
വെഞ്ഞാറമൂട് : എപ്പോഴും ബുള്ളറ്റിന്റെ പിന്നിൽ ചേട്ടനെ പിടിച്ചിരിക്കുന്ന പതിമൂന്ന് വയസുകാരൻ അനുജൻ, താലോലിച്ച് ഓമനിച്ച് വളർത്തിയ മുത്തശ്ശി, പ്രണയിനി ... പ്രിയപ്പെട്ടവരെ വരെ ക്രൂരമായി കൊല്ലാൻ പ്രതിയെ പ്രേരിപ്പിച്ചത് എന്തെന്ന ചോദ്യമാണ് ബന്ധുക്കൾക്കും, നാട്ടുകാർക്കും. വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന് കാരണം പ്രതിയുടെ പ്രണയത്തെ അടുത്ത ബന്ധുക്കൾ എതിർത്തതാകാം എന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പ്രതി അഫാൻ തന്റെ പ്രണയത്തെ കുറിച്ച് മറ്റു ബന്ധുക്കളെ അറിയിക്കാനും, ബന്ധുക്കളിൽ നിന്ന് അനുമതി വാങ്ങാനും രണ്ട് ദിവസം മുൻപ് പിതാവിന്റെ ഉമ്മ സൽമാബീവിയുടെയുടെ വീട്ടിലെത്തിയിരുന്നു. എന്നാൽ സൽമ ഉൾപ്പടെ അടുത്ത ബന്ധുക്കൾ എതിർത്തതാകാം പ്രതിയെ പ്രകോപിതനാക്കി ക്രൂര കൊലപാതകത്തിൽ എത്തിച്ചതെന്നാണ് നിഗമനം. പ്രതിയുടെ വീട്ടിൽ നിന്ന് 16 കിലോമീറ്റർ ദൂരമുണ്ട് സൽമയുടെ വീട്ടിേക്ക്. പ്രതി ഇരു ചക്ര വാഹനത്തിൽ ഇന്നലെ ഉച്ചയ്ക്ക് ഇവിടെ എത്തിയത് സമീപവാസികൾ കണ്ടവരുണ്ട്. സൽമ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.
സൽമാ ബീവിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ രണ്ടു പവനോളം വരുന്ന മാല പൊട്ടിച്ചെടുത്തു. ഇത് വെഞ്ഞാറമൂട്ടിലെ സ്വകാര്യ ബാങ്കിൽ പണയം വെച്ച് ചുറ്റികയും കത്തിയും വാങ്ങി. തുടർന്ന് പെൺ സുഹൃത്തിനെ ബൈക്കിൽ സ്വന്തം വീട്ടിൽ എത്തിച്ചു. അതിനുശേഷമാണ് ചുള്ളാളത്തുള്ള പിതൃ സഹോദരന്റെ വീട്ടിലെത്തിയത്. പിതൃ സഹോദരനെയും ഭാര്യയെയും കൊന്ന ശേഷം ധരിച്ചിരുന്ന ഷർട്ട് മാറ്റി. തുടർന്ന് ബൈക്കിൽ കരുതിയിരുന്ന ഷർട്ട് ധരിച്ച് വീട്ടിലെത്തി.
സ്കൂളിൽ നിന്ന് എത്തിയ അനുജൻ അഫ്സാനുമായി വെഞ്ഞാറമൂട്ടിലെത്തി കുഴിമന്തി കഴിച്ച ശേഷം തിരികെ വീട്ടിൽ എത്തിയാണ് അനുജനെയും, പെൺ സുഹൃത്തിനെയും കൊലപ്പെടുത്തിയത്. കൊലപ്പെടുത്താൻ ശ്രമിച്ച മാതാവ് ഷെമി ഗോകുലം മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിലാണ്. ഇവരുടെ എല്ലാം മരണം ഉറപ്പു വരുത്തിയ ശേഷമാണ് പ്രതി പൊലീസിൽ കീഴടങ്ങിയത്. നാട്ടിൽ പ്രൈവറ്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതി ഇടയ്ക്ക് വിദേശത്ത് പോയിരുന്നു. നാട്ടിൽ എത്തി മറ്റു ജോലികൾക്ക് ശ്രമിച്ചിരുന്ന ഇയാൾക്ക് സാമ്പത്തിക ബാധ്യത ഉള്ളതായി അറിയില്ലന്ന് ബന്ധുകൾ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |