ഏതാണ്ട് ഒന്നരലക്ഷം കോടിയുടെ നിക്ഷേപ വാഗ്ദാനങ്ങളാണ് കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ഉച്ചകോടിയിൽ ലഭിച്ചത്. വാഗ്ദാനം ചെയ്യപ്പെട്ട പദ്ധതികളിൽ പകുതിയെങ്കിലും യാഥാർത്ഥ്യമായാൽപ്പോലും അത് കേരളത്തെ സംബന്ധിച്ച് ഒരു വലിയ നിക്ഷേപക വിജയമായി മാറും. കേരളത്തിലെത്തുന്ന നിക്ഷേപകർക്ക് ചുവപ്പുനാട കുരുക്കിനെപ്പറ്റി ആശങ്കപ്പെടേണ്ടിവരില്ലെന്ന ഉറപ്പാണ്, നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. മുഖ്യമന്ത്രി നൽകിയ ഈ വാഗ്ദാനം നൂറുശതമാനവും പാലിക്കാൻ സർക്കാർ സംവിധാനങ്ങൾക്കു കഴിഞ്ഞാൽ നിക്ഷേപകർ തന്നെ കേരളത്തിന്റെ ബ്രാൻഡ് അംബാസിഡർമാരാകുന്ന അവസ്ഥ സംജാതമാകും. വ്യവസായ നിക്ഷേപകർ ഏറ്റവും കൂടുതൽ വിശ്വസിക്കുന്നത് നിലവിൽ പ്രസ്ഥാനങ്ങൾ നടത്തുന്ന മറ്റ് നിക്ഷേപകർ നൽകുന്ന ഫീഡ്‌ബാക്കാണ്.
വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി അദാനി ഗ്രൂപ്പിന്റെ വരവും അവർക്ക് സർക്കാർ നൽകുന്ന പിന്തുണയും കേരളത്തിന്റെ പേരിൽ ആരോപിക്കപ്പെട്ടിരുന്ന വികസന വിരുദ്ധ നിലപാട് ഒരു വലിയ പരിധി വരെ ദുരീകരിക്കാൻ ഇടയാക്കിയിട്ടുണ്ട്. 30,000 കോടിയുടെ ധാരണാപത്രമാണ് അദാനി ഗ്രൂപ്പ് മാത്രം ഒപ്പിട്ടത്. കേരളം വ്യവസായ സൗഹൃദമാണെന്ന് അനുഭവത്തിൽ ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഈ വൻകിട വ്യവസായ ഗ്രൂപ്പ് ഇതിനു തയ്യാറായത്. കൊച്ചിയിലെ നിക്ഷേപക സംഗമത്തിൽ ഏറ്റവും വലിയ നിക്ഷേപ വാഗ്ദാനം നടത്തിയതും അദാനി ഗ്രൂപ്പാണ്. 374 കമ്പനികളാണ് കേരളത്തിൽ നിക്ഷേപത്തിന് തയ്യാറായിരിക്കുന്നത്. ചെറുതും വലുതുമായ ഈ കമ്പനികളിൽ പകുതി എണ്ണം പദ്ധതികൾ തുടങ്ങിയാൽത്തന്നെ ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കാനും നികുതി ഇനത്തിലും പരോക്ഷ വരുമാനങ്ങളിലൂടെയും കേരളത്തിന്റെ ഖജനാവിൽ കോടികൾ എത്തിച്ചേരും. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെടുന്നതിന് കേന്ദ്രത്തിന്റെ കരുണ കാത്ത് ഇരിക്കേണ്ടിവരില്ല.
കേരളത്തിന്റെ വ്യവസായ വികസനത്തിന് വൻ കുതിപ്പേകിയിരിക്കുകയാണ് നിക്ഷേപക സംഗമമെന്നും താത്‌പര്യം അറിയിച്ച നിക്ഷേപങ്ങളിൽ അറുപത് ശതമാനത്തിലേറെ യാഥാർത്ഥ്യമാക്കാൻ കഴിയുമെന്നുമാണ് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞത്. പ്രതിപക്ഷ കക്ഷികളുടെ പങ്കാളിത്തം കൂടി ഈ നിക്ഷേപക സംഗമത്തിൽ ഉണ്ടായത് വ്യവസായികളുടെ, പ്രത്യേകിച്ച് കേരളീയരായ പ്രവാസി വ്യവസായികളുടെ ആത്മവിശ്വാസം ഉയർത്താൻ ഏറെ പ്രേരകമാവുകയും ചെയ്തു.
സർക്കാർ ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കരാർ ഒപ്പിട്ട പദ്ധതികൾക്ക് അനുമതി നൽകുന്ന നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കുന്നതിലാവണം. വ്യവസായികളുമായി ഉദ്യോഗസ്ഥ മേധാവികൾ തുടർചർച്ചകൾ നടത്തി പദ്ധതികൾ പൂർത്തീകരിക്കുന്നതിനുള്ള സമയക്രമവും നിശ്ചയിക്കണം.
അവലോകന യോഗങ്ങൾ മുറയ്ക്ക് നടത്തി, പുരോഗതി കൃത്യമായി വിലയിരുത്തുകയും വീഴ്ചകൾ ഉടനടി പരിഹരിക്കുകയും വേണം. കേരളത്തിന്റെ വികസന സംരംഭങ്ങൾക്ക് കേന്ദ്രത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രഖ്യാപനം വികസന കാര്യങ്ങളിൽ സംസ്ഥാന - കേന്ദ്ര സർക്കാരുകൾ ഒന്നിച്ചു നീങ്ങുമെന്ന സന്ദേശം പകരുന്നതായിരുന്നു. എന്തായാലും നിക്ഷേപകരിൽ വലിയ വിശ്വാസം സൃഷ്ടിക്കാൻ നിക്ഷേപക ഉച്ചകോടിക്ക് കഴിഞ്ഞു എന്ന് നിസംശയം പറയാം. ഇത് സംഘാടകരുടെയും സംഘാടനത്തിന്റെയും മികവു കൂടിയാണ്. ഇതിന്റെ പിന്നിൽ അഹോരാത്രം പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |