രസംഗത്തിൽ പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |