കോഴിക്കോട് : 'കൊല്ലാനാണ് അവർ തീരുമാനിച്ചത്. എന്റെ കുഞ്ഞിന്റെ ജീവൻ ..." താമരശ്ശേരിയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ തലയ്ക്ക് പരിക്കേറ്റ് അതീവ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ള ചുങ്കം പാലോറക്കുന്നിൽ മുഹമ്മദ് ഷഹബാസിന്റെ (15) പിതാവ് ഇഖ്ബാൽ ഉള്ളുതകർന്ന് നിൽക്കുകയാണ്. തലയിൽ ആന്തരിക രക്തസ്രാവമുണ്ടായി ഷഹബാസ് ഐ.സി.യുവിലാണ്.
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് മൂന്നുദിവസം മാത്രം ബാക്കിയിരിക്കയാണ് പത്താം ക്ളാസുകാരൻ ഈ അവസ്ഥയിൽ കിടക്കുന്നത്. എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയാണ് മുഹമ്മദ് ഷഹബാസ്. സ്വകാര്യ ട്യൂഷൻ സെന്ററിലെ പരിപാടിയുമായി ബന്ധപ്പെട്ടായിരുന്നു എളേറ്റിൽ വട്ടോളി എം.ജെ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമായി അടി നടന്നത്.
'ഇന്നുവരെ ഒരു പ്രശ്‌നത്തിനും പോകാത്തവനാണ് എന്റെ കുട്ടി. വ്യാഴാഴ്ച വൈകിട്ട് ഉറ്റ സുഹൃത്താണ് അവനെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. തിരിച്ചെത്തിയ ശേഷം ആരോടും ഒന്നും പറയാതെ മുറിയിൽ കയറിക്കിടന്നു. അപ്പോഴുമറിഞ്ഞില്ല ഇത്രയ്ക്ക് വേദനയും സഹിച്ചാണ് അവനെത്തിയതെന്ന്. കൊല്ലാനായിരിക്കും അവർ ഉദ്ദേശിച്ചത്. ആ ട്യൂഷൻ ക്ലാസിലെ കുട്ടിയല്ല അവൻ. പിന്നെയെന്താണ് ഇത്രയും ക്രൂരത കാണിക്കാനുള്ള കാരണമെന്ന് അറിയില്ല- നിറകണ്ണുകളോടെ ഇഖ്ബാൽ പറഞ്ഞു.
വ്യാഴാഴ്ച രാത്രി ഛർദ്ദിയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിക്കുകയായിരുന്നു. സംഭവസ്ഥലത്ത് അന്വേഷിച്ചപ്പോൾ, മുതിർന്നവരും ചേർന്നാണ് കുട്ടിയെ മർദ്ദിച്ചതെന്ന് അറിഞ്ഞതായും പിതാവ് പറഞ്ഞു.
ഡാൻസിനിടെ കൂകി;
ചേരിതിരിഞ്ഞ് അടി
കഴിഞ്ഞ ഞായറാഴ്ച ട്യൂഷൻ സെന്ററിൽ പത്താം ക്ലാസുകാരുടെ സെന്റ് ഓഫ് നടന്നിരുന്നു. എളേറ്റിൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നപ്പോൾ താമരശ്ശേരി സ്‌കൂളിലെ വിദ്യാർത്ഥികൾ കൂവി വിളിച്ചതോടെയാണ് സംഘർഷമുണ്ടായത്. കുട്ടികൾ ഏറ്റുമുട്ടിയതോടെ അദ്ധ്യാപകർ ഇടപെട്ട് പരിപാടി നിറുത്തിച്ചു. വിദ്യാർത്ഥികളെ പറഞ്ഞുവിടുകയും ചെയ്തു. എന്നാൽ വ്യാഴാഴ്ച വൈകിട്ട് സംഘം ചേർന്ന് ബസ് സ്റ്റാൻഡ് പരിസരത്തെത്തിയ കുട്ടികൾ ചേരി തിരിഞ്ഞ് ആക്രമിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |