തിരുവനന്തപുരം: പ്ലസ്ടുക്കാർക്കായി നാലുവർഷത്തെ ഇന്റഗ്രേറ്റ് ബി.എഡ് കോഴ്സ് നടത്താൻ നിലവിലുള്ള ബി.എഡ് സെന്ററുകൾ ആർട്സ് ആൻഡ് സയൻസ് കോളേജുകളുമായി കൂട്ടിച്ചേർക്കേണ്ടി വരും. 188ട്രെയിനിംഗ് കോളേജുകളിലായി 16000ബി.എഡ് സീറ്റുകളാണുള്ളത്. വിവിധ പഠനവകുപ്പുകളുള്ള (മൾട്ടി ഡിസിപ്ലിനറി) ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാവും ബി.എഡ് അനുവദിക്കുകയെന്നാണ് കേന്ദ്രനയത്തിലുള്ളത്. അതിനാൽ ഇവ മറ്റ് കോളേജുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ധാരണാപത്രം ഒപ്പിടേണ്ടിവരും. ഒരേ മാനേജ്മെന്റിന്റെ വിവിധ സെന്ററുകൾ ചേർന്ന് ക്ലസ്റ്ററായും പ്രവർത്തിക്കാനാവും. ഇതോടെ നിലവിലെ സീറ്റുകൾ സംരക്ഷിക്കപ്പെടും.
നിലവിലെ ഇൻസ്റ്റിറ്റ്യൂട്ടുകൾ 2028നകം മൾട്ടിഡിസിപ്ലിനറിയായി മാറണമെന്നാണ് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (എൻ.സി.ടി.ഇ) പ്രസിദ്ധീകരിച്ച കരടുനയത്തിലുള്ളത്. അന്തിമനയത്തിലാവും ക്ലസ്റ്ററുകളടക്കം ഇളവുകളുണ്ടാവുക. നാല്, രണ്ട്, ഒന്ന് വർഷം വീതം ദൈർഘ്യമുള്ള മൂന്ന് വിധം ബി.എഡ് കോഴ്സുകളാവും അടുത്തവർഷം മുതലുണ്ടാവുക. ഇതിൽ പ്ലസ്ടുക്കാർക്കുള്ള നാലുവർഷ കോഴ്സിനാണ് കടുത്ത നിബന്ധനകളുള്ളത്. നിലവിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ ഇപ്പോഴുള്ള രണ്ടുവർഷ ബി.എഡ് ഏതാനുംവർഷം കൂടി തുടരാനാവും.
ബി.എ, ബി.എസ്‌സി, ബി.കോം എന്നിങ്ങനെ മൂന്ന് സ്ട്രീമുകൾക്കൊപ്പവും പഠിക്കാവുന്നതാണ് നാലുവർഷ ബി.എഡ്. അതിനാലാണ് നിലവിലെ ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അനുവദിക്കാത്തത്. ആർട്സ്, ഫിസിക്കൽ എജ്യുക്കേഷൻ, സംസ്കൃതം, യോഗ എന്നിവയിൽ ഡ്യുവൽമേജർ കോഴ്സുകളുമുണ്ടാവും. രണ്ടിലേത് വിഷയത്തിലും പി.ജിയെടുക്കാം. ഉദാഹരണത്തിന് ബി.എ-സംസ്കൃതത്തിനൊപ്പമുള്ള ബി.എഡ് നേടിയാൽ സംസ്കൃതത്തിലോ എജ്യുക്കേഷനിലോ ബിരുദാനന്തരബിരുദം നേടാനാവും. നിലവിൽ കോളേജുകളിലുള്ളതുപോലെ യു.ജി.സി യോഗ്യതയുള്ള അദ്ധ്യാപകരും ഈ കോഴ്സുകളിലുണ്ടാവണം. വിശാലമായ ക്ലാസ്‌മുറികൾ, 4000ബുക്കുകളുള്ള ലൈബ്രറി, അദ്ധ്യാപകപരിശീലന സംവിധാനങ്ങൾ, ലബോറട്ടറികൾ, ആക്ടിവിറ്റി-റിസോഴ്സ് സെന്റർ, മൾട്ടിപർപ്പസ് ഹാൾ, ഹെൽത്ത് ആൻഡ് ഫിസിക്കൽ എജ്യുക്കേഷൻറൂം, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസ്, ആറ് ടോയ്‌ലറ്റ് ബ്ലോക്കുകൾ എന്നിവയെല്ലാം ഒരുക്കേണ്ടിവരും. എജ്യുക്കേഷനിൽ ഗവേഷണബിരുദവും പത്തുവർഷം അദ്ധ്യാപന പരിചയവുമുള്ള പ്രൊഫസറോ 8വർഷം പരിചയമുള്ള അസോ.പ്രൊഫസറോ ആയിരിക്കണം വകുപ്പ് മേധാവി.
പരമാവധി ഫീസ്
കേന്ദ്രം പറയും
പുതിയ രീതിയിലുള്ള ബി.എഡ് കോഴ്സുകളുടെ ഫീസ് എൻ.സി.ടി.ഇ പ്രസിദ്ധീകരിച്ച കരടുനയത്തിലില്ല. ഈടാക്കാവുന്ന പരമാവധി ഫീസ് എൻ.സി.ടി.ഇ നിശ്ചയിക്കും. ഫീസിലും സിലബസിലും സംസ്ഥാനങ്ങൾക്ക് ഇടപെടാനാവും. മൂന്നുതരം കോഴ്സിലും എൻട്രൻസ് പരീക്ഷയുണ്ടാവും.
നാലുവർഷ ബിരുദം:
18അദ്ധ്യാപക നിയമനം രണ്ടാഴ്ചയ്ക്കകം
തിരുവനന്തപുരം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിൽ നടത്തുന്ന നാലു വർഷ ബിരുദ കോഴ്സുകളിൽ 18അദ്ധ്യാപകരെ രണ്ടാഴ്ചയ്ക്കകം നിയമിക്കും. സർവകലാശാലാ പഠന വകുപ്പുകളിൽ നിന്നോ സർക്കാർ, എയ്ഡഡ് കോളേജുകളിൽ നിന്നോ വിരമിച്ച പ്രൊഫസർമാരെയോ അസോ.പ്രൊഫസർമാരെയോ നിയമിക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു. ഡിപ്പാർട്ട്മെന്റ് കൗൺസിൽ അദ്ധ്യാപകരുടെ പട്ടിക തയ്യാറാക്കി രജിസ്ട്രാർക്ക് കൈമാറും. സർവകലാശാലയാണ് പട്ടിക അംഗീകരിക്കേണ്ടത്. ഡി.വൈ.എഫ്.ഐ നേതാവ് ഷിജുഖാൻ അദ്ധ്യക്ഷനായ അഭിമുഖ സമിതി തയ്യാറാക്കിയ ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനുള്ള പട്ടിക ഹൈക്കോടതി റദ്ദാക്കിയതിനെത്തുടർന്നാണ് പ്രതിസന്ധിയുണ്ടായത്. വൈസ്ചാൻസലറോ സീനിയർ പ്രൊഫസറോ അഭിമുഖസമിതി അദ്ധ്യക്ഷനാവണമെന്നാണ് യു.ജി.സി ചട്ടം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |