തിരുവനന്തപുരം: കാലഘട്ടത്തിന് അനിവാര്യമായതിനാലാണ് സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾ ആരംഭിക്കുന്നതെന്ന് മന്ത്രി ഡോ.ആർ.ബിന്ദു. ലോകവ്യാപകമായി എ.ഐ സാങ്കേതിക വിദ്യയുടെ മുന്നേറ്റമുണ്ടാകുന്നതും അതിനനുസൃതമായി വിദ്യാഭ്യാസ സമ്പ്രദായം മാറുന്നതും നോക്കിയിരിക്കാൻ സർക്കാരിനാവില്ല. നൂതന വിദ്യാഭ്യാസ അവസരങ്ങൾ തേടി വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നത് നിയന്ത്രിക്കേണ്ടതുണ്ട്.
കേരള യൂണിവേഴ്സിറ്റി എംപ്ലോയിസ് യൂണിയൻ 59-ാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
യൂണിയൻ പ്രസിഡന്റ് സന്തോഷ് ജി.നായർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.എസ്.സജിത് ഖാൻ, സിൻഡിക്കേറ്റ് അംഗങ്ങളായ അഡ്വ.ജി.മുരളീധരൻ, ഡോ.ജെ.എസ്.ഷിജുഖാൻ, ഡി.എൻ.അജയ്, ഡോ.എസ്.നസീബ്, കോൺഫെഡറേഷൻ ഒഫ് യൂണിവേഴ്സിറ്റി എംപ്ലോയിസ് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ഹരിലാൽ, യൂണിവേഴ്സിറ്റി പെൻഷനേഴ്സ് ഫോറം സെക്രട്ടറി എ.അജ്മൽ, പി.പി.സുമ തുടങ്ങിയവർ പ്രസംഗിച്ചു.
പിന്മാറാതെ വി.പി. സുഹ്റ
ന്യൂഡൽഹി : മുസ്ലീം സമുദായത്തിലെ സ്ത്രീക്കും പുരുഷനും സ്വത്തിൽ തുല്യ അവകാശം നടപ്പാക്കണമെന്ന ആവശ്യവുമായി ജന്തർ മന്ദറിൽ നിരാഹാരമിരുന്ന സാമൂഹിക പ്രവർത്തക വി.പി. സുഹ്റ ഡൽഹിയിൽ തുടരുകയാണ്. കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാൾ, കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി എന്നിവരെ കാണാൻ ഡൽഹിയിൽ തങ്ങുകയാണ് സുഹ്റ. ഞായറാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കിയതിനു പിന്നാലെ വിഷയത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടിരുന്നു. കേന്ദ്രമന്ത്രിമാരെ കാണാൻ വഴിയൊരുക്കാമെന്ന് സുരേഷ് ഗോപി ഉറപ്പു നൽകിയെന്നാണ് സൂചന. ഇതിന് പിന്നാലെ നിരാഹാരം താത്കാലികമായി അവസാനിപ്പിച്ചിരുന്നു.
ആശാ വർക്കർ ധർണ:
കൂടുതൽ പേർക്കെതിരെ
കോടതിഅലക്ഷ്യ ഹർജി
കൊച്ചി: തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ ആശാ വർക്കർമാർ നടത്തുന്ന ധർണയുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യക്കേസിൽ കൂടുതൽ നേതാക്കളെ കക്ഷിചേർക്കണമെന്ന് ഹർജി. പരിപാടിയിൽ പങ്കെടുത്ത രമേശ് ചെന്നിത്തലയെ അടക്കം എതിർകക്ഷികളാക്കി ഹൈക്കോടതിയെ സമീപിച്ച എൻ. പ്രകാശാണ് ഉപഹർജി നൽകിയത്. പ്രതിഷേധപരിപാടിയിൽ പല ദിവസങ്ങളിലായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, മുൻമന്ത്രി വി.എം. സുധീരൻ തുടങ്ങി പത്തിലധികം യു.ഡി.എഫ്. നേതാക്കൾക്കെതിരേയാണ് ഉപഹർജി. ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് വിഷയം പിന്നീട് പരിഗണിക്കും.
പെൻഷൻ പരിഷ്കരണ
കുടിശിക 27 മുതൽ
നൽകിയേക്കും
തിരുവനന്തപുരം: പെൻഷൻ പരിഷ്കരണ കുടിശികയുടെ അവസാന ഗഡു 27 മുതൽ നൽകിയേക്കും. ബഡ്ജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ തുക അനുവദിച്ച് 12ന് ഉത്തരവ് ഇറക്കിയെങ്കിലും ഇതുവരെയും നൽകാനായിരുന്നില്ല. 600 കോടിയാണ് വേണ്ടത്. ഇന്ന് സർക്കാർ 1,920 കോടി വായ്പയെടുക്കുന്നുണ്ട്. ഇതിൽ നിന്നാകും ലഭ്യമാക്കുക.
2021ലാണ് 2019 മുതൽ മുൻകാലപ്രാബല്യത്തോടെ സംസ്ഥാനത്ത് പതിനൊന്നാം പെൻഷൻ പരിഷ്കരണം നടപ്പാക്കിയത്. കുടിശിക നാലുതുല്യ ഗഡുക്കളായി വിതരണം ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം നീണ്ടു. 2021നുശേഷം ഒന്നരലക്ഷം പെൻഷൻകാർ മരണപ്പെട്ടു. ഇവരുടെ ആശ്രിതർക്കും കൃത്യമായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് നൽകും. പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായുള്ള ക്ഷാമാശ്വാസ പരിഷ്കരണത്തിന്റെ രണ്ട് ഗഡുക്കളും പെൻഷൻകാർക്ക് ലഭിക്കാനുണ്ടെങ്കിലും അതേക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല.
വാഹനാപകടം
കുംഭമേളയ്ക്ക് പോയി മടങ്ങിയ
4 മലയാളികൾക്ക് പരിക്ക്
ന്യൂഡൽഹി: കുംഭമേളയ്ക്ക് പോയി മടങ്ങിയ നാലു തിരുവനന്തപുരം സ്വദേശികൾക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. നേമം സ്വദേശികളായ വിവേക്,ശബരി,ശ്രീറാം,വൈശാഖ് എന്നിവരെ ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ വൈശാഖിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മറ്റുള്ളവർ ചികിത്സയിലാണ്. കാര്യമായ പ്രശ്നമില്ലെന്നാണ് പ്രാഥമിക വിവരം. ആറംഗ സംഘം കാറിൽ പ്രയാഗ്രാജിൽ നിന്ന് റായ്പൂരിലേക്ക് വരികയായിരുന്നുവെന്ന് മലയാളി സംഘടനയായ എയ്മയുടെ ദേശീയ സെക്രട്ടറി അനിൽ നായർ പറഞ്ഞു. ബിലാസ്പൂരിലെ പാലിയെയിൽ വച്ചാണ് ഭക്തർ സഞ്ചരിച്ച കാർ,ട്രക്കിന്റെ പുറകുവശത്തിടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |