ചെന്നൈ: കരൾ മാറ്റ ശസ്‌ത്രക്രിയയ്ക്കുശേഷം തനിക്ക് തെറ്റായ മരുന്ന് നൽകിയെന്ന ആരോപണവുമായി നടൻ ബാല. എന്നാൽ ആരാണ് മരുന്ന് നൽകിയതെന്ന് താരം വ്യക്തമാക്കിയില്ല. ഗലാട്ട മീഡിയ എന്ന തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ.
'രണ്ട് വർഷങ്ങൾക്ക് മുൻപ് ബാല മരിച്ചുവെന്ന വാർത്ത പരന്നിരുന്നു. പക്ഷേ ഇതാ ഞാൻ, നിങ്ങൾക്ക് മുന്നിലിരുന്ന് എന്നെതന്നെ പരിചയപ്പെടുത്തുന്നു. കഴിഞ്ഞ വർഷം എന്റെ ശസ്ത്രക്രിയയ്ക്ക് ശേഷം തെറ്റായ മരുന്ന് നൽകി. ഇക്കാര്യമറിയാതെ കുറേ നാൾ ആ മരുന്ന് കഴിച്ചു. പക്ഷേ അത് നൽകിയ ആളുടെ പേര് ഞാൻ പറയില്ല. ദൈവം എന്നെ രക്ഷിച്ചു. അതിനുശേഷം പത്ത് ദിവസം ആശുപത്രിയിൽ കഴിഞ്ഞു. ആ സമയത്ത് ആരും എന്നെ കാണാൻ വന്നില്ല. ആ ദിവസങ്ങളിൽ എന്റെ രണ്ട് കൈകളിലും ട്യൂബുകളുണ്ടായിരുന്നു.
ഞാൻ ആശുപത്രിയിലായിരുന്ന സമയത്ത് മരിച്ചെന്ന തരത്തിൽ വാർത്ത പുറത്തുവന്നു. എനിക്ക് ഒരു മണിക്കൂർ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അവർ വെന്റിലേറ്റർ ഓഫ് ചെയ്യാൻ തീരുമാനിച്ചു. അതിന് എന്റെ അമ്മയുടെ അനുമതി ചോദിച്ചു. എന്റെ ആന്തരികാവയവങ്ങൾ പ്രവർത്തനം നിർത്തി. അര മണിക്കൂറിനുള്ളിൽ എനിക്കെന്തോ സംഭവിച്ചു. എന്റെ തലച്ചോർ, വൃക്കകൾ, കരൾ എല്ലാം പ്രവർത്തിക്കാതെയായി. അമ്മ അപ്പോൾ ചെന്നൈയിലായിരുന്നു. അപ്പോഴേക്കും ഞാൻ മരിച്ചുവെന്ന വാർത്ത പുറത്തുവന്നിരുന്നു.
പോസ്റ്റുമോർട്ടം നടത്തി ബോഡി പുറത്തേയ്ക്ക് കൊണ്ടുവരാൻവരെ തീരുമാനിച്ചു. ആശുപത്രിക്ക് പുറത്ത് വലിയ ജനക്കൂട്ടമായിരുന്നു. അവരെ കൈകാര്യം ചെയ്യുക എളുപ്പമല്ല. ആ സമയത്ത് അര മണിക്കൂറിനുള്ളിൽ അത്ഭുതം സംഭവിച്ചു. ഞാൻ തിരികെ ജീവിതത്തിലേയ്ക്ക് വന്നു. ലോകം മുഴുവൻ എനിക്കുവേണ്ടി പ്രാർത്ഥിച്ചിരുന്നു'- എന്നാണ് ബാല വെളിപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |